ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിന് തുടക്കം പിഴച്ചിരിക്കുകയാണ്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്ടമായത്. വെടിക്കെട്ട് തുടക്കം നല്‍കുന്ന മിച്ചല്‍ മാര്‍ഷിനെ അര്‍ഷ്ദീപ് ഗോള്‍ഡന്‍ ഡക്കാക്കി. പ്രതീക്ഷ നല്‍കിയ എയ്ഡന്‍ മാര്‍ക്രം 18 പന്തില്‍ 28 റണ്‍സ് നേടിയാണ് പുറത്തായത്. ലോക്കി ഫെര്‍ഗൂസന്‍ മാര്‍ക്രത്തെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ നായകന്‍ റിഷഭ് പന്തില്‍ ടീമിന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ 27 കോടിക്ക് ലഖ്‌നൗ ടീമിലേക്കെത്തിച്ച റിഷഭ് ഒരിക്കല്‍ക്കൂടി തോല്‍വിയായി മാറിയിരിക്കുകയാണ്. അഞ്ച് പന്ത് നേരിട്ട് വെറും രണ്ട് റണ്‍സ് മാത്രം നേടിയാണ് റിഷഭ് പുറത്തായത്. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ പന്തിനെതിരേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് യുസ് വേന്ദ്ര ചഹാലിന് അനായാസ ക്യാച്ച് നല്‍കിയാണ് റിഷഭ് പന്ത് പുറത്തായത്. റെക്കോഡ് പ്രതിഫലക്കാരനായി എത്തി നിരാശപ്പെടുത്തി മടങ്ങിയിരിക്കുകയാണ് താരം.
മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത് 12 റണ്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം വിട്ട് ലഖ്‌നൗവിലേക്ക് റിഷഭ് എത്തിയപ്പോള്‍ പ്രതീക്ഷകള്‍ വലുതായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ലഖ്‌നൗ നായകന്‍ ടീമിന്റെ വില്ലനായി മാറിയിരിക്കുകയാണ്. മൂന്ന് മത്സരത്തില്‍ നിന്ന് റിഷഭ് ആകെ നേരിട്ടത് 16 പന്തുകളാണ്. നേടിയത് 12 റണ്‍സും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കാത്ത റിഷഭ് അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. വിക്കറ്റ് നഷ്ടമായ ശേഷം ചിരിച്ചുകൊണ്ടാണ് റിഷഭ് മടങ്ങിയത്.
രണ്ട് വിക്കറ്റ് നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട ഉത്തരവാദിത്തം നായകനായ റിഷഭിനുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ പന്തില്‍ മോശം ഷോട്ട് കളിച്ച് റിഷഭ് വിക്കറ്റ് നഷ്ടമാവുകയായിരുന്നു. റിഷഭിന്റെ സാഹസിക ഷോട്ട് പ്രതീക്ഷിച്ച് ഷോര്‍ട്ട് ഫൈനല്‍ ലെഗില്‍ യുസ് വേന്ദ്ര ചഹാലിനെ ഫീല്‍ഡിങ്ങിനിട്ട പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് തെറ്റിയില്ല. റിഷഭിന്റെ ഷോട്ട് നേരെ ചഹാലിന്റെ കൈയിലേക്കായിരുന്നുവെന്ന് പറയാം.

വാങ്ങിയ പ്രതിഫലത്തോട് നീതികാട്ടാന്‍ റിഷഭ് പന്തിന് സാധിക്കുന്നില്ല. മൂന്ന് മത്സരത്തിലും പുറത്തായത് മോശം ഷോട്ട് കളിച്ചാണെന്ന് പറയാം. പതിയെ നിലയുറപ്പിച്ച് സാധാരണ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ ശ്രമിക്കാതെ തന്റെ സിഗ്നേച്ചര്‍ ഷോട്ടുകള്‍ തുടര്‍ച്ചയായി കളിച്ച് റിഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തുകയാണെന്ന് പറയാം.
റിഷഭ് ലഖ്‌നൗവിന് ബാധ്യതയാകുന്നു
റിഷഭ് പന്തിന്റെ പ്രകടനം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് ബാധ്യതയാകുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ക്രീസില്‍ ഡാന്‍സ് കളിക്കുകയാണ് റിഷഭ്. 27 കോടി രൂപ തിരിച്ചുവാങ്ങണമെന്നും നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. കെ എല്‍ രാഹുലായിരുന്നു ഇതിലും ഭേദമെന്നാണ് ആരാധകര്‍ പറയുന്നത്. ലഖ്‌നൗവിന്റെ നായകനായി മോശം പ്രകടനം നടത്തിയെന്ന പേരില്‍ രാഹുലിനെ ലഖ്‌നൗ ടീം ഉടമ പരസ്യമായി ശാസിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് രാഹുല്‍ ഇത്തവണ ടീം വിട്ടത്. പകരക്കാരനായെത്തിയ റിഷഭ് രാഹുലിനെക്കാളും തോല്‍വിയായി മാറുകയാണ്. ഇതേ പ്രകടനം തുടര്‍ന്നാല്‍ ടീം ഉടമ സഞ്ജീവ് ഗോയന്‍കെ റിഷഭിനെ ടീമിന് പുറത്താക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് റിഷഭ് പന്തുള്ളത്. സഞ്ജു സാംസണെയാണ് വിക്കറ്റ് കീപ്പറായി ഇന്ത്യ പരിഗണിക്കുന്നത്. റിഷഭിനെ മാറ്റിനിര്‍ത്താനുള്ള തീരുമാനം വളരെ ശരിയാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.