മുംബൈ: ഐപിഎല്ലിന്റെ മെഗാ താരലേലം നടക്കാനിരിക്കെ പരമാവധി ആറു താരങ്ങളെ വരെ ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ അനുമതി ലഭിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ക്രിക്ക്‌ബ്ലോഗറാണ് (Cricblogger) ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നാലു കളിക്കാരെ ഓരോ ഫ്രാഞ്ചൈസിക്കും നേരിട്ടു നിലനിര്‍ത്താന്‍ സാധിക്കും. കൂടാതെ ലേലത്തില്‍ നിന്നും ആര്‍ടിഎം (RTM) വഴി രണ്ടു താരങ്ങളെ തിരിച്ചുവാങ്ങാനും ഫ്രാഞ്ചൈസികള്‍ക്കു സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ തരത്തില്‍ ആറു കളിക്കാരെ പുതിയ സീസണില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു സാധിച്ചാല്‍ അതു പല വമ്പന്‍ ടീമുകള്‍ക്കും ഗുണം ചെയ്യും. കാരണം തങ്ങളുടെ പ്രധാന താരങ്ങളുള്‍പ്പെട്ട കോര്‍ ഗ്രൂപ്പിനെ അടുത്ത തവണയും ഒപ്പം നിര്‍ത്താന്‍ ഇതു ഫ്രാഞ്ചൈസികളെ സഹായിക്കും. ഇതു ഈ ടീമുകള്‍ക്കു ശക്തമായ അടിത്തറ നല്‍കുന്നതിനൊപ്പം അടുത്ത സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

ഗുണം ചെയ്യുക ആര്‍ക്കെല്ലാം?
കളിക്കാരെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പുറത്തുവരുന്ന സൂചനകളനുസരിച്ച് ആറു പേരെ അനുവദിച്ചാല്‍ അതിനെ ഭൂരിഭാഗം ടീമുകളും സ്വാഗതം ചെയ്യും. കാരണം മുന്‍നിര ടീമുകളുടെ ആവശ്യവും അതു തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ബിസിസിഐയും ഇനി പച്ചക്കൊടി കാണിച്ചാല്‍ കാര്യങ്ങള്‍ ഫ്രാഞ്ചൈസികളുടെ കണക്കുകൂട്ടലുകള്‍ പോലെ തന്നെ സംഭവിക്കുകയും ചെയ്യും. വളരെ ശക്തമായ ടീം കോമ്പിനേഷനുകളുള്ള ഫ്രാഞ്ചൈസികള്‍ക്കു ബിസിസിഐയുടെ ഈ തീരുമാനം നേട്ടമാവും.
പവര്‍ഹൗസുകളായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെല്ലാം തങ്ങളുടെ സംഘത്തിലെ ഭൂരിഭാഗം പേരെയും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം കഴിഞ്ഞ തവണ വരെ നന്നായി മുന്നോട്ടു പോയ ടീം കോമ്പിനേഷന്‍ തകരാന്‍ ഈ ടീമുകളൊന്നും ആഗ്രഹിക്കില്ല.
ഈ ടീമുകള്‍ക്കു മാത്രമല്ല ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കും ബിസിസിഐയുടെ തീരുമാനം നേട്ടമാവും. കാരണം ഭാവി പ്രതീക്ഷകളായ അണ്‍ക്യാപ്ഡ് യുവതാരങ്ങളെ നിലനിര്‍ത്താന്‍ ഇതിലൂടെ ടീമുകള്‍ക്കു കഴിയും. ഒപ്പം മുതിര്‍ന്ന ചില കളിക്കാരെയും നഷ്ടപ്പെടാതെ നോക്കാനും ഫ്രാഞ്ചൈസികളെ ഇതു സഹായിക്കും. പ്രധാനപ്പെട്ടവരെ ഒപ്പം കൂട്ടി അവരെ കേന്ദ്രീകരിച്ച് പുതിയ ടീമിനെ അടുത്ത സീസണില്‍ വാര്‍ത്തെടുക്കുക ടീമുകള്‍ക്കു എളുപ്പമായിരിക്കും.

രണ്ടു ടീമുകള്‍ ഹാപ്പിയല്ല
ആറു താരങ്ങളെ നിലനിര്‍ത്താന്‍ അനുവാദം നല്‍കുന്ന ബിസിസിഐയുടെ റീട്ടെന്‍ഷന്‍ പോളിസിക്കെതിരേ രണ്ടു ടീമുകള്‍ അതൃപ്തരാണെന്നാണ് വിവരം. പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് ഈ രണ്ടു ഫ്രാഞ്ചൈസികള്‍. മെഗാ ലേലത്തില്‍ വലിയ രീതിയിലുള്ള അഴിച്ചുപണി ലക്ഷ്യമിട്ടുന്നവരാണ് ഈ ടീമുകള്‍. എന്നാല്‍ മറ്റു ഫ്രാഞ്ചൈസികള്‍ ആറു കളിക്കാരെ വീതം നിലനിര്‍ത്തിയാല്‍ പഞ്ചാബിനും ഡിസിക്കും ലേലത്തില്‍ പലരെയും ടീമിലെത്തിക്കാന്‍ സാധിക്കില്ല.
അങ്ങനെ വന്നാല്‍ ലേലത്തില്‍ ബാക്കിയുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയുള്ള ഒരു ടീം കോമ്പിനേഷനെക്കുറിച്ചും അവര്‍ക്കു ആലോചിക്കേണ്ടതായി വരും. നിലവില്‍ ഈ രണ്ടു ഫ്രാഞ്ചൈസികളും ബാക്കിയുള്ള ടീമുകളെ ചില വമ്പന്‍ താരങ്ങളെ നോട്ടമിട്ടു വച്ചിട്ടുണ്ട്. അവരെ റാഞ്ചാനുള്ള ഈ ഫ്രാഞ്ചൈസികളുടെ സ്വപ്‌നം കൂടിയാണ് ഇപ്പോള്‍ പൊലിയാന്‍ പോവുന്നത്.