ചണ്ഡീഗഡ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്‍ ത്രില്ലറില്‍ പഞ്ചാബ് കിങ്‌സിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്കു നയിച്ച ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തുകയാണ് ക്രികറ്റ് ഫാന്‍സ്. ടൂര്‍ണമെന്റ്ിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടലായ 111 റണ്‍സ് പ്രതിരോധിച്ചു ജയിക്കാന്‍ പഞ്ചാബിനെ സഹായിച്ചത് ശ്രേയസിന്റെ മാരക ക്യാപ്റ്റന്‍സിയാണന്നു നിസംശയം പറയാം. 15.1 ഓവറില്‍ വെറും 95 റണ്‍സിനാണ് നിലവിലെ ചാംപ്യന്മാരെ പഞ്ചാബ് എറിഞ്ഞിട്ടത്.
സോഷ്യല്‍ മീഡിയയില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിനെ മിടുക്കിനെ ആരാധകര്‍ പ്രശംസ കൊണ്ടു മൂടുകയാണ്. ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിക്കണമെന്നും എങ്കില്‍ അടുത്ത രണ്ടു ലോകകപ്പുകളിലും കിരീടമുറപ്പാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രേയസിനെ ഇന്ത്യന്‍ ക്യാപ്റ്റനാക്കൂ
ഇന്ത്യന്‍ ടീമിനെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നയിക്കാന്‍ നിലവില്‍ ഏറ്റവും അര്‍ഹതയുള്ളയാള്‍ ശ്രേയസ് അയ്യരാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ശ്രേയസ് അയ്യര്‍ എത്ര തന്ത്രശാലിയായ ക്യാപ്റ്റനാണ്. വെറും 111 റണ്‍സ് അദ്ദേഹം പ്രതിരോധിച്ചുവെന്നതു അവിശ്വസനീയമാണ്, ജസ്പ്രീത് ബുംറയോ, ട്രെന്റ് ബോള്‍ട്ടോയില്ല, ഡഗൗട്ടില്‍ ക്യാപ്റ്റന്‍സിയില്‍ സഹായിക്കാനും ആരുമില്ല. വെറും ഗെയിമിനെക്കുറിച്ചുള്ള ബുദ്ധി കൊണ്ടു മാത്രമാണ് ശ്രേയസ് ഈ വിജയം നേടിയെടുത്തത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 200 പ്ലസ് റണ്‍സുണ്ടായിട്ടും ടീമിനെ ജയിപ്പിക്കാന്‍ ഐഡിയകളില്ലാതെ വലഞ്ഞത് കണ്ടതാണ്. രോഹിത് ശര്‍മയാണ് അദ്ദേഹത്തെ സഹായിച്ചത്. പക്ഷെ ശ്രേയസ് ഇതൊന്നുമില്ലാതെയാണ് ടീമിനെ ജയിപ്പിച്ചതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
രോഹിത് ശര്‍മയ്ക്കല്ലാതെ മറ്റൊരു ക്യാപ്റ്റനും ഇത്രയും ചെറിയൊരു ടോട്ടല്‍ പ്രതിരോധിച്ചു ജയിക്കാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ ശ്രേയസ് അയ്യര്‍ അതു സാധിച്ചെടുത്ത് രോഹിത്തിന്റെ യഥാര്‍ഥ പിന്‍ഗാമി താനാണെന്നു തെളിയിച്ചിരിക്കുകയാണ്. അടുത്ത രണ്ടു ലോകകപ്പുകളിലും അദ്ദേഹത്തെ ഇന്ത്യന്‍ ക്യാപ്റ്റനാക്കൂ. എങ്കില്‍ കിരീടമുറപ്പാണെന്നും ആരാധകര്‍ കുറിക്കുന്നു.
രോഹിത് ശര്‍മ പോവുമ്പോള്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ നായകസ്ഥാനം ശ്രേയസ് അയ്യരേക്കാള്‍ അര്‍ഹിക്കുന്ന മറ്റൊരാളില്ല. വീണ്ടും വീണ്ടും സ്വന്തം ടീമിനെ അദ്ദേഹം കൂടുതല്‍ ഉയരങ്ങളിലേക്കു നയിച്ചു കൊണ്ടിരിക്കുകയാണ്. ബാറ്റിങിലും ശ്രേയസ് ഇപ്പോള്‍ മുമ്പത്തേതിനേക്കാള്‍ ഏറെ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. കളിയുടെ ഏതു ഘട്ടത്തിലും വളരെയധികം ആത്മവിശ്വാസം പുലര്‍ത്തുന്ന നായകനായാണ് അദ്ദേഹം കാണപ്പെടുന്നതെന്നും ആരാധകര്‍ പുകഴ്ത്തി.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കഴിഞ്ഞ ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ ചാംപ്യന്‍മാരാക്കിയപ്പോള്‍ എല്ലാവരും ക്രെഡിറ്റ് നല്‍കിയത് ടീം ഉപദേശകനായ ഗൗതം ഗംഭീറിനായിരുന്നു. ശ്രേയസിന്റെ ക്യാപ്റ്റന്‍സി മികവിനു അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല. എന്നാല്‍ ഗംഭീറല്ല, താനായിരുന്നു യഥാര്‍ഥത്തില്‍ കെകെആറിനെ ചാംപ്യന്‍മാരാക്കിയതെന്നു പഞ്ചാബ് കിങ്‌സിനൊപ്പം അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചാംപ്യന്‍മാരായപ്പോള്‍ എല്ലാവരും കരുതിയത് അതു ഗൗതം ഗംഭീര്‍ കാരണമാണ് എന്നായിരുന്നു. പക്ഷെ ഇതു തെറ്റായിരുന്നുവെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ശ്രേയസ് അയ്യര്‍ നായകസ്ഥാനത്തു ഇല്ലായിരുന്നെങ്കില്‍ കെകെആറിനു അതു സാധിക്കില്ലായിരുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കെകെആറിനെതിരേയുള്ള പഞ്ചാബിന്റെ അവിശ്വസനീയ ജയമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

അവിശ്വസനീയം പഞ്ചാബ്
ഹോംഗ്രൗണ്ടില്‍ ടോസിനു ശേഷം ആദ്യം ബാറ്റിങിനു ഇറങ്ങിയ പഞ്ചാബ് കിങ്‌സ് വെറും 15.3 ഓവറില്‍ 111 റണ്‍സിനു കൂടാരം കയറിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അനായാസം ജയിച്ചുകയറുമെന്നാണ് കരുതപ്പെട്ടിരുന്നത്. പ്രഭ്‌സിമ്രന്‍ സിങ് (30), പ്രിയാന്‍ഷ് ആര്യ (22) എന്നിവരൊന്നും പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നില്ല.
എന്നാല്‍ മറുപടിയില്‍ അവരും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കെകെആറും ചീട്ടുകൊട്ടാരം കണക്കം തരിപ്പണമായി. 15.1 ഓവറില്‍ വെറും 95നാണ് അവര്‍ ഓള്‍ഔട്ടായത്. നാലോവറില്‍ 28 റണ്‍സിനു നാലു പേരെ പുറത്താക്കിയ യുസ്വേന്ദ്ര ചഹലാണ് കെകെആറിന്റെ അന്തകനായത്.