കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ് ഗ്ലെന്‍ മാക്‌സ് വെല്‍. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മാക്‌സ് വെല്‍. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം ഐപിഎല്ലില്‍ കാഴ്ചവെക്കുന്നത്. ആര്‍സിബി ഒഴിവാക്കിയ താരത്തെ പഞ്ചാബ് കിങ്‌സ് വീണ്ടും ടീമിലേക്ക് കൊണ്ടുവരികയായിരുന്നു. പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റെ താല്‍പര്യമായിരുന്നു ഇത്.
എന്നാല്‍ തുടര്‍ അവസരങ്ങള്‍ ലഭിച്ചിട്ടും മോശം പ്രകടനം തുടര്‍ന്ന് താരം നിരാശപ്പെടുത്തുകയാണ്. മാക്‌സ് വെല്ലിന്റെ ഐപിഎല്ലിലെ മികച്ചൊരു പ്രകടനം കണ്ടിട്ട് നാളുകളേറെയായെന്ന് പറയാം. പ്ലേയിങ് 11ന് പുറത്തായിട്ടും കെകെആറിനെതിരായ മത്സരത്തിലൂടെ മാക്‌സ് വെല്‍ തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ എട്ട് പന്തില്‍ ഏഴ് റണ്‍സ് മാത്രം നേടി താരം പുറത്താവുകയായിരുന്നു. ഇതോടെ വലിയ വിമര്‍ശനമാണ് മാക്‌സ് വെല്ലിനെതിരേ ഉയരുന്നത്.
ഗ്ലെന്‍ മാക്‌സ് വെല്ലിനെ എന്തിന് കളിപ്പിക്കുന്നു?
ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഫ്‌ളോപ്പ് ഷോയ്ക്ക് രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഓസ്‌ട്രേലിയക്കായി ടി20യില്‍ മിന്നിക്കുന്ന താരമാണ് മാക്‌സ് വെല്‍. എന്നാല്‍ ഐപിഎല്ലില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഓസീസിനായി 20 ടി20യില്‍ നിന്ന് രണ്ട് തവണ മാത്രമാണ് മാക്‌സ് വെല്‍ ഒറ്റ സംഖ്യയില്‍ പുറത്തായത്. എന്നാല്‍ ഐപിഎല്ലില്‍ 20 ഇന്നിങ്‌സില്‍ നിന്ന് 13ാം തവണയാണ് മാക്‌സ് വെല്‍ ഒറ്റ സംഖ്യയില്‍ പുറത്താവുന്നത്.
ഓസീസ് പരിശീലകനായ റിക്കി പോണ്ടിങ് മാക്‌സ് വെല്ലിനെ പരമാവധി പിന്തുണക്കുന്നുണ്ടെങ്കിലും ഇതിനോട് നീതികാട്ടാന്‍ മാക്‌സ് വെല്ലിന് സാധിക്കുന്നില്ല. ഐപിഎല്ലിലെ കഴിഞ്ഞ 12 ഇന്നിങ്‌സിലെ പ്രകടനം നോക്കുമ്പോള്‍ മാക്‌സ് വെല്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. 69 റണ്‍സാണ് മാക്‌സ് വെല്ലിന് ആകെ നേടാനായത്. ശരാശരി വെറും 5.75 ആണ്. 103 സ്‌ട്രൈക്ക് റേറ്റാണ് മാക്‌സ് വെല്ലിനുള്ളത്. ബൗളിങ്ങില്‍ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും മാക്‌സ് വെല്‍ പഞ്ചാബിന് വലിയ തലവേദനയാണെന്ന് തന്നെ പറയാം.

പഞ്ചാബിന് ഡെത്തോവറില്‍ പിഴച്ചു
പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് പ്രകടനം കണ്ടപ്പോള്‍ 230ന് മുകളില്‍ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അവസാന ആറ് ഓവറില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പഞ്ചാബ് ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്. പ്രിയന്‍ഷ് ആര്യയും (69) പ്രഭ്‌സിംറാന്‍ സിങ്ങും (83) ചേര്‍ന്ന് 120 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പഞ്ചാബിന് നേടിക്കൊടുത്തത്. 14 ഓവറില്‍ ഒരു വിക്കറ്റിന് 158 എന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാല്‍ 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാല് വിക്കറ്റിന് 201 എന്ന സ്‌കോറിലേക്കെത്താനെ പഞ്ചാബിന് സാധിച്ചുള്ളൂ.
അവസാന ആറ് ഓവറില്‍ 43 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ഗ്ലെന്‍ മാക്‌സ് വെല്‍ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്താണ് പുറത്തായത്. മാര്‍ക്കോ യാന്‍സനെ അഞ്ചാം നമ്പറില്‍ ഇറക്കിയ തന്ത്രം പാളി. കാമിയോ പ്രതീക്ഷിച്ചാണ് പഞ്ചാബ് ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ജോഷ് ഇന്‍ഗ്ലിസ് ആറ് പന്തില്‍ 11 റണ്‍സെടുത്ത് മിന്നിച്ചില്ലായിരുന്നെങ്കില്‍ പഞ്ചാബിന് 200 കടക്കാന്‍ പോലും സാധിക്കില്ലായിരുന്നു.

പ്രഭ്‌സിംറാന് കൈയടിക്കണം
പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് കൈയടിക്കണം. ഇതില്‍ പ്രഭ്‌സിംറാന്‍ കളിച്ചത് പക്വതയോടെയുള്ള ഇന്നിങ്‌സായിരുന്നു. പവര്‍പ്ലേയില്‍ പ്രിയന്‍ഷ് ആര്യ തകര്‍ത്തടിച്ചപ്പോള്‍ പ്രഭ്‌സിംറാന്‍ ആംഗര്‍ റോളിലേക്ക് ഒതുങ്ങി. കൃത്യമായി സ്‌ട്രൈക്ക് കൈമാറിയാണ് ഇരുവരും സ്‌കോര്‍ ഉയര്‍ത്തിയത്. പ്രഭ്‌സിംറാന്‍ ആദ്യത്തെ 32 പന്തില്‍ 34 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ പിന്നീട് നേരിട്ട 17 പന്തില്‍ 49 റണ്‍സാണ് താരം അക്കൗണ്ടില്‍ ചേര്‍ത്തത്.
പവര്‍പ്ലേയ്ക്ക് ശേഷമുള്ള മധ്യ ഓവറുകളിലാണ് പ്രഭ്‌സിംറാന്റെ ഇത്തരമൊരു പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും 83 റണ്‍സെടുത്ത് പുറത്തായി. വൈഭവ് അറോറയുടെ സ്ലോബോള്‍ കെണിയില്‍ ക്യാച്ച് റോവ്മാന്‍ പവലിന് ക്യാച്ച് നല്‍കിയാണ് പ്രഭ്‌സിംറാന്‍ മടങ്ങിയത്. ആന്‍ഡ്രേ റസലിന്റെ ഡെത്തോവറിലെ ബൗളിങ് പ്രകടനം പഞ്ചാബിന്റെ സ്‌കോര്‍ വേഗം കുറക്കാന്‍ കെകെആറിനെ സഹായിച്ചു.