Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മിന്നിച്ച് ഗില്ലും ബട്‌ലറും, കുതിപ്പ് തുടര്‍ന്ന് ജിടി; വീണ്ടും തോറ്റ് ഹൈദരാബാദ്

അഹമ്മാദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 51ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. 38 റണ്‍സിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 224 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന് 6 വിക്കറ്റിന് 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

ഗുജറാത്തിന് വെടിക്കെട്ട് തുടക്കം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഹൈദരാബാദ് പേസര്‍മാരെ ഗുജറാത്ത് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് തല്ലിപ്പറത്തി. മുഹമ്മദ് ഷമിയുടെ ഒരോവറില്‍ അഞ്ച് ബൗണ്ടറികളാണ് സായ് സുദര്‍ശന്‍ നേടിയത്. പാറ്റ് കമ്മിന്‍സിനേയും ഹര്‍ഷല്‍ പട്ടേലിനേയും ജയദേവ് ഉനദ്ഘട്ടിനേയും ഗുജറാത്ത് ഓപ്പണര്‍മാര്‍ തല്ലിപ്പറത്തി. 14ന് മുകളില്‍ റണ്‍റേറ്റിലാണ് ഗുജറാത്ത് ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്തത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 82 റണ്‍സാണ് ഗുജറാത്ത് നേടിയത്.

shubman gill

സ്‌കോര്‍ 87ല്‍ നില്‍ക്കവെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. സായ് സുദര്‍ശനെ സീഷന്‍ അന്‍സാരി വിക്കറ്റ് കീപ്പര്‍ ഹെന്‍ റിച്ച് ക്ലാസന്റെ കൈയിലെത്തിക്കുകയായിരുന്നു. സ്പിന്നറെ കട്ട് ഷോട്ടിന് ശ്രമിച്ചപ്പോള്‍ സായ് എഡ്ജാവുകയായിരുന്നു. 23 പന്തില്‍ ഒമ്പത് ഫോറടക്കം 48 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. ടി20യില്‍ വേഗത്തില്‍ 2000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി മാറിയ സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ്പും നേടിയാണ് കളം വിട്ടത്.

മൂന്നാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലും ജോസ് ബട്‌ലറും ചേര്‍ന്ന് മിന്നും പ്രകടനം തുടര്‍ന്നു. മൂന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചു. മികച്ച ഫോമില്‍ കളിച്ചിരുന്ന ശുബ്മാന്‍ ഗില്‍ റണ്ണൗട്ടായാണ് പുറത്തായത്. 38 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. 25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിര്‍ഭാഗ്യം വേട്ടയാടുകയായിരുന്നു.

മികവ് തുടര്‍ന്ന് ജോസ് ബട്‌ലര്‍

ഗുജറാത്തിനായി മൂന്നാം നമ്പറിലെത്തിയ ജോസ് ബട്‌ലര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. പതിയെ നിലയുറപ്പിച്ച ശേഷം കത്തിക്കയറിയ ബട്‌ലര്‍ ഡെത്തോവറില്‍ അതിവേഗം റണ്‍സുയര്‍ത്തി. 31 പന്തില്‍ ബട്‌ലര്‍ അര്‍ധ സെഞ്ച്വറി നേടി. വാഷിങ്ടണ്‍ സുന്ദര്‍ സ്‌ട്രൈക്ക് മാറി ബട്‌ലറിന് മികച്ച പിന്തുണ നല്‍കി. സീസണിലെ അഞ്ചാം ഫിഫ്റ്റിയാണ് ബട്‌ലര്‍ നേടിയത്. ഐപിഎല്ലില്‍ ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന നാലാമത്തെ താരമാകാനും ബട്‌ലര്‍ക്ക് സാധിച്ചു. 116 ഇന്നിങ്‌സില്‍ നിന്നാണ് ബട്‌ലറുടെ നേട്ടം.

37 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 64 റണ്‍സെടുത്ത ബട്‌ലറെ പാറ്റ് കമ്മിന്‍സ് പുറത്താക്കുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ 206ലേക്കെത്തിയിരുന്നു. 16 പന്തില്‍ 21 റണ്‍സെടുത്ത സുന്ദറിനെ ജയദേവ് ഉനദ്ഘട്ട് പുറത്താക്കി. 3 പന്തില്‍ 6 റണ്‍സെടുത്ത രാഹുല്‍ തെവാത്തിയയേയും ഉനദ്ഘട്ട് അവസാന ഓവറില്‍ പുറത്താക്കി. അവസാന പന്തില്‍ റാഷിദ് ഖാനേയും ഉനദ്ഘട്ട് പുറത്താക്കി. ഷാരൂഖ് ഖാന്‍ (6*) ക്രീസില്‍ തുടര്‍ന്നു. ഇതോടെ ആറ് വിക്കറ്റിന് 224 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഗുജറാത്തിന് സാധിച്ചു. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സും സീഷന്‍ അന്‍സാരിയും ഓരോ വിക്കറ്റും പങ്കിട്ടു.

shubman gill sai sudharsan

ഹൈദരാബാദിന് വീണ്ടും തോല്‍വി

225 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് ഒന്നാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിക്കാനായത്. 16 പന്തില്‍ നാല് ഫോറടക്കം 20 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. മൂന്നാമനായെത്തിയ ഇഷാന്‍ കിഷന് തിളങ്ങാനായില്ല. 17 പന്തില്‍ 13 റണ്‍സെടുത്ത ഇഷാനെ ജെറാള്‍ഡ് കോയിറ്റ്‌സെയാണ് മടക്കിയത്. അഭിഷേക് ശര്‍മ പൊരുതി നോക്കി. 41 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സെടുത്ത അഭിഷേകിനെ ഇഷാന്ത് ശര്‍മയാണ് പുറത്താക്കിയത്. ഹെന്‍ റിച്ച് ക്ലാസനെ (23) പ്രസിദ്ധ് പുറത്താക്കിയതോടെ ഹൈദരാബാദിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. മധ്യനിരക്കും അത്ഭുതം കാട്ടാനാവാതെ വന്നതോടെ ഹൈദരാബാദ് തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്.

പ്ലേയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുബ്മാന്‍ ഗില്‍ (c), ജോസ് ബട്‌ലര്‍, ഷാരൂഖ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മുഹമ്മദ് സിറാജ്, ജെറാള്‍ഡ് കോയിറ്റ്‌സെ, സായ് കിഷോര്‍, പ്രസിദ്ധ് കൃഷ്ണ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍, അനികേത് വര്‍മ, കമിന്‍ഡു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (c), ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്ഘട്ട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി

Story first published: Friday, May 2, 2025, 13:16 [IST]
Other articles published on May 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+