ഹൈദരാബാദ്: ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് മത്സരം ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നായിരുന്നു ഒരുക്കിയത്. രണ്ട് ടീമിന്റേയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനംകണ്ട മത്സരത്തില്‍ 44 റണ്‍സിന്റെ ജയം ഹൈദരാബാദാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റിന് 286 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റിന് 242 റണ്‍സാണ് നേടിയത്. രണ്ട് ടീമിന്റേയും ബാറ്റിങ് ആരാധകെ ആവേശം കൊള്ളിച്ചു.
എന്നാല്‍ രാജസ്ഥാന്റെ ബൗളര്‍മാരില്‍ ജോഫ്രാ ആര്‍ച്ചറുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇംഗ്ലണ്ട് സൂപ്പര്‍ പേസറെ ഇത്തവണത്തെ മെഗാ ലേലത്തിലൂടെയാണ് രാജസ്ഥാന്‍ ടീമിലേക്ക് തിരിച്ചെത്തിച്ചത്. 12.50 കോടിക്ക് രാജസ്ഥാന്‍ വാങ്ങിയ ആര്‍ച്ചര്‍ ഹൈദരാബാദിനെതിരേ നാല് ഓവറില്‍ 76 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടിയെടുക്കാനായില്ല. ആര്‍ച്ചറുടെ പ്രകടനം രാജസ്ഥാന്റെ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടാക്കുന്നതായിരുന്നു.
ആര്‍ച്ചറെ പലരും വിമര്‍ശിച്ച് രംഗത്തെത്തിയെങ്കിലും അധിക്ഷേപം നടത്തി ഹര്‍ഭജന്‍ സിങ് ഇപ്പോള്‍ എയറിലായിരിക്കുകയാണ്. ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ചാണ് ഹര്‍ഭജന്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പല കോണില്‍ നിന്നും ഹര്‍ഭജനെതിരേ വിമര്‍ശനം ഉയരുകയാണ്.
ജോഫ്രാ ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ചു
ഇംഗ്ലണ്ട് താരമായ ആര്‍ച്ചര്‍ കറുത്ത വര്‍ഗക്കാരന്‍ കൂടിയാണ്. ആര്‍ച്ചര്‍ പ്രതീക്ഷിച്ച പ്രകടനമല്ല രാജസ്ഥാനായി കാഴ്ചവെച്ചത് എന്നത് വസ്തുതയാണ്. ഈ സമയത്ത് കമന്ററി പറയവെ ഹര്‍ഭജന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വലിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. 'ലണ്ടനിലെ കറുത്ത ടാക്‌സികളുടെ മീറ്റര്‍ പോലെ ആര്‍ച്ചറുടെ മീറ്ററും വളരെ വേഗത്തില്‍ ഓടുകയാണ്' എന്നാണ് ഹര്‍ഭജന്‍ മത്സരത്തില്‍ കമന്ററി പറയുന്നതിനിടെ പറഞ്ഞത്.
ആര്‍ച്ചറെ കറുത്ത ടാക്‌സിയോട് ഉപമിച്ച് ഹര്‍ഭജന്‍ സംസാരിച്ചതാണ് വിവാദമായത്. ഇത് വംശീയമായ അധിക്ഷേപമാണെന്നാണ് പൊതുവേയുള്ള വിമര്‍ശനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹര്‍ഭജനെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. ഹര്‍ഭജന്‍ വര്‍ണ്ണ വെറിയനാണെന്നും ഇത് അറിയാതെ പറയുന്നതല്ലെന്നും മനസിലുള്ള വംശീയതയാണ് പുറത്തുവരുന്നതെന്നുമെല്ലാമാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. ഹര്‍ഭജനെപ്പോലൊരു സീനിയര്‍ താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു.
കളിക്കാരനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഹര്‍ഭജന്‍ ഇനി കമന്ററി പാനലില്‍ തുടരാന്‍ അര്‍ഹനല്ലെന്നും പുറത്താക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഹര്‍ഭജന്‍ സിങ് ആര്‍ച്ചറോട് മാപ്പ് പറയണമെന്നും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്നും മാതൃകാപരമായ ശിക്ഷ ഹര്‍ഭജന് നല്‍കണമെന്നുമാണ് പ്രതികരണങ്ങള്‍.

ഹര്‍ഭജന്‍ വംശീയാധിക്ഷേപം നടത്തുന്നത് ഇതാദ്യമല്ല
ഹര്‍ഭജന്‍ സിങ് വംശീയാധിക്ഷേപം നടത്തുന്നത് ഇതാദ്യമായല്ല. കളിക്കാരനായിരുന്നപ്പോഴും പല തവണ ഇത്തരത്തില്‍ ഹര്‍ഭജന്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ആന്‍ഡ്രൂ സൈമണ്‍സുമായുള്ള വിവാദമാണ്. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ ആന്‍ഡ്രൂ സൈമണ്‍സ് കറുത്ത വര്‍ഗക്കാരനാണ്. സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ചാണ് ഹര്‍ഭജന്‍ അധിക്ഷേപിച്ചത്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു.
മങ്കിഗേറ്റ് വിവാദം ഇപ്പോഴും ക്രിക്കറ്റിലെ വലിയ ചര്‍ച്ചാ വിഷയമാണ്. വായില്‍ തോന്നുന്ന വര്‍ഗീയ, വംശീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഹര്‍ഭജന് ശീലമാണ്. ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഹര്‍ഭജനെ വിലക്കണമെന്നാണ് ഭൂരിപക്ഷം പ്രതികരണങ്ങളിലും ആവശ്യപ്പെടുന്നത്. ഹര്‍ഭജന്‍ സിങ് മാന്യതയില്ലാത്തവനാണ്. സഹതാരങ്ങളെ ബഹുമാനിക്കാനും അറിയില്ല. നേരത്തെ ശ്രീശാന്തിന്റെ മുഖത്ത് അടിച്ച സംഭവങ്ങളും ആരാധകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്.
തനിക്കെതിരേ ആരും ഒന്നും ചെയ്യില്ലെന്ന അഹങ്കാരം ഹര്‍ഭജനുണ്ട്. ഇത് മാറാന്‍ കടുത്ത ശിക്ഷ നല്‍കണം. ഐസിസി, ബിസിസി ഐ പരിപാടികളില്‍ നിന്നെല്ലാം വിലക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ആര്‍ച്ചര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബിസിസി ഐ സ്വമേധയാ നടപടിയെടുക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.