ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീടക്ഷാമം തീര്‍ക്കാന്‍ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ് എത്തുന്നു. അടുത്ത സീസണിനു മുമ്പ് ടീമിന്റെ മുഖ്യ കോച്ചായി അദ്ദേഹം ചേരുമെന്നാണ് ക്രിക്ക്ഇന്‍ഫോ (Espn Cricinfo) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇത്തവണ ഉറപ്പിച്ചു കഴിഞ്ഞെന്നാണ് വിവരം.
ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു ശേഷം മറ്റൊരു ടീമുമായും അദ്ദേഹത്തിനു കരാറില്ലായിരുന്നു. ചെറിയൊരു ബ്രേക്കിനു ശേഷം വീണ്ടും പരിശീലക കുപ്പായമണിയാന്‍ തയ്യാറെടുക്കുകയാണ് 'വന്‍മതില്‍'. നേരത്തേ റോയല്‍സിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിട്ടുള്ള ദ്രാവിഡ് ഇനി കോച്ചിന്റെ റോളില്‍ ടീമിനെ കിരീടത്തിലേക്കു നയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഈ ദൗത്യത്തിനു തന്നെ സഹായിക്കാന്‍ മറ്റൊരാളെ കൂടി അദ്ദേഹം ഒപ്പം കൂട്ടിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് കൂടിയായ വിക്രം റാത്തോഡാണിത്. റോയല്‍സിന്റെ അസിസ്റ്റന്റ് കോച്ചായാണ് അദ്ദേഹം സ്ഥാനമേല്‍ക്കുക. നേരത്തേ റോയല്‍സിന്റെ കോച്ചും ടീം ഡയറക്ടറുമായിരുന്ന ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയും ടീമിനൊപ്പം തന്നെ തുടരുമെന്നാണ് വിവരം. ഇത്തവണ അദ്ദേഹത്തിനു ടീം ഡയറക്ടറുടെ ചുമതല മാത്രമേയുണ്ടാവുകയുള്ളൂ.
ത്രില്ലടിച്ച് റോയല്‍സ് ഫാന്‍സ്
രാജസ്ഥാന്‍ റോയല്‍സ് കോച്ചായി രാഹുല്‍ ദ്രാവിഡ് വരുമെന്ന റിപ്പോര്‍ട്ട് ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ദ്രാവിഡും നായകന്‍ സഞ്ജു സാംസണുമുള്‍പ്പെട്ട കോമ്പിനേഷന്‍ റോയല്‍സില്‍ വലിയ വിജയങ്ങള്‍ കൈവരിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡുമുള്‍പ്പെട്ട പഴയ കോമ്പിനേഷന്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു മടങ്ങിയെത്തുകയാണ്. ഇതു സഞ്ജുവിനും ഗുണം ചെയ്യും. ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അദ്ദേഹം ക്യാപ്റ്റനായി കസറുകയും ടീമിനു ആദ്യ കിരീടം കൊണ്ടു വരികയും ചെയ്യുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
കന്നിക്കിരീടം ഇത്തവണ നേടും?
ഐസിസി ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച ശേഷമാണ് രാഹുല്‍ ദ്രാവിഡിന്റെ വരവ്. ഇനി രാജസ്ഥാന്‍ റോയല്‍സിന്റെയും കിരീടക്ഷാമം തീര്‍ക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സഞ്ജു സാംസണിന്റെ മികച്ച ക്യാപ്റ്റന്‍സിക്കൊപ്പം ദ്രാവിഡിന്റെ തന്ത്രങ്ങളും കൂടി ചേരുന്നതോടെ റോയല്‍സ് കൂടുതല്‍ അപകടകാരികളായി മാറും. നായകനെന്ന നിലയില്‍ കന്നിക്കിരീടം ഇത്തവണ സഞ്ജു സ്വന്തമാക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
രാഹുല്‍ ദ്രാവിഡ് എല്ലായ്‌പ്പോഴും ടീമിനു മുതല്‍ക്കൂട്ടാവുന്നയാളാണ്. അദ്ദേഹത്തെ കോച്ചായി കൊണ്ടുവരാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം ടീമിനു മുതല്‍ക്കൂട്ടായി മാറുമെന്നു ഉറപ്പുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ആവേശകരമായ നീക്കം
രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുക്കുന്ന രാഹുല്‍ ദ്രാവിഡിന് അഭിനന്ദനങ്ങള്‍. ഇതു വളരെയധികം ആവേശം കൊള്ളിക്കുന്ന തീരുമാനം തന്നെയാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തുെം തന്ത്രങ്ങളുമെല്ലാം റോയല്‍സിനു തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറുക തന്നെ ചെയ്യും. ക്യാപ്റ്റന്‍ സഞ്ജു സാംസണിനും ഈ നീക്കം വലിയ ഗുണമായി മാറും. ഐപിഎല്‍ കിരീടമുള്ള ക്യാപ്റ്റന്‍മാരുടെ നിരയില്‍ വൈകാതെ അദ്ദേഹത്തെയും നമുക്കു കാണാന്‍ സാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
സഞ്ജുവിനു പ്ലസ് പോയിന്റ്
സഞ്ജു സാംസണിനായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ വരവ് ഏറ്റവുമധികം ഗുണം ചെയ്യുക. കാരണം കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക റോളാണ് ദ്രാവിഡിനുള്ളത്. സഞ്ജുവിനു റോയല്‍സിനൊപ്പം ഐപിഎല്‍ അരങ്ങേറ്റത്തിനു അവസരമൊരുക്കി കൊടുത്തതും അദ്ദേഹമാണ്.
സഞ്ജുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ ക്രിക്കറ്ററും ദ്രാവിഡായിരുന്നു. അത്രയും നല്ല ബന്ധമാണ് ഇവര്‍ക്കിടയിലുള്ളത്. ഇപ്പോള്‍ താന്‍ വളര്‍ത്തിക്കൊണ്ടുവന്ന സഞ്ജുവിനൊപ്പം റോയല്‍സില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദ്രാവിഡിനു കാര്യങ്ങള്‍ വളരെ എളുപ്പമായി മാറുമെന്നും ആരാധകര്‍ കുറിക്കുന്നു.