മുംബൈ: ഐപിഎല്‍ മെഗാ ലേലത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് റാണയെ വാങ്ങിയ രാജസ്ഥാന്‍ റോല്‍സ് ശരിക്കും പെട്ടിരിക്കുകയാണ്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ (SMAT) ഉത്തര്‍ പ്രദേശിനായി കളിക്കുന്ന താരം ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായിരിക്കുകയാണ്. ജമ്മു കാശ്മീരുമായുള്ള മല്‍സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത റാണ ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്.
ഇതോടെ അടുത്ത ഐപിഎല്ലിനു മുന്നോടിയായി താരത്തെ ടീമിലെത്തിച്ച റോയല്‍സും ശരിക്കും പെട്ടിരിക്കുകയാണ്. ഈ രീതിയിലാണ് താരത്തിന്റെ പ്രകടനമെങ്കില്‍ അടുത്ത ഐപിഎല്ലില്‍ ടീമിനു പണി ഉറപ്പാണെന്ന ആശങ്കയിലാണ് റോയല്‍സിന്റെ ആരാധകര്‍.

ക്ലിക്കാവാതെ റാണ
സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നിതീഷ് റാണയില്‍ നിന്നും മികച്ച ചില ഇന്നിങ്‌സുകളാണ് രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇതിനകം കളിച്ച ആറു മല്‍സരങ്ങളെടുത്താല്‍ താരം തിളങ്ങിയത് ഒന്നില്‍ മാത്രമാണ്. ആറു മല്‍സരങ്ങളില്‍ നിന്നു 139 സ്‌ട്രൈക്ക് റേറ്റോടെ വെറും 89 റണ്‍സ് മാത്രമേ റാണയ്ക്കു നേടാനായിട്ടുള്ളൂ.
ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള അഞ്ചു ഇന്നിങ്‌സുകളിലും താരം ദുരന്തമായി മാറി. ഉയര്‍ന്ന സ്‌കോര്‍ 61 റണ്‍സുമാണ്. ഡല്‍ഹിയുമായുള്ള ആദ്യ കളിയിലായിരുന്നു റാണയുടെ ഈ ഫിഫ്റ്റി. അതിനു ശേഷമുള്ള മല്‍സരങ്ങളില്‍ 3 (ഹിമാലല്‍ പ്രദേശ്), 20* (മണിപ്പൂര്‍), 2 (ഹരിയാന), 3 (അരുണാചല്‍ പ്രദേശ്), 0 (ജമ്മു കാശ്മീര്‍) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.
ജമ്മു കാശ്മീരുമായുള്ള ആറാം റൗണ്ട് മല്‍സരത്തില്‍ റാണ വന്നതും പോയതും വളരെ പെട്ടെന്നായിരുന്നു. നാലാമവായി ക്രീസിലെത്തിയ താരത്തെ ആബിദ് മുഷ്താഖിന്റെ ബൗളിങില്‍ ക്വറാം ഇഖ്ബാല്‍ പിടികൂടുകയായിരുന്നു.
ലേലത്തില്‍ സംഭവിച്ചത്
ഐപിഎല്ലിന്റെ കഴിഞ്ഞ ഏഴു സീസണുകളിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ച ശേഷമാണ് നിതീഷ് റാണ പുതിയ തട്ടകമായ രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നിരിക്കുന്നത്. മെഗാ ലേലത്തില്‍ 1.5 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. റാണയ്ക്കു വേണ്ടു റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് തുടക്കം മുതല്‍ പോരടിച്ചത്.
രണ്ടു കോടി രൂപ വരെ വിളിച്ച ശേഷം റോയല്‍സ് പിന്‍മാറിയപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടര്‍ന്ന് മല്‍സരരംഗത്തേക്കു വന്നു. ഇതോടെ സിഎസ്‌കെയും ആര്‍സിബിയും തമ്മിലായി പിടിവലി.
ആര്‍സിബി 3.2 കോടിക്കു റാണയെ സ്വന്തമാക്കുമെന്നിരിക്കെയാണ് റോയല്‍സ് വീണ്ടുമെത്തിയത്. ഒടുവില്‍ 4.2 കോടിക്കു അവര്‍ താരത്തെ വാങ്ങുകയും ചെയ്തു. ആര്‍ടിഎം ഓപ്ഷന്‍ വഴി റാണയെ കെകെആര്‍ തിരികെ വാങ്ങാന്‍ ശ്രമിച്ചതുമില്ല.
അടുത്ത ഐപിഎല്‍ സീസണില്‍ നായകന്‍ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും റോയല്‍സിനായി ഓപ്പണ്‍ ചെയ്യുകയെന്നുറപ്പാണ്. മൂന്നാം നമ്പറിലാവും റാണയ്ക്കു ബാറ്റ് ചെയ്യേണ്ടി വരിക.നാലാമനായി റിയാന്‍ പരാഗിന്റെ ഊഴമായിരിക്കും.
ബാറ്റിങ് ഓപ്ഷനുകള്‍ അധികമില്ലാത്തതിനാല്‍ തന്നെ റോല്‍സിനുവേണ്ടി സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും റാണ കളിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം പരിഗണിക്കുമ്പോള്‍ താരത്തെ ബാറ്റിങില്‍ എത്രത്തോളം വിശ്വസിക്കാന്‍ സാധിക്കുമെന്നതും സംശയമാണ്.
തുടക്കം മുംബൈയില്‍
2015ലെ ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് നിതീഷ് റാണയുടെ തുടക്കം. 2017 വരെ അദ്ദേഹം അവര്‍ക്കൊപ്പമുണ്ടായിരുന്നു. 2018ലാണ് താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയത്. 2025 വരെ കെകെആറിനൊപ്പം റാണ തുടരുകയും ചെയ്തു.
ഐപിഎല്ലില്‍ ഇതിനകം 107 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 135.04 സ്‌ട്രൈക്ക് റേറ്റില്‍ 2636 റണ്‍സാണ് സമ്പാദ്യം. 18 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 2023ല്‍ 413 റണ്‍സും 2021ല്‍ 383 റണ്‍സും റാണ അടിച്ചെടുത്തിരുന്നു. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ 2023ലെ സീസണില്‍ കെകെആറിനെ നയിച്ചതും റാണയാണ്.