ഐപിഎല്ലിന്റെ 18ാം സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ സ്വപ്‌നതുല്യമായ പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരെ ക്രിക്കറ്റ് പ്രേമികള്‍ വാനോളം പുകഴ്ത്തുകയാണ്. സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് പഞ്ചാബ് കഴിഞ്ഞ ദിവസം കൊയ്തത്. റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ശ്രേയസും സംഘവും അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.
എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പഞ്ചാബ് ടീം സ്വന്തമാക്കിയത്. ലഖ്‌നൗ നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യം അവര്‍ക്കു കളിയുടെ ഒരു ഘട്ടത്തിലും ഭീഷണിയായില്ല. വെറും 16.2 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ പഞ്ചാബ് വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. ടീമിന്റെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രേയസിനെ ക്രിക്കറ്റ് പ്രേമികള്‍ പ്രശംസ കൊണ്ടു മൂടുന്നത്.

ഇന്ത്യന്‍ നായകനാക്കൂ
ഐപിഎല്ലിലൂടെ തന്റെ ക്യാപ്റ്റന്‍സി മിടുക്ക് ഒരിക്കല്‍ക്കൂടി അടിവരയിട്ടു തെളിയിച്ചിരിക്കുന്ന ശ്രേയസ് അയ്യരെ ഇന്ത്യയുടെ അടുത്ത സ്ഥിരം ക്യാപ്റ്റനാക്കൂയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തന്നെയാവണം. ഇതിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ നായകസ്ഥാനത്തേക്കു ടീമിനു ഇനി ലഭിക്കാനില്ല. രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയെ ഐസിസി ട്രോഫികളിലേക്കു നയിക്കാന്‍ സാധിക്കുന്നയാള്‍ ശ്രേയസാണെന്നും ആരാധകര്‍ കുറിക്കുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചാംപ്യന്‍മാരാക്കിയെങ്കിലും അതിന്റെ ക്രെഡിറ്റ് ഗൗതം ഗംഭീര്‍ കൊണ്ടുപോയി. എന്നാല്‍ ഇപ്പോള്‍ നോക്കൂ, പഞ്ചാബ് കിങ്‌സില്‍ എത്ര ഉജ്ജ്വലമായാണ് ശ്രേയസ് അയ്യര്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് അയ്യരെ അംഗീകരിക്കൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
2027ലെ അടുത്ത ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ശ്രേയസ് അയ്യരുടെ കീഴില്‍ കളിക്കാനിറങ്ങണം. വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയും വേണം. ഒപ്പം വിരാട് കോലി കൂടിയുണ്ടെങ്കില്‍ മൂന്നാമത്തെ ഏകദിന ലോകകപ്പ് നമുക്ക് ഉറപ്പിക്കാമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രതികരണം.
ശ്രേയസ് അയ്യര്‍ വളരെയധികം അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള ക്യാപ്റ്റനാണ്. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഐപിഎല്ലില്‍ റണ്ണറപ്പായത് അദ്ദേഹത്തിനു കീഴിലാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഡിസി ഫൈനല്‍ കളിച്ച ഏക സീസണും അതു തന്നെ. പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു വന്നപ്പോള്‍ അവരെ ചാംപ്യന്‍മാരാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇപ്പോഴിതാ എല്ലാവരും എഴുതിത്തള്ളിയ പഞ്ചാബ് കിങ്‌സിനെ ഈ സീസണിലെ കിരീട ഫേവറിറ്റുകളായി ശ്രേയസ് മാറ്റിയിരിക്കുകയാണെന്നും ആരാധകര്‍ പ്രശംസിക്കുന്നു.
ശുഭ്മന്‍ ഗില്ലിനേക്കാള്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത നായകസ്ഥാനം അര്‍ഹിക്കുന്നത് ശ്രേയസ് അയ്യരാണ്. നിലവില്‍ ഏകദിന ടീമില്‍ മാത്രമേ അദ്ദേഹത്തിനു സ്ഥാനമുള്ളൂവെങ്കിലും ടെസ്റ്റ്, ടി20 ടീമുകളിലേക്കു തീര്‍ച്ചയായും തിരിച്ചു വിളിക്കപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ ഫോമില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യ കളിപ്പിക്കേണ്ടയാള്‍ ശ്രേയസാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

പറപ്പിച്ച് പഞ്ചാബ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ അവരുടെ കാണികള്‍ക്കു മുന്നിള്‍ പഞ്ചാബ് കിങ്‌സ് അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ടീം ഏഴു വിക്കറ്റിന് 171 റണ്‍സെന്ന ജയിക്കാമായിരുന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളിലെ വെടിക്കെട്ടാണ് അവരെ 170 കടത്തിയത്. നിക്കോളാസ് പൂരന്‍ 44 റണ്‍സുമായി ഒരിക്കല്‍ക്കൂടി കസറിയപ്പോള്‍ ആയുഷ് ബദോനി 41 റണ്‍സും സ്‌കോര്‍ ചെയ്തു.
മറുപടിയില്‍ ഓപ്പണര്‍ പ്രഭ്‌സിമ്രന്റെ (69) അഗ്രസീവ് ഫിഫ്റ്റി പഞ്ചാബിന്റെ വിജയത്തിനു അടിത്തറയിട്ടു. 34 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പിന്നീട് ശ്രേയസ് അയ്യരും (30 ബോളില്‍ 52*) നെഹാല്‍ വധേരയും (25 ബോളില്‍ 43*) ചേര്‍ന്ന് പഞ്ചാബിനെ അനായാസം വിജയത്തിലെത്തിക്കുകയും ചെയ്തു.