അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ ആദ്യ ഓവറില്‍ തന്നെ വന്‍ ദുരന്തമായ ഗുജറാത്ത് ടൈറ്റന്‍സ് സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന് ട്രോള്‍ മഴ. ഒരു സമയത്തു എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന റാഷിദ് ഇത്ര വലിയ തോല്‍വിയായി ഇപ്പോള്‍ മാറിയോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.
എല്‍എസ്ജി ഓപ്പണറും ഓസ്‌ട്രേലിയന്‍ താരവുമായ മിച്ചെല്‍ മാര്‍ഷാണ് റാഷിദിനെ നാണംകെടുത്തിയത്. മൂന്നു ഫോറും രണ്ടു സിക്‌സറും ഒരു സിംഗിളുമടക്കം 25 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി.
മുന്‍ സീസണുകളിലേതു പോലെ ഇത്തവണ ജിടിക്കായി ബൗളിങില്‍ റാഷിദിനു യാതൊരു ഇംപാക്ടുമുണ്ടാക്കാനായിട്ടില്ല. വിക്കറ്റുകളെടുക്കുന്നതില്‍ പരാജയമായി മാറിയെന്നു മാത്രമല്ല റണ്‍സും അദ്ദേഹ വാരിക്കോരി നല്‍കി. ഈ സീസണില്‍ ജിടിയുടെ 13 മല്‍സരങ്ങളിലും റാഷിദ് കളിച്ചു കഴിഞ്ഞു. 9.38 ഇക്കോണമി റേറ്റില്‍ നേടാനാത് എട്ടു വിക്കറ്റുകള്‍ മാത്രമാണ്.

നാണംകെട്ട് റാഷിദ്
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മികച്ച തുടക്കമാണ് ഓപ്പണിങ് ജോടികളായ മിച്ചെല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 91 റണ്‍സ് ഇരുവരും അടിച്ചെടുത്തു. 9.5 ബോളുകളിലാണിത്.
മാര്‍ക്രം (36) മടങ്ങിയ ശേഷം ക്രീസിലെത്തിയ നിക്കോളാസ് പൂരനോടൊപ്പം മാര്‍ഷ് വീണ്ടുമൊരു തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെയാണ് 12ാം ഓവറില്‍ റാഷിദ് ഖാനെ ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആദ്യമായി ബൗളിങില്‍ പരീക്ഷിച്ചത്. 11 ഓവര്‍ കഴിയുമ്പോള്‍ എല്‍എസ്ജി ഒരു വിക്കറ്റിനു 107 റണ്‍സെന്ന നിലയിലായിരുന്നു.
ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് മാര്‍ഷാണ്. സിക്‌സറാേടെയാണ് റാഷിദിനെ മാര്‍ഷ് വരവേറ്റത്. കൗ കോര്‍ണറിനു മുകളിലൂടെ ഗാലറിയിലേക്കു ബോള്‍ ചീറിപ്പായുകയായിരുന്നു. അടുത്തത് ഓഫ്‌സ്റ്റപിന് പുറത്തൊരു ഗൂഗ്ലിയായിരുന്നു. കവര്‍ ഏരിയയിലൂടെ ബോള്‍ ബൗണ്ടറിയിലേക്കു പാഞ്ഞു. മൂന്നാമത്തെ ബോളില്‍ മാര്‍ഷ് സിക്‌സര്‍ കണ്ടെത്തി. ഇത്തവണ ലോങ് ഓഫിനു മുകളൂടെയായിരുന്നു വെടിച്ചില്ല് കണക്കെയുള്ള ഷോട്ട്.
റാഷിദിന്റെ ആദ്യ മൂന്നു ബോളില്‍ 16 റണ്‍സ് അടിച്ചെടുത്തിട്ടും മാര്‍ഷിനു തൃപ്തിയായില്ല. സൂപ്പര്‍ സ്പിന്നറെ തുടര്‍ന്നും അദ്ദേഹം കടന്നാക്രമിച്ചു. നാലാത്തെ ബോള്‍ ഓഫ്സ്റ്റംപിനു പുറത്താണ് റാഷിദ് എറിഞ്ഞത്. ലോങ്ഓണിലൂടെ മറ്റൊരു അഗ്രസീവ് ഷോട്ടിലൂടെ മാര്‍ഷ് ബൗണ്ടറി പായിച്ചു. അഞ്ചാമത്തെ ബോള്‍ ഓഫ്സ്റ്റംപ് ഏരിയില്‍ തന്നെയാണ് വന്നത്. ഷോര്‍ട്ട്‌ബോളിലെ പുള്‍ ഷോട്ടിലൂടെ മിഡ് വിക്കറ്റ് ഏരിയയിലൂടെ അദ്ദേഹം ബൗണ്ടറി കണ്ടെത്തി.
പക്ഷെ അവസാന ബോളില്‍ റാഷിദിനെ മാര്‍ഷ് വെറുതെവിട്ടു. സിംഗിള്‍ മാത്രമെടുത്ത് അദ്ദേഹം ഓവര്‍ അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും അപ്പോഴേക്കും 25 റണ്‍സ് ഈ ഓവറില്‍ വന്നു കഴിഞ്ഞിരുന്നു. ഒരു വിക്കറ്റിനു 107 റണ്‍സെന്ന നിലയില്‍ ഓവര്‍ തുടങ്ങിയ എല്‍എസ്ജി ഓവര്‍ കഴിഞ്ഞപ്പോഴേക്കും 132 റണ്‍സിലേക്കും കുതിച്ചു.

റാഷിദിനു ട്രോള്‍
റാഷിദ് ഖാന് ഇതെന്തു പറ്റി? ടി20യില്‍ ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ സ്പിന്നറില്‍ നിന്നും അദ്ദേഹം ഇപ്പോള്‍ വെറുമൊു ശരാശരി ബൗളറായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു തകര്‍ച്ച റാഷിദിന്റെ കരിയറില്‍ സംഭവിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
ടി20യിലെ നമ്പര്‍ വണ്‍ സ്പിന്നര്‍ യഥാര്‍ഥത്തില്‍ റാഷിദ് ഖാനല്ല. അതു സുനില്‍ നരെയ്ന്‍ തന്നെയാണ്. എല്‍എസ്ജിക്കെതിരേ 25 റണ്‍സാണ് റാഷിദ് വാരിക്കോരി നല്‍കിയിരിക്കുന്നത്. നരെയ്‌ന് ഇത്രയും വലിയൊരു ദുരന്തം കരിയറില്‍ ഇതുവരയെുണ്ടായിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.