അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനാണ് ഗുജറാത്ത് മുട്ടുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റിന് 243 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് അഞ്ച് വിക്കറ്റിന് 232 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രേയസ് അയ്യര്‍ പുറത്താവാതെ 97 റണ്‍സുമായി മിന്നിച്ച മത്സരത്തില്‍ ഗുജറാത്ത് പൊരുതി തോല്‍ക്കുകയായിരുന്നു.
മത്സരത്തില്‍ ഗുജറാത്തിന്റെ നായകനെന്ന നിലയില്‍ ശുബ്മാന്‍ ഗില്ലിന് സംഭവിച്ച പിഴവുകള്‍ ടീമിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. ബൗളര്‍മാരെ ഉപയോഗിച്ചതിലും ഫീല്‍ഡിങ് വിന്യാസത്തിലുമെല്ലാം ഗില്ലിന് പിഴച്ചു. നായകനെന്ന നിലയില്‍ ഗില്ലില്‍ എല്ലാവരും വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും പല ഘട്ടത്തിലും നിലവാരം കാട്ടാന്‍ താരത്തിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഗുജറാത്തിന്റെ തോല്‍വിക്ക് പിന്നാലെ ശുബ്മാന്‍ ഗില്ലിന്റെ പല പിഴവുകളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗുജറാത്ത് പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ കാട്ടിയ മണ്ടത്തരം ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാത്ത ഗില്ലിന്റെ തീരുമാനമാണ് വിമര്‍ശനത്തിന് കാരണമാവുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പോലും ഇപ്പോള്‍ ഗില്ലിന്റെ തീരുമാനെത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്.
ഗില്ലിന്റെ തീരുമാനം അത്ഭുതപ്പെടുത്തുന്നത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വാഷിങ്ടണ്‍ സുന്ദര്‍. പവര്‍പ്ലേയിലടക്കം പന്തെറിഞ്ഞ് മികവ് കാട്ടാന്‍ സുന്ദറിന് കഴിവുണ്ട്. ബാറ്റുകൊണ്ടും മോശമല്ല. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്ന സുന്ദറിനെ ഇംപാക്ട് പ്ലയറായിപ്പോലും ഗുജറാത്ത് പരിഗണിച്ചില്ല. ഏത് പിച്ചിലും വിക്കറ്റ് നേടിയെടുക്കാന്‍ സാധിക്കുന്ന ബൗളിങ് ശൈലിയാണ് സുന്ദറിന്റേത്. എന്നാല്‍ ഗില്ലും പരിശീലകന്‍ ആശിഷ് നെഹ്‌റയും ആദ്യ മത്സരത്തില്‍ സുന്ദറിനെ കളിപ്പിച്ചില്ല.
ഗുജറാത്തിന്റെ തോല്‍വിക്ക് പിന്നാലെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഒരു ആരാധകന്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രതികരണം അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാത്തത് എന്ന ചോദ്യം ഉയര്‍ത്തിയാണ് ആരാധകന്‍ രംഗത്തെത്തിയത്. എക്‌സിലെ ഈ പ്രതികരണത്തിന് താഴെയാണ് ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ പിച്ചെയും സുന്ദറിന്റെ അഭാവത്തെ ചോദ്യം ചെയ്തത്. 'ഞാനും അത്ഭുതപ്പെട്ടു പോയി' എന്നാണ് സുന്ദര്‍ പിച്ചെ കമന്റായി പ്രതികരിച്ചത്.
ഇതോടെ ശുബ്മാന്‍ ഗില്ലിന്റെ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിച്ച താരത്തെ തഴഞ്ഞത് ഗില്ലിന്റെ തെറ്റായ തീരുമാനം ആണെന്നാണ് കൂടുതല്‍ പ്രതികരണങ്ങളെത്തിയത്. എന്തായാലും ഗൂഗിള്‍ സിഇഒയെപ്പോലെ അത്ഭുതപ്പെടുത്തുന്ന നീക്കമാണ് ഗുജറാത്ത് നടത്തിയതെന്ന് പറയാം. ഗുജറാത്ത് ജയിക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് പഞ്ചാബ് പൊരുതി ജയം നേടിയെടുക്കുകയായിരുന്നു.

ശശാങ്കും വിജയകുമാറും പഞ്ചാബിന്റെ വിജയ ശില്‍പ്പികള്‍
പഞ്ചാബ് കിങ്‌സ് നായകനായ ശ്രേയസ് അയ്യരിന്റെ പ്രകടനം ഗംഭീരമായിരുന്നു. പഞ്ചാബ് നായകനായുള്ള ആദ്യ മത്സരത്തില്‍ത്തന്നെ പുറത്താവാതെ 97 റണ്‍സ് നേടിയെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഒമ്പത് സിക്‌സുകള്‍ താരം പറത്തിയെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ഡെത്തോവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തിയ ശശാങ്ക് സിങ്ങാണ് പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 243ലേക്ക് എത്തിച്ചത്. ബൗളിങ്ങില്‍ ഇംപാക്ട് പ്ലയറായെത്തിയ വിജയകുമാര്‍ വൈശാഖാണ് ഗുജറാത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. തന്റെ ആദ്യത്തെ രണ്ടോവറില്‍ വെറും 10 റണ്‍സാണ് വിജയകുമാര്‍ വഴങ്ങിയത്.
ഇത് മത്സരത്തിന്റെ ഫലത്തെ മാറ്റിമറിച്ചു. കൃത്യ സമയത്ത് വിജയകുമാറിനെ ഇറക്കിയ പഞ്ചാബിന്റെ തന്ത്രം ഫലിക്കുകയായിരുന്നു. വൈഡ് യോര്‍ക്കറുകളിലൂടെ വിജയകുമാര്‍ ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചിരുന്നെങ്കില്‍ പഞ്ചാബിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുക്കാമായിരുന്നു എന്ന് പറയാനാവില്ല. എന്നാല്‍ ഭേദപ്പെട്ട ടേണ്‍ പിച്ചിലുണ്ടായിരുന്നു. സായ് കിഷോര്‍ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയ പിച്ചില്‍ വാഷിങ്ടണും മികവ് കാട്ടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഗുജറാത്ത് സുന്ദറിനെ വിശ്വസിച്ചില്ല.