Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025 Eliminator: ഹിറ്റ്മാന്‍, മുംബൈ!! ജിടി ഔട്ട്, ഇനി പഞ്ചാബ്- മുംബൈ 'സെമി'

ചണ്ഡീഗഡ്: രോഹിത് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ട് കണ്ട ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ചീട്ട് കീറി മുന്നേറിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. റണ്‍മഴ കണ്ട പോരില്‍ 20 റണ്‍സിന്റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. ഭാഗ്യവും ഫീല്‍ഡിങില്‍ ജിടിയുടെ ചില പിഴവുകളും തുണച്ചപ്പോള്‍ 229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ജിടിക്കു മുന്നില്‍ വയ്ക്കാന്‍ മുംബൈയ്ക്കു സാധിച്ചു. മറുപടിയില്‍ ഉജ്ജ്വല ബൗൡലൂടെ ജിടിയെ വരിഞ്ഞുകെട്ടി. ആറു വിക്കറ്റിനു 208 റണ്‍സ് നേടാനേ ശുഭ്മന്‍ ഗില്ലിനും സംഘത്തിനുമായുള്ളൂ.

സായ് സുദര്‍ശന്‍ 80 റണ്‍സുമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ഇതു മതിയായിരുന്നില്ല. 49 ബോളില്‍ 10 ഫോറും ഒരു സിക്‌സറുമടക്കമാണ് സായ് ടീമിനായി കസറിയത്. 48 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ ശുഭ്മന്‍ ഗില്ലിനെ (1) തുടക്കത്തില്‍ നഷ്ടമായെങ്കിലും കളിയിലേക്കു ശക്തമായി തിരിച്ചുവരാന്‍ ജിടിക്കു കഴിഞ്ഞു.

രണ്ടാം വിക്കറ്റില്‍ സായ്-കുശാല്‍ മെന്‍ഡിസ് സഖ്യം 64 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ സായ്- വാഷിങ്ടണ്‍ സഖ്യം 84 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ജിടി വിജയം സ്വപ്‌നം കണ്ടിരുന്നു. എന്നാാല്‍ ടീം ടോട്ടല്‍ 151ല്‍ വാഷിങ്ടണിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി. പിന്നാലെ മുംബൈ പിടിമുറുക്കുകയും ചെയ്തു. ട്രെന്റ് ബോള്‍ട്ട് മുംബൈയ്ക്കായി രണ്ടു വിക്കറ്റുകള്‍ നേടി.

MI

ജയത്തോടെ ഞായറാഴ്ച നടക്കാനിരിക്കുന്ന രണ്ടാം കാളിഫയറിലേക്കു മുംബൈ യോഗ്യതയും നേടിയിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സാണ് അവിടെ അവരുടെ എതിരാളികള്‍. ഈ പോരാട്ടം ജയിക്കുന്നവരാണ് ചൊവ്വാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കലാശപ്പോരില്‍ കൊമ്പുകോര്‍ക്കുക.

പൊളിച്ചടുക്കി ഹിറ്റ്മാന്‍

രോഹിത് ശര്‍മയുടെ ഗംഭീര ഇന്നിങ്‌സാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റിങിനു കരുത്തായത്. ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ മുംബൈ വെറും അഞ്ചു വിക്കറ്റിനാണ് 228 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഭാഗ്യം കൂടി ഒപ്പം നിന്ന ഇന്നിങ്‌സില്‍ 81 റണ്‍സോടെയാണ് ഹിറ്റ്മാന്‍ ടീമിന്റെ അമരക്കാനായത്. 50 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

പവര്‍പ്ലേയില്‍ തന്നെ രണ്ടു തവണയാണ് പുറത്താവലില്‍ നിന്നും രോഹിത് രക്ഷപ്പെട്ടത്. ആദ്യം മൂന്നു റണ്‍സില്‍ വച്ചും പിന്നീട് 12 റണ്‍സിനുമാണ് ഹിറ്റമാന് ആയുസ് നീട്ടിക്കിട്ടിയത്. ആദ്യം ജെറാള്‍ഡ് കോട്‌സി ഒരു അനായാസ ക്യാച്ച് പാഴാക്കിയപ്പോള്‍ മറ്റൊന്ന് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും താഴെയിടുകയായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ രോഹിത് അതു ശരിക്കും മുതലാക്കി വലിയൊരു ഇന്നിങ്‌സാക്കി മാറ്റിയെടുക്കുകയും ചെയ്തു.

റയാന്‍ റിക്കെല്‍റ്റണിന്റെ പകരക്കാരനായി എത്തിയ ജോണി ബെയര്‍സ്‌റ്റോയാണ് ഈ മല്‍സരത്തില്‍ രോഹിത്തിനൊപ്പം ഓപ്പണിങില്‍ ഇറങ്ങിയത്. ആദ്യ കളിയില്‍ തന്നെ വലിയ ഇംപാക്ടുണ്ടാക്കാന്‍ ബെയര്‍സ്‌റ്റോയ്ക്കു സാധിക്കുകയും ചെയ്തു.

ROHIT SHARMA

ഓപ്പണിങ് വിക്കറ്റില്‍ 84 റണ്‍സാണ് ഈ ജോടി അടിച്ചെടുത്തത്. 46 ബോളിലായിരുന്നു ഇത്. ഫിഫ്റ്റിയിലേക്കു കുതിച്ച ബെയര്‍‌സ്റ്റോയെ 47ല്‍ പുറത്താക്കി സായ് കിഷോറാണ് ജിടിക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. 22 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറും ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

രണ്ടാം വിക്കറ്റില്‍ വീണ്ടും മികച്ചൊരു കൂട്ടുകെട്ട് കണ്ടു. രോഹിത്തും സൂര്യയും ചേര്‍ന്ന് 59 റണ്‍സ് നേടിയതോടെ മുംംബൈ 200 പ്ലസ് ഉറപ്പിത്തുക്കുകയായിരുന്നു. 33 റണ്‍സെടുത്ത സൂര്യയെ വീഴ്ത്തിയത് സായ് കിഷോര്‍ തന്നെ. ക്യാച്ചെടുത്തത് വാഷിങ്ടണ്‍ സുന്ദറായിരുന്നു. രോഹിത്തും തിലക് വര്‍മയും (25) എട്ടു റണ്‍സിനിടെ മടങ്ങിയെങ്കിലും ഹാര്‍ദിക്കിന്റെ തകര്‍പ്പന്‍ ഫിനിഷിങ് (9 ബോളില്‍ 22*) ടീമിനെ 228ലേക്കുയര്‍ത്തി. ജിടിക്കായി പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ടു വീതം വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളും മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. മുംബൈ മൂന്നു മാറ്റങ്ങള്‍ വരുത്തി. ജോണി ബെയര്‍സ്‌റ്റോ, റിച്ചാര്‍ഡ് ഗ്ലീസന്‍, രാജ് അംഗദ് ബാവ എന്നിവരാണ് മുംബൈ ടീമിലെത്തിയത്. മറുഭാഗത്തു ജിടിയില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. കുശാല്‍ മെന്‍ഡിസ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് പ്ലെയിങ് ഇലവനില്‍ ഇടം നേടിയത്.

പ്ലെയിങ് 11

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, രാജ് ബാവ, മിച്ചെല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റിച്ചാര്‍ഡ് ഗ്ലീസന്‍.

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡിസ്, ഷാരൂഖ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, ആര്‍ സായ് കിഷോര്‍, റാഷിദ് ഖാന്‍, ജെറാള്‍ഡ് കോട്‌സി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, May 30, 2025, 14:06 [IST]
Other articles published on May 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+