ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവസാന മല്‍സരം കഴിഞ്ഞപ്പോള്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരുന്നത് ഇതിഹാസ താരം എംഎസ് ധോണിയുടെ ഭാവിയക്കുറിച്ച് അറിയാനായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ സിഎസ്‌കെ 83 റണ്‍സിനു തകര്‍ത്തുവിട്ടതിനു പിന്നാലെ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നേക്കുമെന്നും പലരും ഉറപ്പിച്ചിരുന്നു. പക്ഷെ ഭാവിയെക്കുറിച്ച് കൃത്യമായ ഒരു ചിത്രം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
43ാം വയസ്സില്‍ തന്റെ ശരീരത്തെ നല്ല രീതിയില്‍ കാത്തുസൂക്ഷിക്കുകയെന്നത് വളരെ കടുപ്പമായ മാറിയിരിക്കുകയാണെന്നു ധോണി വ്യക്തമാക്കി. എന്നാല്‍ വിരമിക്കുകയാണെന്ന പ്രഖ്യാപനം നടത്താന്‍ അദ്ദേഹം തയ്യാറായില്ല. ചിലപ്പോള്‍ തിരിച്ചുവന്നേക്കാം, ചിലപ്പോള്‍ തിരിച്ചു വരാതിരിക്കുകയും ചെയ്‌തേക്കാമെന്ന ഒരു അവ്യക്തമായ മറുപടിയാണ് ധോണി നല്‍കിയത്.

എന്നാല്‍ ബാറ്ററെന്ന നിലയില്‍ ഈ ഐപിഎല്ലില്‍ വന്‍ ഫ്‌ളോപ്പായി മാറിയിട്ടും അദ്ദേഹം വിരമിക്കാന്‍ തയ്യാറാവാതിരുന്നത് ഒരു വിഭാഗം ആരാധകരെ ക്ഷുഭിതരാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ധോണിക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു. എത്രയും പെട്ടെന്നു അദ്ദേഹം കളി നിര്‍ത്തുന്നതാണ് ചെന്നൈക്കു നല്ലതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ധോണി പറഞ്ഞതെന്ത്?
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒരു വിഭാഗം ആരാധകര്‍ എംഎസ് ധോണി ഇനിയും ഐപിഎല്ലില്‍ തുടര്‍ന്നു കളിക്കണമെന്നു ആഗ്രിക്കുന്നവരാണ്. അവര്‍ക്കു വലിയ പ്രതീക്ഷകള്‍ നല്‍കുന്ന തരത്തിലാണ് അദ്ദേഹം തന്റെ ഭാവിയെക്കുറിച്ച് പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിച്ചത്.
ഐപിഎല്ലിന്റെ അടുത്ത സീസണിലും ഞാന്‍ കളിക്കുമോയെന്നതു പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. എനിക്കു ഭാവിയെക്കുറിച്ചു തീരുമാനമെടുക്കാന്‍ 4-5 മാസങ്ങളുണ്ട്. തിരക്കു പിടിക്കേണ്ട യാതൊരു ആവശ്യവുമില്ല. ശരീരം ഫിറ്റായി ഇരിക്കേണ്ടതു ആവശ്യമാണ്. നിങ്ങള്‍ ഏറ്റവും മികച്ച അവസ്ഥയിലായിരിക്കേണ്ടതുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ അവരുടെ പ്രകടനം നോക്കി വിരമിക്കുകയാണെങ്കില്‍ ചിലര്‍ 22ാം വയസ്സില്‍ തന്നെ കളി നിര്‍ത്തിയേക്കും.
ഞാന്‍ ഇനി റാഞ്ചിയിലേക്കു പോവും, കുറച്ചു ബൈക്ക് യാത്രകളൊക്കെ ആസ്വദിക്കും. എന്റെ ക്രിക്കറ്റ് കരിയര്‍ തീര്‍ന്നെന്നു ഞാന്‍ പറയില്ല, എന്നാല്‍ തിരിച്ചുവരുമെന്നും ഞാന്‍ പറയുന്നില്ല. എനിക്കു മുന്നില്‍ സമയം ഒരുപാടുണ്ട്്. ഞാന്‍ ഭാവിയെക്കുറിച്ച് ആലോചിക്കും, അതിനു ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു ധോണി വെളിപ്പെടുത്തിയത്.
സമ്മിശ്ര പ്രതികരണം
അടുത്ത ഐപിഎല്‍ സീസണിലും തന്നെ കണ്ടേക്കുമെന്ന എംഎസ് ധോണിയുടെ വാക്കുകളോടു സ്മ്മിശ്രമായാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതികരണം. ഒരു വിഭാഗം ആരാധകര്‍ ഇതിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം കളി തുടരണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ മറ്റൊരു വിഭാഗമാവട്ടെ ധോണി എത്രയും വേഗം വിരമിക്കുന്നതാണ് ടീമിനു നല്ലതെന്നും ചൂണ്ടിക്കാണിക്കുന്നു.
എംഎസ് ധോണി എന്തിനാണ് ഇങ്ങനെ ഐപിഎല്ലില്‍ കടിച്ചുതൂങ്ങുന്നത്? ഈ സീസണില്‍ ചെ ൈസൂപ്പര്‍ കിങ്‌സിനായി അദ്ദേഹം ബാറ്റിങില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. യഥാര്‍ഥത്തില്‍ ചെന്നൈ ടീമിനു ബാധ്യത തന്നെയാണ് ധോണിയെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

പ്ലീസ്, എംഎസ് ധോണീ... നിങ്ങള്‍ ദയവു ചെയ്ത് ഇനിയെങ്കിലും കളി നിര്‍ത്തണം. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി ബാറ്റിങില്‍ നിങ്ങള്‍ വന്‍ പരാജയമാണ്. പ്രായം നിങ്ങളെ തളര്‍ത്തിക്കഴിഞ്ഞു. ക്രിക്കറ്റില്‍ ഇനിയൊരു ഭാവിയില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എംഎസ് ധോണി വീണ്ടുമൊരു സീസണില്‍ കൂടി കളിക്കണമെന്നു എന്തിനു ആരെങ്കിലും ആഗ്രഹിക്കണം? അദ്ദേഹം ശരിക്കും ദുരന്തമായിരുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം.
ധോണിയുടെ പ്രകടനം
ഈ ഐപിഎല്‍ സീസണിലെ പ്രകടനമെടുത്താല്‍ എംഎസ് ധോണി 13 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ അദ്ദേഹം ആകെ നേരിട്ടത് 145 ബോളുകളാണ്. നേടിയതാവട്ടെ വെറും 196 റണ്‍സ് മാത്രം. 24.50 എന്ന മോശം ശരാശരിയില്‍ 135.17 സ്‌ട്രൈക്ക് റേറ്റിലാണിത്. പുറത്താവാതെ നേടിയ 30 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കളിച്ച ഭൂരിഭാഗം ഇന്നിങ്‌സുകളിലും സ്ലോ ബാറ്റിങിലൂടെ ധോണി കാണികളെ വെറുപ്പിച്ചിരുന്നു. സീസണിലെ ചില മല്‍സരങ്ങളില്‍ ടീം തോല്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും അദ്ദേഹത്തിന്റെ ഈ തട്ടിമുട്ട് ബാറ്റിങായിരുന്നു.