മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോള്‍ ശക്തമായ പോരാട്ടമാണ് കാണാനാവുന്നത്. ആരാവും കപ്പിലേക്കെത്തുകയെന്ന് പറയാനാവാത്ത തരത്തില്‍ ഇത്തവണ കടുത്ത മത്സരങ്ങളാണ് നടക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരുടെയെല്ലാം മുന്നേറ്റമാണ് ആദ്യ പാദത്തില്‍ കാണാനാവുന്നത്. രണ്ടാം പാദം മുന്നോട്ട് പോകവെ വലിയ മാറ്റം ഇനിയുണ്ടാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
എന്നാല്‍ ഇത്തവണത്തെ സീസണ്‍ മുന്നോട്ട് പോകവെ പരക്കെയുള്ള ആക്ഷേപങ്ങളിലൊന്ന് പഴയ ആവേശമില്ലെന്നതാണ്. മിക്ക മത്സരങ്ങളിലേയും കാണികളുടെ കുറവ് ഇത് വ്യക്തമാക്കുന്നത്. അവസാന സീസണില്‍വരെ പോരാട്ടവീര്യം നിറഞ്ഞുനിന്ന ഐപിഎല്ലിലെ ഇത്തവണത്തെ പല മത്സരങ്ങളും ആരാധകരെ ആവേശം കൊള്ളിച്ചില്ലെന്ന് പറയാം. ഇത്തവണത്തെ സീസണിന്റെ ആവേശം കുറക്കുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
സൂപ്പര്‍ ടീമുകളുടെ പിന്നോട്ട് പോക്ക്
ഇത്തവണത്തെ സീസണിന്റെ ആവേശം കുറക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് പ്രധാന ടീമുകളുടെ പിന്നോട്ട് പോക്കാണെന്ന് പറയാം. സിഎസ്‌കെ, കെകെആര്‍, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ നിരാശപ്പെടുത്തുന്നത് ഐപിഎല്ലിന്റെ ആവേശം കുറക്കുകയാണ്. സിഎസ്‌കെ അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ്. എംഎസ് ധോണിയെന്ന സൂപ്പര്‍ താരം കളിക്കുന്ന സിഎസ്‌കെയ്ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ടീം നിരാശപ്പെടുത്തിയതോടെ ആരാധകരുടെ ആവേശത്തേയും അത് ബാധിച്ചു.
സിഎസ്‌കെയുടെ മത്സരങ്ങളില്‍ നിറഞ്ഞ ഗ്യാലറിയാണ് എപ്പോഴും കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ല. പല മത്സരങ്ങളിലും ഗ്യാലറി നിറഞ്ഞല്ല കാണപ്പെടുന്നത്. രാജസ്ഥാന്‍ റോയല്‍സും പിന്നോട്ട് പോവുകയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിലെ ഭിന്നതയും മോശം ഫോമും ടീമിനെ തളര്‍ത്തുകയാണ്. ഇതും ഈ സീസണിന്റെ ആവേശം കുറക്കുന്നു.
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇത്തവണ കാര്യമായ പ്രകടനം കാഴ്ചവെക്കുന്നില്ല. മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെങ്കിലും പതിയെ തിരികെ വരികെയാണ്. ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, ടീമുകളെല്ലാമാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഈ ടീമുകള്‍ക്ക് താരതമ്യേനെ വലിയ ആരാധക പിന്തുണയില്ല. ഇതും ആവേശം കുറക്കാന്‍ കാരണമായിട്ടുണ്ടെന്ന് നിസംശയം പറയാം.

ഒത്തുകളി ആരോപണം ശക്തം
ഐപിഎല്ലിന്റെ ആവേശത്തെ ഇത്തവണ പിന്നോട്ട് അടിക്കുന്ന മറ്റൊരു കാരണം ഒത്തുകളി ആരോപണങ്ങളാണ്. പല മത്സരങ്ങളിലും ഒത്തുകളി ആരോപണം ശക്തമാണ്. സിഎസ്‌കെയുടെ മത്സരങ്ങളിലും രാജസ്ഥാന്റെ മത്സരങ്ങളിലുമെല്ലാം ഒത്തുകളി ആരോപണമാണ് ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോറ്റത് ഒത്തുകളിയുടെ ഭാഗമാണെന്നുള്ള ആരോപണം ശക്തമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പല നീക്കങ്ങളും വലിയ സംശയമുണ്ടാക്കുന്നതാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ ചാമ്പ്യന്മാരാണ്. എന്നാല്‍ ഈ സീസണില്‍ ടീം പല മത്സരങ്ങളും വിട്ടുകൊടുക്കുന്നതുപോലെയാണ് തോന്നുന്നത്. ബാറ്റിങ് ഓഡറിലെ ചില അസാധാരണ മാറ്റങ്ങളടക്കം പല അപ്രതീക്ഷിത നീക്കങ്ങളും കെകെആര്‍ നടത്തുന്നത്. പല സൂപ്പര്‍ താരങ്ങളും മോശം ഷോട്ട് മനപ്പൂര്‍വ്വം കളിച്ച് വിക്കറ്റ് നഷ്ടമാക്കുന്നതടക്കമുള്ള ആരോപണങ്ങളാണ് ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇത്തരത്തില്‍ ഒത്തുകളി ആരോപണങ്ങള്‍ ടൂര്‍ണമെന്റിന്റെ ആവേശം കുറക്കുന്നു.
ത്രില്ലര്‍ മത്സരങ്ങളുടെ കുറവ്
ഇത്തവണത്തെ ഐപിഎല്‍ സീസണിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ത്രില്ലര്‍ മത്സരങ്ങളുടെ കുറവാണ്. എല്ലാ സീസണുകളിലേയും ഐപിഎല്ലില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ ഏറെയായിരുന്നു. മിക്ക മത്സരങ്ങളും അവസാന ഓവറുകളിലാണ് അവസാനിക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ സീസണില്‍ ഇത്തരം ത്രില്ലറുകള്‍ വളരെ കുറവാണെന്ന് തന്നെ പറയാം. വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ വലിയ ആവേശം നല്‍കിയത്. മറ്റ് മത്സരങ്ങളിലെല്ലാം ഏക പക്ഷീയ ജയങ്ങളാണ് കൂടുതല്‍. ഇത് വിരസത സൃഷ്ടിക്കുന്നുവെന്ന് തന്നെ പറയാം.