ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെ കണ്ട പല ടീമുകള്‍ക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ഇത്തരത്തിലൊരു ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് ഇത്തവണ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെന്ന് പറയാം. ആറ് മത്സരത്തില്‍ നാലിലും ടീം തോറ്റു. രാജസ്ഥാന്റെ നിലവാരം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതാണ് വസ്തുത.
വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്തിരിക്കുന്ന മലയാളിയെന്ന നിലയില്‍ സഞ്ജുവിന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ടീമിന്റെ തോല്‍വിയില്‍ ആരാധകര്‍ക്കും വലിയ നിരാശയുണ്ടാകുന്നു. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് നായകന്റെ വിഷു ആഘോഷത്തിന്റെ ഒരു എഐ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മുണ്ടുടുത്ത സഞ്ജു സാംസണിനൊപ്പം വിഷു ആഘോഷത്തില്‍ പങ്കെടുക്കുന്നത് ആരൊക്കെയാണെന്നതാണ് രസകരമായ കാര്യം. അതുകൊണ്ടുതന്നെയാണ് വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയത്. എഐ വീഡിയോയില്‍ ഉള്‍പ്പെട്ട രസകരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
റൊണാള്‍ഡോയ്‌ക്കൊപ്പം ഊണ് കഴിക്കുന്ന സഞ്ജു
വീഡിയോയിലെ മുഖ്യ ആകര്‍ഷണം ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവതരിപ്പിച്ച രീതിയാണ്. മുണ്ടുടുത്ത് ചന്ദനക്കുറി തൊട്ട റൊണാള്‍ഡോ സഞ്ജു സാംസണൊപ്പം ഇലയില്‍ ചോറുണ്ണുന്നതാണ് വീഡിയോയില്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ച്ചിരിക്കുന്നത്. റൊണാള്‍ഡോയെ ഇത്തരമൊരു രൂപത്തില്‍ ആരും തന്നെ പ്രതീക്ഷിക്കില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനൊപ്പം മുണ്ടുടുത്ത റൊണാള്‍ഡോയെ സൃഷ്ടിച്ചപ്പോള്‍ അത് വളരെ ആകര്‍ഷണീയമായി.
സഞ്ജുവും റൊണാള്‍ഡോയും വിഷു ആഘോഷിക്കുന്ന എഐ വീഡിയോ ഇവിടെ കാണാം
റൊണാള്‍ഡോയേയും സഞ്ജുവിനേയും എഐയില്‍ മനോഹരമായിത്തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ആസ്വദിച്ച് റൊണാള്‍ഡോ ഭക്ഷണം കഴിക്കുന്നത് വീഡിയോയില്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു രസകരമായ കാര്യം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പപ്പടം കാച്ചുന്നത് ഈ വീഡിയോയിലുള്ളതാണ്. തോര്‍ത്ത് മുണ്ടുടുത്ത് തലയില്‍ തോര്‍ത്തുംകെട്ടി മസില്‍ മാനായ റൊണാള്‍ഡോ അടുക്കളയില്‍ നിന്ന് പപ്പടം കാച്ചുന്നത് വളരെ രസകരമായിട്ടുണ്ട്. ഇതുവരെ ആരും പരീക്ഷിക്കാത്ത ആശയമാണിത്. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വിഷുകൈനീട്ടം കൊടുത്തും കൃഷ്ണ വേഷത്തിലും റൊണാള്‍ഡോ
ക്രിസ്റ്റിയാനോ റൊണാള്‍ഡോ മലയാളി ആരാധകര്‍ക്കിടയില്‍ വലിയ ആരാധക പിന്തുണയുള്ള ഫുട്‌ബോള്‍ താരമാണ്. അതുകൊണ്ടാണ് സഞ്ജുവിനൊപ്പം റൊണാള്‍ഡോയെ ഇത്തരമൊരു ആശയത്തില്‍ ഉള്‍പ്പെടുത്തിയത്. 'ദി എഐ മാന്ത്രികന്‍' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് റൊണാള്‍ഡോയുടേയും സഞ്ജുവിന്റേയും രസകരമായ വിഷു ആഘോഷത്തിന്റെ വീഡിയോയുള്ളത്. കണിക്കൊന്നയും നിലവിളക്കും ഒരുക്കിയിരിക്കുന്നതിനടുത്ത് കുട്ടികളോടൊപ്പം ഇരിക്കുകയും അവര്‍ക്ക് വിഷുകൈനീട്ടം നല്‍കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
കൃഷ്ണന്റെ വേഷത്തില്‍ റൊണാള്‍ഡോ എത്തുന്നതും മകനെ കണ്ണുപൊത്തി കണികാണിക്കുന്നത് അമ്പലത്തില്‍ തൊഴുന്നതുമെല്ലാം വീഡിയോയിലുണ്ട്. കമ്പിത്തിരി കത്തിച്ച് വിഷു ആഘോഷിക്കുന്ന റൊണാള്‍ഡോയേയും ഈ വീഡിയോയില്‍ കാണാം. എന്തായാലും സഞ്ജുവും റൊണാള്‍ഡോയും ചേര്‍ന്നുള്ള വിഷു ആഘോഷമെന്ന ആശയം മനോഹരമായി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയും ചെയ്തു.
സഞ്ജു ഐപിഎല്ലിന്റെ തിരക്കില്‍
സഞ്ജു സാംസണ്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്‍ കളിക്കുന്ന തിരക്കിലാണ്. കേരളത്തിന് വലിയ അഭിമാനമാവുന്ന കായിക താരമാണ് സഞ്ജു. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയിലേക്കുള്ള സഞ്ജുവിന്റെ വളര്‍ച്ച വളരെ അഭിമാനം നല്‍കുന്നതാണ്. ഐപിഎല്ലില്‍ രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ കൂടി സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ കൂടി രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതകളേറെയാണ്.