Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ടീം ഇന്ത്യയില്‍ സഞ്ജു സ്ഥാനമുറപ്പിച്ചോ? റോയല്‍സിലെ ആ മാറ്റം ഗുണമായി! കെഎന്‍ രാഘവന്‍

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സഞ്ജു സാംസണിന്റെ സാധ്യതകളെക്കുറിച്ചും ദേശീയ ടീമില്‍ സമീപകാലത്തെ പ്രകടനത്തെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ അംപയറും മലയാളിയുമായ കെഎന്‍ രാഘവന്‍. അടുത്ത സീസണില്‍ തീര്‍ച്ചയായും കിരീടം നേടാന്‍ സാധിക്കുന്ന ടീമുകളിലൊന്നാണ് റോയല്‍സെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വണ്‍ഇന്ത്യ മലയാളത്തിനു (OneIndia Malayalam) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഘവന്‍.

റോല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ അഞ്ചാമത്തെ സീസണാണ് അടുത്ത വര്‍ഷത്തേത്. 2021 മുതല്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍. 2022ലെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചുവെന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ തവണ റോയല്‍സ് പ്ലേഓഫില്‍ തോറ്റ് പുറത്താവുകയായിരുന്നു.

KN RAGHAVAN

സഞ്ജുവിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനമേറ്റെടുത്തതു മുതല്‍ സഞ്ജു സാംസണിന്റെ കരിയര്‍ വേറെ ലെവലിലേക്കു മാറിയിട്ടുണ്ടെന്നാണ് കെഎന്‍ രാഘവന്റെ അഭിപ്രായം. സഞ്ജു എല്ലായ്‌പ്പോഴും നന്നായിട്ട് പെര്‍ഫോം ചെയ്യുന്ന പ്ലെയറാണ്.

എന്നാല്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷം അതു വേറെ ലെവലിലേക്കു എത്തുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇപ്പോള്‍ തന്റെ സ്ഥാനവും ഉറപ്പിച്ചിരിക്കുകയാണ്. ദേശീയ ടീമില്‍ അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ കിട്ടുന്നില്ലെന്നും, ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും നമുക്ക് നേരത്തേ ആശങ്കയുണ്ടായിരുന്നുവെന്നും രാഘവന്‍ പറയുന്നു.

റോയല്‍സിലെ മാറ്റം

രാജസ്ഥാന്‍ റോയല്‍സില്‍ വണ്‍ഡൗണായി ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതിനു ശേഷമാണ് സഞ്ജു സാംസണിന്റെ കരിയറില്‍ വലിയ മാറ്റം സംഭവിച്ചതെന്നാണ് കെഎന്‍ രാഘവന്റെ നിരീക്ഷണം. സഞ്ജു നേരത്തേ മധ്യ ഓവറുകളിലാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. റോയല്‍സിനു വേണ്ടിയാണ് അദ്ദേഹം വണ്‍ഡൗണായി കളിക്കാന്‍ ആരംഭിച്ചത്.

മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ടി20യില്‍ ഒരു താരത്തിനു വേണ്ടത്ര അവസരങ്ങള്‍ കിട്ടില്ല. കാരണം ടി20യില്‍ 10 ഓവറുകള്‍ക്കു ശേഷം ഒരാള്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ആകെ 10 ഓവറുകള്‍ മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ. അതുകൊണ്ടു തന്നെ ഒരു മധ്യനിര ബാറ്റര്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദത്തിലായിരിക്കുകയും ചെയ്യും.

യഥാര്‍ഥത്തില്‍ സഞ്ജുവും ടീമിനു വേണ്ടി തന്നെ കളിക്കുകയായിരിക്കും. പക്ഷെ സ്‌കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ നേടിയത് 10 താഴെ റണ്‍സാണെങ്കില്‍ അതു നമ്മളെ നിരാശപ്പെടുത്തുക തന്നെ ചെയ്യും. സഞ്ജുവിനു തന്റെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാന്‍ ഈ മല്‍സരത്തില്‍ സാധിച്ചിട്ടില്ലെന്ന ചിന്ത മാത്രമേ അപ്പോള്‍ വരികയുള്ളൂവെന്നും രാഘവന്‍ വിലയിരുത്തി.

SANJU SAMSON

ബാറ്റിങ് റോളിലെ മാറ്റം

ടി20യില്‍ ഓപ്പണറായോ, വണ്‍ഡൗണായോ ബാറ്റ് ചെയ്യുമ്പോള്‍ ഏതൊരു ബാറ്റര്‍ക്കും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ സമയം ലഭിക്കുന്നതായി കെഎന്‍ രാഘവന്‍ ചൂണ്ടിക്കാട്ടി. സഞ്ജു സാംസണ്‍ തീര്‍ച്ചയായും ടീമിനു വേണ്ടി കളിക്കുന്ന താരം തന്നെയാണ്. ആദ്യത്തെ കുറച്ചു ബോള്‍ പ്രതിരോധിച്ചു കളിച്ചതിനു ശേഷം പിന്നീട് ആക്രമണോത്സുക ശൈലി സ്വീകരിച്ചു കൂടെയെന്നു സുനില്‍ ഗവാസ്‌കറുള്‍പ്പെടെയുള്ളവര്‍ സഞ്ജുവിനെ ഉപദേശിച്ചിട്ടുണ്ട്. പക്ഷെ ടീമിനു വേണ്ടിയാണ് താന്‍ കളിക്കുന്നതെന്നും ആദ്യ ബോളില്‍ തന്നെ സിക്‌സറടിക്കേണ്ടി വന്നാല്‍ അതു ചെയ്യുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഈയൊരു സമീപനം കാരണം സഞ്ജുവിനു കരിയറില്‍ തിരിച്ചടികളുണ്ടാവുമോയെന്നു നമ്മളെല്ലാം സംശയിക്കുകയും ചെയ്തിരുന്നു. പക്ഷെ അടുത്തിടെ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ അദ്ദേഹം ഉജ്ജ്വല പെര്‍ഫോമന്‍സാണ് കാഴ്ചവച്ചത്. അതിന്റെ ആത്മവിശ്വാസത്തോടെയായിരിക്കും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ സഞ്ജു കളിക്കാനിറങ്ങുക.

ഐപിഎല്ലില്‍ കിരീടം നേടിയ ഒരു ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിനു ഇതുവരെ സാധിച്ചിട്ടില്ലെന്നു കാണാം. എന്നാല്‍ ഇത്തവണ അദ്ദേഹത്തിനു ഇതിനു കഴിയട്ടെയന്നു നമുക്കു പ്രത്യാശിക്കാം. ഒരു മലയാളി ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാവുകയെന്നത് ഒരു കാലത്തു നമുക്കു ആലോചിക്കാന്‍ പോലും സാധിക്കാത്ത കാര്യമായിരുന്നു.

ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാവുന്നതിനു മുമ്പ് തന്നെ സഞ്ജുവിനു റോയല്‍സിന്റെ നായകസ്ഥാനം ലഭിച്ചിരുന്നു. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോവാനുള്ള അദ്ദേഹത്തിന്റെ കഴിവ് കാരണമാണ് ഈ റോള്‍ കിട്ടിയത്. ഒരുപാട് അന്താരാഷ്ട്ര താരങ്ങളുള്‍പ്പെടുന്ന ടീമിനെ വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുന്നത് സഞ്ജുവിന്റെ മിടുക്ക് തന്നെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം കിരീടം അര്‍ഹിക്കുകയും ചെയ്യുന്നതായി രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 2, 2024, 13:59 [IST]
Other articles published on Dec 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+