വലിയ പ്രതീക്ഷകളുമായി ഈ സീസണിലെ ഐപിഎല്ലില്‍ കൡക്കാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു അടിമുടി പാളിയിരിക്കുകയാണ്. ടീമിന്റെ മോശം പ്രകടനവും നായകന്‍ സഞ്ജു സാംസണിന്റെ പരിക്കുമെല്ലാം റോയല്‍സിനെ തളര്‍ത്തുക തന്നെ ചെയ്തു. ഇത്തവണ ഇനി അവര്‍ പ്ലേഓഫില്‍ കടക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടതുണ്ട്.
അതിനിടെ റോയല്‍സ് ടീമിനകത്തു കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന തരത്തിലുള്ള സൂചനകള്‍ നല്‍കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഞ്ജുവിന്റെ അഭാവത്തില്‍ ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായ റിയാന്‍ പരാഗ് ടീമംഗമായ തുഷാര്‍ ദേശ്പാണ്ഡെയോടു മോശമായി പെരുമാറുന്നതാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടതോടെ റോയല്‍സ് ടീം തന്നെ ഇതിനു പിന്നിലെ യാഥാര്‍ഥ്യമെന്താണെന്നു പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ് എന്താണ് സംഭവമെന്നും ഇതില്‍ റോയല്‍സ് ടീം നല്‍കി വിശദീകരണം എന്താണെന്നു നോക്കാം.

പരാഗിനെ വെട്ടിലാക്കിയ സംഭവമെന്ത്?
രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്ററന്‍സും തമ്മില്‍ അവസാനമായി ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന കളിക്കിടെയാണ് വിവാദ സംഭവം. പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയുമായി റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടിനെയും മറ്റൊരു ടീം ഒഫീഷ്യലിനെയും ഇവര്‍ക്കൊപ്പം കാണാം.
തുഷാര്‍ ദേശ്പാണ്ഡെയെ റിയാന്‍ പരാഗ് ശകാരിക്കുന്ന വീഡിയോ കാണാം
വളരെ ഗൗരവത്തിലാണ് തുഷാറുമായി പരാഗ് സംസാരിക്കുന്നത്. പെട്ടെന്നു പരാഗിന്റെ മുഖഭാവം മാറുന്നതും തുടര്‍ന്നു ക്ഷുഭിതനായ അദ്ദേഹം തുഷാറിനു നേരെ വിരല്‍ ചൂണ്ടി സംസാരിക്കുകയും ചെയുന്നതു ദൃശ്യങ്ങളിലുണ്ട്. ഇതു കണ്ട ബൗളിങ് കോച്ച് ബോണ്ട് ഇരുവര്‍ക്കുമിടയില്‍ ഇടപെടുകയും പരാഗിനെ പിറകിലക്കു പിടിച്ചു മാറ്റുകയും പരാഗിനെ തോളില്‍ കൈയിട്ടു മുന്നിലേക്കു കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായി മാറുകയും പരാഗിനെതിര രൂക്ഷ വിമര്‍ശനങ്ങളും ഉയരുകയായിരുന്നു. സഞ്ജു സാംസണിന്റെ അഭാവത്തില്‍ പരാഗ് നായകസ്ഥാനം ഏറ്റെടുത്തതോടെ ടീമിനകത്തെ ഐക്യം നഷ്ടമായെന്നും ആരാധകര്‍ തുറന്നടിക്കുകയും ചെയ്തു.

SCREESHOT: Jiohotstar
വീഡിയോക്കു പിന്നിലെ സത്യം
രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെയാണ് ഈ വീഡിയോക്കു പിന്നിലെ യാഥാര്‍ഥ്യം എന്താണെന്നു ആരാധകരെ അറിയിച്ചത്. വൈറലായി മാറിയ വീഡിയോ ടീമംഗമായ ഷിംറോണ്‍ ഹെറ്റ്്‌മെയര്‍ക്കൊപ്പം തുഷാര്‍ ദേശ്പാണ്ഡെ ഫോണില്‍ കാണുകയും തുടര്‍ന്നു യഥാര്‍ഥത്തില്‍ എന്താണ് അന്നു സംഭവിച്ചതെന്നും വിശദീകരിക്കുകയായിരുന്നു
സാന്‍ഡിക്കു (സന്ദീപ് ശര്‍മ) അപ്പോള്‍ രണ്ടു ബോളുകള്‍ ബാക്കിയുണ്ടായിരുന്നു. ഈ രണ്ടു ബോളുകള്‍ ആരാണ് എറിയുകയെന്നും ഞാന്‍ റിയാനോടു (റിയാന്‍ പരാഗ്) ചോദിക്കുകയായിരുന്നു. പക്ഷെ ഗ്രൗണ്ടിലെ ബഹളം കാരണം റിയാന്‍ ഇതു ശരിക്കും കേട്ടില്ല.
രണ്ടോവറുകള്‍ ആരാണ് ബൗള്‍ ചെയ്യുകയെന്നാണ് ഞാന്‍ ചോദിച്ചതെന്നാണ് റിയാന്‍ കരുതിയത്. യുധ്വീറും ജോഫ്രയും എറിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടോവറല്ല, രണ്ടു ബോളുകളെന്നാണ് ഞാന്‍ പറഞ്ഞതെന്നു വീണ്ടും റിയാനോടു വീണ്ടും പറയുകയായിരുന്നുവെന്നും തുഷാര്‍ ഈ വീഡിയോയില്‍ വ്യക്തമക്കി.
വിവാദ വീഡിയോക്കു ശേശം റോയസല്‍സ് പുറത്തുവിട്ട വിശദീകരണ വീഡിയോകാണാം
തുഷാര്‍ ഇതു പറഞ്ഞതിനു പിന്നാലെ റിയാന്‍ പരാഗും കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിച്ചു. ബാക്കിയുള്ള രണ്ടു ബോളുകള്‍ യുധ്വീര്‍ എറിയുകയും സാന്‍ഡി ഭായ് പോവുകയും ചെയ്താല്‍ യുധ്വീറിനു വീണ്ടുമൊരു ഓവര്‍ എറിയാന്‍ കഴിയില്ല. നാലു ബോള്‍ മാത്രമേ എറിയാനാവൂ.
അതുകൊണ്ടു തന്നെ ആ രണ്ടു ബോള്‍ താന്‍ എറിയാമെന്നാണ് തുഷാര്‍ എന്നോടു പറഞ്ഞത്. പക്ഷെ രണ്ടോവറെന്നാണ് ഞാന്‍ കേട്ടത്. ഈ സമയത്തു ബോണ്ടി (ഷെയ്ന്‍ ബോണ്ട്്) എന്തോ പറയുന്നുണ്ടായിരുന്നു. തുടര്‍ന്നു അദ്ദേഹം എന്നെ അവിടെ നിന്നും മാറ്റുകയായിരുന്നെന്നും പരാഗ് വിശദീകരിച്ചു.