അഹമ്മദാബാദ്: ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ കിടിലന്‍ ഇന്നിങ്‌സുമായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹീറോയായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. എട്ടാം ഐപിഎല്‍ സെഞ്ച്വറി കൈയെത്തുംദൂരത്തു നഷ്ടമായെങ്കിലും വിജയത്തിനു ചുക്കാന്‍ പിടിച്ചത്് പുറത്താവാതെ 97 റണ്‍സെടുത്ത അദ്ദേഹമാണ്.
മൂന്നാം നമ്പറില്‍ ഇറങ്ങിയ ബട്‌ലര്‍ വെറും 54 ബോളിലാണ് 97 റണ്‍സ് വാരിക്കൂട്ടിയത്. 11 ഫോറുകളും നാലു സിക്‌സറുകളും ഇതിലുള്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ ഇന്നിങ്‌സിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പഴി കേള്‍ക്കുന്നത് രാജസ്ഥാന്‍ റോല്‍സാണ്. കഴിഞ്ഞ സീസണിനു ശേഷം ബട്‌ലറെ റോയല്‍സ് എന്തു കൊണ്ട് കൈവിട്ടുവെന്നാണ് അവര്‍ തുറന്നടിക്കുന്നത്.

റോസല്‍സിനു വിമര്‍ശനം
എത്ര മാത്രം വലിയ മണ്ടത്തരമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം വരുത്തിയതെന്നു ഗുജറാത്ത് ടൈറ്റന്‍സിന്റെ ജഴ്‌സിയില്‍ തെളിയിച്ചിരിക്കുകയാണ് ജോസ് ബട്‌ലര്‍. അദ്ദേഹത്തെപ്പോലെ മാച്ച് വിന്നറായ ഒരു താരത്തെ മറ്റൊരു ഫ്രാഞ്ചൈസിയും കൈവിടില്ല. ബട്‌ലറെ ഒഴിവാക്കി റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ പോലെയുള്ളവരെ നിലനിര്‍ത്തിയ റോയല്‍സ് മാനേജ്‌മെന്റ് ശരിക്കും മണ്ടന്‍മാരാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുറന്നടിച്ചു.
ജോസ് ബട്‌ലറെ വേണ്ടെന്നു വച്ച് 14 കോടിക്കു ധ്രുവ് ജുറേലിനെ നിലനിര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമാണ്. ഇതിനു ആദ്യം പുറത്താക്കേണ്ടത് രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡിനെയാണ്. ഈ തീരുമാനത്തിനു പിന്നില്‍ അദ്ദേഹത്തിനു റോളുണ്ടാവുമെന്നു ഉറപ്പാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് ടൈറ്റന്‍സിനായി ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 63 ശരാശരിയില്‍ 315 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം മൂന്നാമതുമെത്തിയിരിക്കുകയാണ്. ബട്‌ലറുടെ ഈ പ്രകടനം രാജസ്ഥാന്‍ റോയല്‍സിനുള്ള പ്രഹരം കൂടിയാണ്. കാരണം അദ്ദേഹത്തെ അവര്‍ ഒരിക്കലും കൈവിടാന്‍ പാടില്ലായിരുന്നു. മാച്ച് വിന്നറായ ഒരു മുന്‍നിര ബാറ്ററെ മാത്രമല്ല, സഞ്ജു സാംസണിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ ശേഷിയുള്ള ക്യാപ്റ്റനെ കൂടിയാണ് റോയല്‍സിനു നഷ്ടമായതെന്നും ആരാധകര്‍ കുറിക്കുന്നു.
ജോസ് ബട്‌ലറെ മെഗാ ലേലത്തിനു മുമ്പ് രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടതിനു പിന്നില്‍ തീര്‍ച്ചയായും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനും റോളുണ്ടെന്നുറപ്പാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും ബട്‌ലറെ കൈവിടാന്‍ ആഗ്രിഹിക്കില്ല. അദ്ദേഹത്തിന്റെ പല പ്രതികരണങ്ങളില്‍ നിന്നും ഇതു വ്യക്തവുമാണ്. ദ്രാവിഡിനെ പരിശീലക സ്ഥാവനത്തു നിന്നും പുറത്താക്കാതെ ഈ ടീം രക്ഷപ്പെടില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ബട്‌ലറുടെ കരിയര്‍
ജോസ് ബട്‌ലറുടെ ഐപിഎല്‍ കരിയറെടുത്താല്‍ അദ്ദേഹം കരിയറിന്റെ ഭൂരിഭാഗം ചെലവഴിച്ചതും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ്. 2018 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ തുടര്‍ച്ചയായിയ ഏഴു സീസണുകള്‍ റോയല്‍സ് കുടുംബത്തിന്റെ ഭാഗമായിരുന്നു ബട്‌ലര്‍.
2022ല്‍ റോയല്‍സ് ഐപിഎല്ലില്‍ റണ്ണറപ്പായപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. 17 മല്‍സരങ്ങളില്‍ നിന്നും 863 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഏഓറഞ്ച് ക്യാപ്പ് ബട്‌ലര്‍ സ്വന്തമാക്കിയിരുന്നു. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.