മുംബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ഇത്തവണത്തെ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടിയ നാലാമത്തെയും അവസാനത്തെയും ടീമായി മാറിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന അവസാന പോരാട്ടത്തില്‍ ഡിസിയെ 59 റണ്‍സിനാണ് മുംബൈ മുക്കിയത്. കളിയുടെ തുടക്കത്തില്‍ ബാറ്റിങില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് മുംബൈയുടെ സര്‍വാധിപത്യമാണ് കളിയില്‍ കണ്ടത്.
മുംബൈ നല്‍കിയ 181 റണ്‍സിന്റെ വിജയലക്ഷ്യം ഡിസിക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 18.2 ഓവറില്‍ വെറും 121 റണ്‍സിനാണ് ഡിസി കൂടാരം കയറിയത്. അതിനിടെ ഈ കളിയില്‍ അംപയറുടെ ചില മോശം തീരുമാനങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുംബൈയ്ക്കു അനുകൂലമായെടുത്ത ഈ തീരുമാനങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ശക്തമാണ്.

Photocredit: JioHotstar
അംപയറും മുംബൈ ടീമില്‍?
മുംബൈ ഇന്ത്യന്‍സിനു വേണ്ടി തന്നെയാണോ അംപയറും കളിച്ചതെന്നും അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഈ തരത്തില്‍ അവര്‍ക്കു അനുകൂലമായി മാത്രം തീരുമാനങ്ങളുണ്ടാവുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നു. വലിയ വിവാദമായി മാറിയ കളിയിലെ മൂന്നു തീരമാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ അക്കിട്ടു നിരത്തുകയും ചെയ്യുന്നു.
ഡിസിക്കായി മൂന്നാം നമ്പറില്‍ കളിച്ചി വിക്കറ്റ് കീപ്പര്‍ അഭിഷേക് പൊറെലിന്റെ പുറത്താവലാണ് ആദ്യത്തെ വിവാദത്തിനു തിരികൊളുത്തിയത്. വില്‍ ജാക്‌സെറിഞ്ഞ അഞ്ചാം ഓവറിലാണ് ഇടംകൈയന്‍ ബാറ്ററായ അദ്ദേഹം പുറത്തായത്. രണ്ടാമത്തെ ബോളില്‍ അല്‍പ്പം മുന്നോട്ടു കയറി ഡ്രൈവിനു ശ്രമിച്ച പൊറെലിനെ മികച്ചൊരു സ്റ്റംപിങിലൂടെ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെല്‍റ്റണ്‍ മടക്കുകയായിരുന്നു.
എന്നാല്‍ റിക്കെല്‍റ്റണ്‍ സ്റ്റംപിങ് നടത്തുമ്പോള്‍ പൊറെലിന്റെ ഒരു കാല്‍ ക്രീസിനകത്തു ടച്ച് ചെയ്തിരുന്നതായും പക്ഷെ തേര്‍ഡ് അംപയര്‍ ഇതു കണ്ടില്ലെന്നു നടിച്ചാണ് ഔട്ട് വിധിച്ചതെന്നും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ പലരും വാദിക്കുന്നു.
ഡിസി താരം വിപ്രാജ് നിഗമിന്റെ ഒരു ഫോറാണ് മറ്റൊരു വിവാദത്തിനു തിരികൊളുത്തിയത്. അഞ്ചാമത്തെ ഓവറിലായിരുന്നു ഈ സംഭവം. ഓവറിലെ മൂന്നാമത്തെ ബോളില്‍ താരം സിക്‌സര്‍ പറത്തിയിരുന്നു.
പക്ഷെ അടുത്ത ബോളില്‍ മിഡ് ഓഫിലൂടെ വിപ്രാജ് വീണ്ടുമൊരു സിക്‌സര്‍ നേടിയെങ്കിലും അംപയര്‍ അതു ഫോറാണ് വിധിച്ചതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ബൗണ്ടറ് ലൈനിനു പുറത്താണ് ബോള്‍ വീണതെന്നു വ്യക്തമായി കാണാം. പക്ഷെ അംപയര്‍ റീപ്ലേകള്‍ പരിശോധിക്കാനോ ഡിസിക്കു സിക്‌സര്‍ നല്‍കാനോ തയ്യാറായില്ലെന്നും ക്രിക്കറ്റ് പ്രേമികള്‍ വിമര്‍ിശിക്കുന്നു. ഇതുകൊണ്ടും തീര്‍ന്നില്ല.

Photocredit: JioHotstar
വിപ്രാജിന്റെ പുറത്താവലുമയി ബന്ധപ്പെട്ടും വിവാദം കത്തുകയാണ്. നോ ബോളിലാണ് താരും ഔട്ടായതെന്നും പക്ഷെ അംപയര്‍ ഇവിടെയും കണ്ണടച്ചതായും ക്രിക്കറ്റ് പ്രേമികള്‍ ആരോപിക്കുന്നു. മിച്ചെല്‍ സാന്റനര്‍ എറിഞ്ഞ എട്ടാമത്തെ ഓവറിലെ അവസാന ബോൡലാണ് വിപ്രാജ് മടങ്ങുന്നത്.
ഗുഡ്‌ലെങ്ത്ത് ബോളിനെതിരേ ബാക്ക്ഫൂട്ടില്‍ പഞ്ച് ചെയ്യാനുള്ള താരത്തിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. ബോള്‍ നേരെ സാന്റ്‌നറുടെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം ഇതു അനായാസം പിടികൂടുകയും ചെയ്തു.
എന്നാല്‍ ഈ ബോളെറിയുമ്പോള്‍ സാന്റ്‌നറുടെ കാലുകള്‍ ക്രീസിലെ മാര്‍ക്കിങിനു പുറത്തായിരുന്നുവെന്നും പക്ഷെ അംപയര്‍ അതു നോ ബോള്‍ വിധിച്ചില്ലെന്നുമാണ് വിമര്‍ശകരുടെ വാദം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും തെളിവായി അവര്‍ പങ്കുവയ്ക്കുന്നു.