ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളായ സഞ്ജു സാംസണിനെ സംബന്ധിച്ച് ഈ ഐപിഎല്ലില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടൂര്‍ണമെന്റുകളിലൊന്നായി മാറിക്കഴിഞ്ഞു. ബാറ്ററുടെ റോളുല്‍ മാത്രമല്ല, ക്യാപ്റ്റന്റെ കുപ്പായത്തിലും ഈ സീസണ്‍ അദ്ദേഹത്തിനു സന്തോഷിക്കാന്‍ വക നല്‍കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
രാജസ്ഥാന്‍ റോയല്‍സ് ടീം പ്ലേഓഫ് പോലും കാണാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞപ്പോള്‍ സഞ്ജുവാകട്ടെ പരിക്കേറ്റ് വിശ്രത്തിലുമാണ്. ഏഴു മല്‍സരങ്ങളില്‍ മാത്രമേ ഈ സീസണില്‍ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇനി ടീമിലേക്കു മടങ്ങിയെത്തുമോയെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.
റോയല്‍ ടീമിനോടൊപ്പം ഐപിഎല്ലിലെ ഈ പ്രകടനം ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജുവിന്റെ സ്ഥാനത്തേയും ബാധിച്ചേക്കും. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ചില താരങ്ങള്‍ അദ്ദേഹത്തിനു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തട്ടിയെടുക്കാന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

അഞ്ചു പേരെ സൂക്ഷിക്കണം
ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അഞ്ചു താരങ്ങളെയാണ് ഇന്ത്യന്‍ ടി20 ടീമിലെ ഓപ്പണിങ് സ്ഥാനത്തേക്കു സഞ്ജു സാംസണ്‍ എറ്റവുമധികം ഭയക്കേണ്ടത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ പലരും വരാനിരിക്കുന്ന പരമ്പരകളില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ നോട്ടപ്പുള്ളികളായ മാറുമെന്നതില്‍ സംശയമില്ല.
നിലവില്‍ ഗംഭീറിന്റെ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്ത ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍, ഇടംകൈയന്‍ ഓപ്പണര്‍ സായ് സുദര്‍ശന്‍, സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍, വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ, പുതുമുഖ താരം പ്രിയാന്‍ഷ് ആര്യ എന്നിവരാണ് സഞ്ജുവിന്റെ ഓപ്പണിങ് റോളിലേക്കു മല്‍സരരംഗത്തുള്ളത്. ടി20യിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാള്‍ യശസ്വി ജയ്‌സ്വാളായിരിക്കുമെന്നുറപ്പാണ്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയാവാനാണ് സഞ്ജുവടക്കം ആറു പേര്‍ പോരടിക്കുന്നത്.
നേരത്തേ ടി20യിലെ സ്ലോ ബാറ്റിങ് കാരണം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ഗില്‍. എന്നാല്‍ അവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ കാഴ്ചവയ്ക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 162.02 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 465 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
ജിടിയുടെ തന്നെ ഓപ്പണറായ സായിയും ഈ ടൂര്‍ണമെന്റില്‍ വന്‍ റണ്‍വേട്ടയാണ് നടത്തുന്നത്.ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. 10 മല്‍സരങ്ങളില്‍ നിന്നും 154.12 സ്‌ട്രൈക്ക് റേറ്റില്‍ സായ് അടിച്ചെടുത്തത് 504 റണ്‍സാണ്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്.
ഓപ്പണിങ് മുതല്‍ എവിടെയും ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള രാഹുലും ഈ ഐപിഎല്ലില്‍ മാരക ഫോമിലാണ്. ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായതിനു ശേഷം അദ്ദേഹം അവിശ്വസനീയ ഫോമിലാണ് ബാറ്റ് വീശുന്നത്.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 146.06 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന ഫിഫ്റ്റികളടക്കം 371 റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ദീര്‍ഘകാലമായി ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും അദ്ദേഹത്തെ തിരികെ വിളിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. വിക്കറ്റ് കീപ്പര്‍ കൂടിയാണെന്നതു രാഹുലിനു പ്ലസ് പോയിന്റായി മാറുകയും ചെയ്യുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി മികച്ച പ്രകടനമാണ് അഭിഷേക് നടത്തുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 180.45 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
പഞ്ചാബ് കിങ്‌സ് ഓപ്പണറായ പ്രിയാന്‍ഷ് വൈകാതെ തന്നെ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറ്റം കുറിച്ചേക്കും. കന്നി സീസണ്‍ കളിക്കുന്ന അദ്ദേഹം 10 മല്‍സരങ്ങളില്‍ നിന്നും 196.59 സ്‌ട്രൈക്ക് റേറ്റില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 346 റണ്‍സ് സ്വന്തം പേരില്‍ ചേര്‍ത്തുകഴിഞ്ഞു.