ടീം ഇന്ത്യയിലെ അടുത്ത വെടിക്കെട്ട് ബാറ്റര്‍മാരിലൊരാളായി മാറിയേക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവതാരം സമീര്‍ റിസ്വി വെടിക്കെട്ട് ഇന്നിങ്‌സോടെ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫി മല്‍സരത്തിലാണ് ഉത്തര്‍ പ്രദേശ് താരം കൂടിയായ അദ്ദേഹം തീപ്പൊരി ഡബിള്‍ സെഞ്ച്വറിയോടെ ചരിത്രം കുറിച്ചത്. ലിസ്റ്റ് എയുടെ ചരിത്രത്തിലെ എക്കാലത്തയും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയും റിസ്വി സ്വന്തം പേരില്‍ കുറിക്കുകയായിരുന്നു.
റിസ്വിയുടെ അവിശ്വസനീയ ബാറ്റിങ് പ്രകടനം കാരണം ശരിക്കും ഞെട്ടിയത് അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എന്നാല്‍ കോളടിച്ചതാവട്ടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനുമാണ്. കാരണം വരാനിരിക്കുന്ന സീസണില്‍ ഡിസിക്കു വേണ്ടിയാണ് റിസ്വി കളിക്കാനൊരുങ്ങുന്നത്.

റിസ്വി ഷോ
ത്രിപുരയുമായുള്ള അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫി മല്‍സരത്തിലായിരുന്നു ഉത്തര്‍ പ്രദേശ് ക്യാപ്റ്റനായ സമീര്‍ റിസ്വിയുടെ വണ്‍മാന്‍ ഷോ. 50 മല്‍സരത്തില്‍ താരം ത്രിപുര ബൗളിങ് നിരയെ പഞ്ഞിക്കിടുകയായിരുന്നു. വെറും 97 ബോളില്‍ പുറത്താവാതെ 201 റണ്‍സാണ് റിസ്വി വാരിക്കൂട്ടിയത്. 20 സിക്‌സറുകളും 13 ഫോറുകളുമടക്കമായിരുന്നു ഇത്.
കളിയില്‍ 23ാമത്തെ ഓവറിലാണ് റിസ്വി ബാറ്റ് ചെയ്യാനെത്തിയത്. തുടക്കം മുതല്‍ അഗ്രസീവായി ബാറ്റ് ചെയ്ത അദ്ദേഹം ത്രിപുര ബൗളര്‍മാരെ പിന്നീട് നിലനിര്‍ത്തിയതുമില്ല. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി യുപിയുടെ അമരക്കാരനായി റിസ്വി മാറുകയായിരുന്നു.
അദ്ദേഹത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത യുപി 405 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു. അണ്ടര്‍ 23 വിഭാഗം സ്റ്റേറ്റ് ട്രോഫിയുടെ ചരിത്രത്തിലെ എക്കാലക്കെയും വേഗതയേറിയ ഡബിള്‍ സെഞ്ച്വറി കൂടിയാണ് റിസ്വി ഈ കളിയില്‍ സ്വന്തം പേരിലാക്കിയത്.
എന്നാല്‍ ഇതു ലോക റെക്കോര്‍ഡായി പരിഗണിക്കില്ല. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് ന്യൂസിലാന്‍ഡ് താരമായ ചാഡ് ബൗസിന്റെ പേരിലാണ്. ഫോര്‍ഡ് ട്രോഫിയിലാണ് 103 ബോളില്‍ ഡബിളുമായി താരം റെക്കോര്‍ഡിട്ടത്.
മിന്നുന്ന ഫോമില്‍
ഉത്തര്‍ പ്രദേശിനായി ഈ ടൂര്‍ണമെന്റില്‍ ഉജ്ജ്വല ഫോമിലാണ് സമീര്‍ റിസ്വി കളിച്ചു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലാണ് താരം മൂന്നക്ക സ്‌കോര്‍ അടിച്ചെടുത്തിട്ടുള്ളത്.
നേരത്തേ ഹിമാചല്‍ പ്രദേശുമായുള്ള കളിയില്‍ 114 ബോളില്‍ 153 റണ്‍സ് റിസ്വി സ്‌കോര്‍ ചെയ്തിരുന്നു. അതിനു മുമ്പുള്ള മല്‍സരത്തില്‍ പോണ്ടിച്ചേരിക്കെതിരേയും താരം സെഞ്ച്വറി കണ്ടെത്തി. 69 ബോളില്‍ 137 റണ്‍സാണ് റിസ്വി ഈ കളിയില്‍ കുറിച്ചത്.

സിഎസ്‌കെയുടെ മണ്ടത്തരം?
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു സമീര്‍ റിസ്വി. പക്ഷെ സീസണിനു ശേഷം താരത്തെ അവര്‍ കൈവിടുകയായിരുന്നു. കഴിഞ്ഞ മെഗാ ലേലത്തില്‍ റിസ്വിയെ തിരികെ വാങ്ങാന്‍ അവസരമുണ്ടായിട്ടും സിഎസ്‌കെ ഇതിനു തയ്യാറായില്ല.
ഇതോടെ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് 95 ലക്ഷം രൂപയ്ക്കു അദ്ദേഹത്തെ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ താരത്തിന്റെ മിന്നുന്ന പ്രകടനം ഡിസിയെ വലിയ ആവേശത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഇതേ ഫോം തുടര്‍ന്നാല്‍ അടുത്ത ഐപിഎല്ലില്‍ ഡിസിയുടെ പ്ലെയിങ് ഇലവനില്‍ റിസ്വിക്കു ഉറപ്പായും സ്ഥാനം പ്രതീക്ഷിക്കാം.
ഓള്‍റൗണ്ടര്‍ കൂടിയായ താരം കഴിഞ്ഞ സീസണില്‍ സിഎസ്‌കെയിലൂടെയാണ് ഐപിഎല്ലില്‍ അരങ്ങേറിയത്. എട്ടു മല്‍സരങ്ങളില്‍ കളിച്ച റിസ്വി 118.60 സ്‌ട്രൈക്ക് റേറ്റില്‍ 51 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ പക്ഷെ ബൗള്‍ ചെയ്യാന്‍ 21 കാരനായ താരത്തിനു അവസരം ലഭിച്ചില്ല.