ഐപിഎല്ലിന്റെ മെഗാ താരലേലത്തില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ പൃഥ്വി ഷാ അണ്‍സോള്‍ഡായി മാറിയതിന്റെ ഞെട്ടലിലാണ് ആരാധകര്‍. 75 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ താരത്തിന്റെ അടിസ്ഥാനവില. രണ്ടാംദിനം പൃഥ്വിയുടെ പേര് ലേലത്തില്‍ വിളിക്കപ്പെട്ടപ്പോള്‍ ഒരു ടീമും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. ലേലത്തിന്റെ അവസാന റൗണ്ടില്‍ വില്‍ക്കപ്പെടാത്ത പ്രധാന താരങ്ങളുടെ പേര് വീണ്ടുമെത്തിയപ്പോള്‍ പൃഥ്വിയും അതിലുണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുമുണ്ടായില്ല.
ഇതോടെ പൃഥ്വിയുടെ സാന്നിധ്യമില്ലാത്ത ഐപിഎല്ലായി അടുത്ത സീസണ്‍ മാറിയിരിക്കുകയാണ്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ സീസണിനു ശേഷം ഒഴിവാക്കുകയായിരുന്നു.
ഡിസിക്കൊപ്പമുള്ള കഴിഞ്ഞ രണ്ടു സീസണിലും പൃഥ്വിയുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. രണ്ടു സീസണുകളിലുമായി എട്ടു വീതം മല്‍സരങ്ങളില്‍ നിന്നും 106, 198 എന്നിങ്ങനെ സ്‌കോറുകളാണ് താരത്തിനു നേടാനായത്. സോഷ്യല്‍ മീഡിയയില്‍ എങ്ങനെയാണ് ആരാധകര്‍ പൃഥ്വിയെക്കുറിച്ച് പ്രതികരിച്ചതെന്നു നോക്കാം.

പൃഥ്വിയുടെ വീഴ്ച
പൃഥ്വി ഷായുടെ ഈ വീഴ്ചയില്‍ വലിയ നിരാശയും അതോടൊപ്പം ദുഖവും തോന്നുകയാണ്. ഒരു സമയത്തും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായി വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ ഐപിഎല്ലില്‍ പോലും ആര്‍ക്കും വേണ്ടാത്തവനായി മാറിയിരിക്കുകയാണ്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും ആരാധകര്‍ കുറിക്കുന്നു.
അടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരം, അടുത്ത നായകന്‍, ഓള്‍ ഫോര്‍മാറ്റ് ഓപ്പണര്‍ തുടങ്ങി എന്തെല്ലാം വിശേഷണങ്ങളായിരുന്നു പൃഥ്വി ഷായ്ക്ക്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍ ശരിക്കും വഴിമുട്ടിയിരിക്കുകയാണ്. ഐപിഎല്‍ മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും പൃഥ്വിയുടെ കരിയറില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയ്യാറാവാതിരുന്നത് നിരാശാജനകമാണന്നും ആരാധകര്‍ പ്രതികരിച്ചു.
പൃഥ്വി ഷാ ഐപിഎല്ലിന്റെ മെഗാ ലേലതത്തില്‍ വില്‍ക്കപ്പെടാതെ പോയത് ശരിക്കും ഷോക്കിങാണ്. ഈ വീഴ്ചയില്‍ അദ്ദേഹത്തിനു സ്വയം പഴിക്കാനേ സാധിക്കുകയുള്ളൂ. അഹങ്കാരവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കുത്തഴിഞ്ഞ ജീവിതവുമെല്ലാമാണ് പൃഥ്വിയുടെ കരിയറിനു വില്ലനായിരിക്കുന്നത്. ഇനിയെങ്കിലും തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരാന്‍ ശ്രമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
കരിയര്‍
പൃഥ്വി ഷായെ അവസാനമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയത് 7.5 കോടി രൂപയ്ക്കായിരുന്നു. പക്ഷെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫോമില്ലായ്മയുമെല്ലാം താരത്തിനു തിരിച്ചടിയായി മാറി. 2018ലെ ഐപിഎല്ലിലിലൂടെയാണ് ഡിസിക്കൊപ്പം പൃഥ്വി അരങ്ങേറിയത്. ഇതുവരെ 79 മല്‍സരങ്ങളില്‍ നിന്നായി 147.46 സ്ട്രൈക്ക് റേറ്റില്‍ 1892 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 14 ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
2018ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് പൃഥ്വി. അന്നു ടീമിനെ പരിശീലിപ്പിച്ചതാവട്ടെ രാഹുല്‍ ദ്രാവിഡുമായിരുന്നു. ഇതേ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ശുഭ്മന്‍ ഗില്‍. അന്നു ഗില്ലിനേക്കാള്‍ താരമൂല്യവും പ്രശസ്തിയുമുണ്ടായിരുന്ന താരമാണ് പൃഥ്വി. എന്നാല്‍ ഗില്‍ ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ന്നു വന്നപ്പോള്‍ പൃഥ്വി അപ്രത്യക്ഷനായിരിക്കുകയാണ്.
മുംബൈ ടീമും പുറത്താക്കി
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്നും പൃഥ്വി ഷാ അടുത്തിടെ പുറത്താക്കപ്പെട്ടിരുന്നു. രഞ്ജി ട്രോഫി ടീമില്‍ നിന്നായിരുന്നു താരത്തെ നീക്കിയത്. ഫിറ്റ്‌നസും അച്ചടക്ക പ്രശ്‌നങ്ങളും കാരണമാണ് പൃഥ്വിയെ പുറത്താക്കിയതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനു പിന്നാലെയാണ് ഐപിഎല്ലില്‍ മെഗാ ലേലത്തിലും ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാതെ താരത്തെ അവഗണിച്ചിരിക്കുന്നത്. 26 കാരനായ പൃഥ്വിക്കു ഇനി കരിയര്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമോയെന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.