ഐപിഎല്ലിന്റെ പുതിയ സീസണില്‍ കളിക്കാരെ കൂടുതല്‍ ധനികരാക്കി മാറ്റുന്ന വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മല്‍സരത്തില്‍ പങ്കെടുക്കുന്നു കളിക്കാര്‍ക്കു ഇനി മുതല്‍ മാച്ച് ഫീ നല്‍കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഇതനുസരിച്ച് ഓരോ മല്‍സരത്തില്‍ കളിക്കുമ്പോഴും താരങ്ങള്‍ക്കു 7.5 ലക്ഷം രൂപ വീതം മാച്ച് ഫീയായി ലഭിക്കും. സീസണില്‍ ഫ്രാഞ്ചൈസി നല്‍കുന്ന ശമ്പളം കൂടെയാണിത്.
സീസണിലെ മുഴുവന്‍ ലീഗ് മല്‍സരങ്ങളിലും കളിക്കുകയാണെങ്കില്‍ ആ താരത്തിനു മാച്ച് ഫീയായി മാത്രം ലഭിക്കാന്‍ പോവുന്നത് 1.05 കോടി രൂപയാണ്. വരാനിരിക്കുന്ന സീസണില്‍ ടീമിലെ താരങ്ങള്‍ക്കു മാച്ച് ഫീയായി നല്‍കാന്‍ വേണ്ടി മാത്രം 12.60 കോടി രൂപയാണ് ഫ്രാഞ്ചൈസികള്‍ മാറ്റി വയ്‌ക്കേണ്ടി വരിക.

വരുമാനത്തില്‍ വന്‍ കുതിപ്പ്
ബിസിസിഐയുടെ പുതിയ പ്രഖ്യാപനത്തോടെ പുതിയ സീസണില്‍ താരങ്ങളുടെ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. ഒരൊറ്റ സീസണില്‍ മുഴുവന്‍ മല്‍സരങ്ങളിലും കളിച്ചു കഴിഞ്ഞാല്‍ തന്നെ ഒരു താരത്തിനു കോടിപതിയായി മാറാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതു കൂടുതല്‍ താരങ്ങളെ കഠിനാധ്വാനത്തിലൂടെ സ്വന്തം പ്രകടനം മെച്ചപ്പെടുത്താനും അതു വഴി പ്ലെയിങ് ഇലവനില്‍ കയറിപ്പറ്റാനും പ്രചോദിപ്പിക്കുകയും ചെയ്യും.
ചരിത്രപരമായ നീക്കമെന്നു ജയ് ഷാ
ചരിത്രപരമായ നീക്കമെന്നാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് എക്‌സിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിശേഷിപ്പിച്ചത്. നമ്മുടെ ക്രിക്കറ്റര്‍മാര്‍ക്കു ഓരോ കളിയിലും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീയെന്നത് ഞങ്ങള്‍ വലിയ ആവേശത്തോടെയാണ് അവതരിപ്പിക്കുന്നത്. ഒരു സീസണിലെ മുഴുവന്‍ ലീഗ് മല്‍സരങ്ങളിലും കളിക്കുന്ന താരത്തിനു കരാര്‍ പ്രകാരമുള്ള ശമ്പളം കൂടാതെ 1.05 കോടി രൂപ അധികമായി ലഭിക്കുകയും ചെയ്യുമെന്നും എക്‌സില്‍ ജയ് ഷാ കുറിച്ചു.

സ്ഥിരതയ്ക്കും പ്രകടനത്തിനുമുള്ള പ്രതിഫലം
കളിക്കാരുടെ സ്ഥിരതയ്ക്കും പ്രകടനത്തിനുമുള്ള നേരിട്ടുള്ള പ്രതിഫലം കൂടിയാണ് പുതുതായി തുടക്കമിട്ടിരിക്കുന്ന മാച്ച് ഫീ. ഇതു താരങ്ങളെ സീസണിലുടനീളം മികച്ച ഫോമില്‍ കളിക്കാനും ഇലവനില്‍ സ്ഥാനമുറപ്പിക്കാനും പ്രചോദിപ്പിക്കുകയും ചെയ്യും.
ചെറിയ പ്രതിഫലം കൈപ്പറ്റുന്ന ടീമിലെ താരങ്ങള്‍ക്കായിയിരിക്കും ഇതു ഏറ്റവുമധികം ഗുണം ചെയ്യുക. അതായത് 25 ലക്ഷം രൂപ മാത്രം സീസണില്‍ ശമ്പളമുള്ള ഒരു താരം പ്ലെയിങ് ഇലവനില്‍ തുടരുകയും എല്ലാ മല്‍സരവും കളിക്കുകയും ചെയ്താല്‍ മാച്ച് ഫീയായി മാത്രം 1.05 കോടി രൂപ പോക്കറ്റിലാക്കാം.