ചണ്ഡീഗഡ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള യഥാര്‍ഥ കാരണം പുറത്ത്. ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തിനിടെയാണ് ഇതു മറനീക്കി പുറത്തുവന്നത്.
ആര്‍സിബി എട്ടു വിക്കറ്റിന്റെ ആധികാരിക വിജയവുമായി ഫൈനലിലേക്കു കുതിച്ച ഈ മല്‍സരത്തില്‍ കോലിക്കു ബാറ്റിങില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. 12 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 12 റണ്‍സ് അദ്ദേഹം മടങ്ങുകയായിരുന്നു. പേസര്‍ കൈല്‍ ജാമിസണാണ് കോലിയുടെ വമ്പന്‍ വിക്കറ്റ് പോക്കറ്റിലാക്കിയത്.

വിരമിക്കിലിനു പിന്നില്‍?
റെഡ് ബോള്‍ ക്രിക്കറ്റില്‍ വിരാട് കോലിയെ സമീപകാലത്തു വിടാതെ പിന്തുടരുന്ന വീക്ക്‌നെസ് ഓഫ്സ്റ്റംപിനു പുത്തേക്കു പോവുന്ന ബോളുകളില്‍ എഡ്ജാവുകയെന്നതാണ്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഒരിന്നിന്നിങ്‌സിലൊഴികെ ബാക്കിയുള്ളവയിലെല്ലാം ഇതേ രീതിയിലാണ് കോലി ഔട്ടായത്.
ഫോര്‍ത്ത്-ഫിഫ്റ്റ് സ്റ്റംപ് ലൈനിലൂടെ പോവുന്ന തീര്‍ത്തും നിരുപദ്രവകാരികളായ ബോളിനെതിരേ ഷോട്ടിനു ശ്രമിച്ചോ, പ്രതിരോധിക്കാന്‍ ശ്രമിച്ചോ എഡ്ജായി വിക്കറ്റ് കീപ്പര്‍ക്കും സ്ലിപ്പ്് ഫീല്‍ഡര്‍ക്കുമെല്ലാം അദ്ദേഹം നിരന്തരം വിക്കറ്റുകള്‍ സമ്മാനിക്കുകയാണ്. കോലിയുടെ ഈ വീക്ക്‌നെസ് മനസ്സിലായതോടെ എതിര്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ ഇതേ തന്ത്രമാണ് നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം അവരുടെ കെണിയില്‍ കൃത്യമായി വീഴുകയും ചെയ്യുന്നു.
ഇനി ഐപിഎല്ലിലേക്കു വന്നാല്‍ പഞ്ചാബ് കിങ്‌സുമായുള്ള ആദ്യ ക്വാളിഫയറില്‍ കോലി പുറത്തായതും ഇതേ രീതിയിലുള്ള ബോളില്‍ തന്നെ. പഞ്ചാബിന്റെ ന്യൂസിലാന്‍ഡ് പേസറായ കൈല്‍ ജാമിസണ്‍ തന്റെ ഉയരം നന്നായി മുതലെടുത്ത് അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നു. ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് ജാമിസണ്‍ പരീക്ഷിച്ചത്. പിച്ചില്‍ നിന്നും എക്‌സ്ട്രാ ബൗണ്‍സും അദ്ദേഹത്തിനു ലഭിച്ചു.
നിന്നയിടത്തു നിന്നു തന്നെ കോലി ഒരു ഷോട്ടിനു ശ്രമിക്കുകയും എഡ്ജായി നേരെ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തുകയുമായിരുന്നു. ഈ പുറത്താവലിനു പിന്നാലെയാണ് യഥാര്‍ഥത്തില്‍ കോലി ടെസ്റ്റ് മതിയാക്കാനുള്ള കാരണമെന്താണെന്നു പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിച്ചത്.
ഇംഗ്ലണ്ടുമായുള്ള കടുപ്പമേറിയ അഞ്ചു ടെസ്റ്റുകളുടെ പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. അതിനുടെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പിന്നാലെ കോലിയും ടെസ്റ്റ് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഓഫ്സ്റ്റംപിനു പുറത്തുള്ള കോലിയുടെ വീക്ക്‌നെസ് തീര്‍ച്ചയായും മുതലാക്കപ്പെടുന്നമെന്നുറപ്പമാണ്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ സംഭവിച്ചതും ഇതായിരുന്നു. ഇംഗ്ലീഷ് പേസര്‍മാര്‍ തന്റെ വിക്ക്‌നെസ് ചൂഷണം ചെയ്യുമെന്നു ബോധ്യമായതോടൊയാണ് കോലി ടെസ്റ്റ് നിര്‍ത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആരാധകര്‍ പറയുന്നതെന്ത്?
ഇംഗ്ലണ്ട് പര്യടനം പടിവാതില്‍ക്കെ നില്‍ക്കവെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും എന്തുകൊണ്ടാണ് പൊടുന്നനെ വിരമിച്ചതെന്നു വിരാട് കോലി തന്നെ അബദ്ധത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഓഫ്‌സ്റ്റംപിന് പുറത്ത് ആരെറിഞ്ഞാലും വിക്കറ്റ് സമ്മാനിക്കുമെന്നു പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ അദ്ദേഹം കാണിച്ചു തന്നു. ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള കോലിയുടെ തീരുമാനം തന്നെയാണ് ശരിയെന്നും ആരാധകര്‍ കുറിക്കുന്നു.
വിരാട് കോലിയുടെ വിരമിക്കലില്‍ ഇനി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെയോ, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയോ വിമര്‍ശിക്കരുത്. രണ്ടു പേര്‍ക്കും അതില്‍ റോളില്ല. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ താന്‍ അപമാനിതനാവുമെന്നു കോലിക്കു ഉറപ്പായിരുന്നു. ആദ്യ ക്വാളിഫയറിലെ പുറത്താവലും ഇതാണ് തെളിയിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.