ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാസണിനെ കാണാനാാവുമോ ? ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്നത് അദ്ദേഹത്തിന്റെ കൂടുമാറ്റത്തെ കുറിച്ചാണ്. കരിയറിന്റെ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സ് കുടുംബത്തിന്റെ ഭാഗമായ സഞ്ജു വലിയൊരു മാറ്റത്തിനു തയ്യാറെടുക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.
പക്ഷെ അദ്ദേഹം ഇങ്ങനെയൊരു നീക്കം താന്‍ പ്ലാന്‍ ചെയുന്നതായി സൂചനകളൊന്നും നല്‍കുകയും ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. റോയല്‍സ് വിടാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന അദ്ദേഹം ഇതിലൂടെ നല്‍കി കഴിഞ്ഞുവെന്നാണ് പലരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സഞ്ജുവിന്റെ പോസ്റ്റ്
ഐപിഎല്ലിന്റെ 18ാം സീസണ്‍ അവസാനിച്ചതോടെ ചെറിയൊരു ബ്രേക്കിലാണ് സഞ്ജു സാംസണ്‍. ഭാര്യ ചാരുലതയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ അദ്ദേഹം ലണ്ടനിലെത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. അവിടെ നിന്നുള്ള ഒരു ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമിലൂടെ സഞ്ജു പങ്കുവച്ചിരിക്കുന്നത്. ഇതിനു അദ്ദേഹം നല്‍കിയ ഒരു ക്യാപ്ഷനാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.
ചാരുലതയുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്യാന്‍ സഞ്ജു കാത്തുനില്‍ക്കുന്നതാണ് ഈ ചിത്രം. ടൈം ടു മൂവ് (നീങ്ങാന്‍ സമയമായി) എന്നൊരു ക്യാപ്ഷനാണ് ആശ്ചര്യചിഹ്നത്തോടൊപ്പം ഫോട്ടോയ്ക്ക് താഴെ അദ്ദേഹം നല്‍കിയിട്ടുള്ളത്. കൂടാതെ ഏഴാം അറിവ് എന്ന തമിഴ് സിനിമയിലെ മുന്‍ അന്തിയെന്ന ഗാനവും ഈ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാന്‍ സാധിക്കും.
ഇതോടെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്നു ആരാധകരും ഉറപ്പിച്ചിരിക്കുന്നത്. ഫോട്ടോയ്ക്കു താഴെ പലരും ഇതേക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സഞ്ജു ഇവയോടൊന്നും പ്രതികരിച്ചിട്ടുമില്ല. സഞ്ജു ബ്രോ, രാജസ്ഥാനില്‍ നിന്നും പോവല്ലേയെന്നായിരുന്നു ഒരു കമന്റ്. സഞ്ജു, നിങ്ങള്‍ സിഎസ്‌കെയിലേക്കു വരൂ. പ്ലീസ് ട്രേഡ് സ്വീകരിക്കൂയെന്നു മറ്റൊരാളും കുറിച്ചു. സിഎസ്‌കെയിലേക്കു സഞ്ജു മൂവ് ചെയ്യുകയാണെന്നായിരുന്നു മറ്റൊരു കമന്റ്.
തമിഴ് ഗാനം, ക്യാപ്ഷന്‍ എന്നിവയെല്ലാം സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം സഞ്ജു സ്ഥിരീകരിച്ചിരിക്കുകയാണെന്നും മറ്റൊരാള്‍ കുറിച്ചു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് വിടല്ലേയെന്നായിരുന്നു മറ്റൊരു വിഭാഗം ആരാധകര്‍ അദ്ദേഹത്തോടു അഭ്യര്‍ഥിച്ചത്.
23 കോടിയുടെ ഓഫര്‍ ?
ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് മിനി താരലേലം നടക്കാനിരിക്കുകയാണ്. അതിനു മുമ്പ് ട്രേഡ് വിന്‍ഡോ തുറക്കുകയും ചെയ്യും. ലീഗിലെ ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം കളിക്കാരെ വാങ്ങാനും വില്‍ക്കാനുമെല്ലാം ഇതിലൂടെ സാധിക്കുകയും ചെയ്യും. മുന്‍ ട്രേഡ് വിന്‍ഡോയില്‍ ഈ തരത്തില്‍ പല കൂടുമാറ്റങ്ങള്‍ നേരത്തേ കാണുകയും ചെയ്തിട്ടുള്ളത്.

ഇതില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് 2023ലെ ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നതായിരുന്നു. ട്രേഡ് വിന്‍ഡോ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഈ സര്‍പ്രൈസ് കൂടുമാറ്റം.
സമാനമായൊരു ട്രേഡ് സഞ്ജു സാംസണിന്റെ കാര്യത്തിലും സംഭവിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളാന്‍ സാധിക്കില്ല. അദ്ദേഹത്തെ വാങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ തീര്‍ച്ചയായും രംഗത്തിറങ്ങുമെന്നു പല തമിഴ് മാധ്യമങ്ങളു ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അതിനു വേണ്ടി 23 കോടി വരെ മുടക്കാന്‍ സിഎസ്‌കെ തയ്യാറായിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതു മാത്രമല്ല, സഞ്ജുവിനെ വിട്ടു നല്‍കണമെങ്കില്‍ പകരം ഒരു താരത്തെ തങ്ങള്‍ക്കു കൈമാറാനും റോയല്‍സ് ആവശ്യപ്പെട്ടേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആയിരിക്കും റോയല്‍സ് ചോദിച്ചേക്കുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.