കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകസ്ഥാനത്ത് നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയിരിക്കുകയാണ്. വലിയ അഴിച്ചുപണികള്‍ നടത്തിയാണ് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കെകെആര്‍ പുതിയ സീസണിലേക്കിറങ്ങുന്നത്. മൂന്ന് തവണ കിരീടം നേടിയ ചാമ്പ്യന്‍ നിരക്ക് ഇത്തവണ പുതിയ നായകനെ ആവശ്യമാണ്.
മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കുകയും റെക്കോഡ് തുകയ്ക്ക് തിരിച്ചെത്തിക്കുകയും ചെയ്ത വെങ്കടേഷ് അയ്യരെ കെകെആര്‍ പുതിയ നായകനായി കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായ ആന്‍ഡ്രേ റസലിനെ ക്യാപ്റ്റനാക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഏറ്റവും ഒടുവിലായി അജിന്‍ക്യ രഹാനെയിലേക്കെത്തിയിരിക്കുകയാണ് കെകെആര്‍. അജിന്‍ക്യ രഹാനെയെ ഇത്തവണ യാദൃശ്ചികമായാണ് കെകെആര്‍ ടീമിലേക്കെത്തിച്ചത്.
സീനിയര്‍ താരമായ രഹാനെയെ 1.5 കോടിക്ക് ടീമിലെത്തിച്ച കെകെആര്‍ ഇപ്പോള്‍ നായകസ്ഥാനത്തേക്ക് കൂടി അദ്ദേഹത്തെ പരിഗണിക്കുകയാണ്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിട്ടുള്ള രഹാനെയെ നായകനാക്കുന്നത് കെകെആറിന് ഗുണം ചെയ്യുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
മണ്ടന്‍ തീരുമാനമാണെന്ന് ആരാധകര്‍
അജിന്‍ക്യ രഹാനെയെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം മണ്ടത്തരമാണെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. കഴിഞ്ഞ സീസണില്‍ രഹാനെക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താനായിട്ടില്ല. പ്ലേയിങ് 11ലേക്ക് പരിഗണിക്കാവുന്ന താരമാണ് രഹാനെ. എന്നാല്‍ സ്ഥിരം സീറ്റ് നല്‍കുക പ്രയാസമാണ്. നിലവിലെ സാഹചര്യത്തില്‍ രഹാനെയെ ക്യാപ്റ്റനാക്കുന്നതാണ് കെകെആറിനെ സംബന്ധിച്ച് ഗുണകരമായി തോന്നുന്നത്. എന്നാല്‍ ആരാധകര്‍ക്ക് ഇത് ശരിയായ തീരുമാനമായി തോന്നുന്നില്ല.
ടി20യില്‍ ഇനിയും ബാല്യം ശേഷിക്കുന്ന താരമല്ല രഹാനെ. നായകസ്ഥാനം ഏല്‍പ്പിച്ചാല്‍ എല്ലാ മത്സരവും കളിപ്പിക്കേണ്ടതായി വരും. രഹാനെയില്‍ നിന്ന് എല്ലാ മത്സരത്തിലും മികവ് കാട്ടാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ പ്രകടനം പ്രതീക്ഷിക്കാനാവില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ നായകസ്ഥാനം ഏല്‍പ്പിച്ചാല്‍ രഹാനെ കസറാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

കെകെആര്‍ മറ്റാരെ നായകനാക്കും?
മെഗാ ലേലം കഴിയുമ്പോള്‍ കെകെആര്‍ മറന്നുപോയ കാര്യം മികച്ച നായകനായി ഒരാള്‍ ടീമിലില്ലെന്നതാണ്. അജിന്‍ക്യ രഹാനെയെ മാറ്റിനിര്‍ത്തിയാല്‍ റിങ്കു സിങ്ങാണ് നായകനായി പരിഗണിക്കാവുന്ന മറ്റൊരാള്‍. എന്നാല്‍ അനുഭവസമ്പത്തില്ലാത്ത റിങ്കുവിനെ കെകെആറിനെപ്പോലൊരു വമ്പന്‍ ടീമിന്റെ നായകസ്ഥാനം നല്‍കാനാവില്ല. സീനിയര്‍ താരം മനീഷ് പാണ്ഡെയെ നായകനാക്കാനാവില്ല. കാരണം മോശം ബാറ്റിങ് പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. വെങ്കടേഷ് അയ്യര്‍ക്കും അനുഭവസമ്പത്തില്ല.
ആന്‍ഡ്രേ റസല്‍ എപ്പോള്‍ വേണമെങ്കിലും പരിക്കിന്റെ പിടിയിലാകാവുന്ന താരമാണ്. മോയിന്‍ അലിക്കും ക്യാപ്റ്റന്‍സി നല്‍കാനാവില്ല. നിലവില്‍ നായകനെന്ന നിലയില്‍ കെകെആറിന് അല്‍പ്പമെങ്കിലും വിശ്വസിക്കാനാവുന്നത് രഹാനെയെയാണ്. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ രഹാനെക്ക് കഴിവുണ്ട്. എന്നാല്‍ സ്ഥിരതയോടെ കസറാന്‍ രഹാനെക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും കെകെആര്‍ രഹാനെയെ നായകനാക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം.
കെകെആര്‍ ടീം സംതുലിതമല്ല
ഇത്തവണത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം സംതുലിതമല്ല. ക്വിന്റന്‍ ഡീകോക്കിന്റെ വരവ് ഗുണം ചെയ്‌തേക്കുമെങ്കിലും മനീഷ് പാണ്ഡയും അജിന്‍ക്യ രഹാനെയും ബാറ്റിങ്ങില്‍ വിശ്വസ്തരല്ല. റോവ്മാന്‍ പവല്‍ വമ്പനടികള്‍ കാഴ്ചവെക്കുമോയെന്നത് കണ്ടറിയണം, അന്‍കൃഷ് രഘുവന്‍ഷിയില്‍ പ്രതീക്ഷയുണ്ട്. റഹ്‌മാനുല്ല ഗുര്‍ബാസിയേയും വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ഫില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട് തുടക്കം കെകെആറിനെ അലട്ടും. ബാറ്റിങ് നിരയില്‍ കെകെആറിന് ദൗര്‍ബല്യങ്ങളേറെയാണ്. അതിനെല്ലാം പരിഹാരം കണ്ട് കെകെആര്‍ കപ്പിലേക്കെത്തുമോയെന്നത് കണ്ടറിയാം.