ജയ്പൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഒമ്പതു വിക്കറ്റിന്റെ വന്‍ പരാജയമാണ് രാജസ്ഥാന്‍ റോയല്‍സിനു നേരിടേണ്ടി വന്നത്. സീസണില്‍ റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയം കൂടിയാണിത്. കളിയുടെ എല്ലാ മേഖലയിലും ഒരു പോലെ ഫ്‌ളോപ്പായി മാറിയതാണ് സഞ്ജു സാംസണിനും സംഘത്തിനിനും തിരിച്ചടിയായത്.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 174 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍സിബിക്കു മുന്നില്‍ വച്ചത്. പക്ഷെ ഓപ്പണിങ് ജോടികളായ ഫില്‍ സാള്‍ട്ടിന്റെയും വിരാട് കോലിയുടെയും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ആര്‍സിബിയുടെ ജയം എളുപ്പമാക്കി. 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആര്‍സിബി വിജയത്തിലെത്തുകയും ചെയ്തു.
എന്നാല്‍ ഈ കളിക്കിടെയുണ്ടായ ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റോയല്‍സ് ടീം മല്‍സരത്തില്‍ കള്ളത്തരം കാണിച്ചോയെന്നു പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് സംഭവമെന്നറിയാം.

ബാറ്റ് പരിശോധിച്ചത് എന്തിന്?
രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിങ്‌സിനിടെ വെടിക്കെട്ട് ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ ബാറ്റ് ഓണ്‍ഫീല്‍ഡ് അംപയര്‍ വിശദമായി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതോടെ ഹെറ്റ്‌മെയര്‍ ബാറ്റില്‍ കൃത്രിമം കാണിച്ചോയെന്നു പലരും സംശയവും പ്രകടിപ്പിച്ചിരിക്കുകയാണ്.
17ാമത്തെ ഓവറിലെ അവസാനത്തെ ബോളില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായതിനു ശേഷമാണ് ഹെറ്റ്‌മെയര്‍ ക്രീസിലെത്തിയത്. 18ാം ഓവറില്‍ പന്തെറിയാനെത്തിയത് പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറാണ്. ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിടുന്നതിനു മുമ്പാണ് അംപയര്‍ ഹെറ്റ്‌മെയറുടെ അടുത്തേക്കു വന്ന ശേഷം ബാറ്റ് പരിശോധിച്ചത്. ഇതേ തുടര്‍ന്നു കളി അല്‍പ്പനേരം വൈകുകയും ചെയ്തു.
അനുവദിക്കപ്പെട്ട വലിപ്പമുള്ള ബാറ്റ് തന്നെയാണോ ഹെറ്റ്‌മെയറുടെ കൈയിലുള്ളതെന്നായിരുന്നു അംപയര്‍ പരിശോധിച്ചത്. ഐപിഎല്ലിന്റെ നിയമാവലിയിലെ 5.7 പ്രകാരം ബാറ്റിന്റെ വീതിയെയും നീളത്തെയും കുറിച്ച് കൃത്യമായ നിര്‍വചനമുണ്ട്. ബാറ്റിന്റെ ഓവറോള്‍ നീളം 38 ഇഞ്ച് / 96.52 സെമിക്കു മുകളില്‍ കടക്കാന്‍ പാടുളളതല്ല. ബാറ്റിന്റെ ബ്ലേഡ് (blade) നോക്കിയാല്‍ അതിന്റെ വീതി 4.2 ഇഞ്ച്/ 10.8 സെമിയും ആഴം 2.64 ഇഞ്ച് / 6.7 സെമിയും എഡ്ജുകള്‍ 1.56 ഇഞ്ച്/ 4.0 സെമിയും ആയിരിക്കണം.
പരിശോധനയില്‍ തോറ്റാല്‍ എന്ത് സംഭവിക്കും?
അംപയറുടെ പരിശോധനയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ ബാറ്റ് പാസാവുകയും ഇതേ തുടര്‍ന്നു താരം ഇതേ ബാറ്റ് തന്നെ ഉപയോഗിച്ച് ബാറ്റിങ് ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ ഈ പരിശോധനില്‍ ഹെറ്റ്‌മെയറുടെ ബാറ്റ് പരാജയപ്പെടുകയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നാണ് പലരുടെയും സംശയം.

ഐപിഎല്ലിന്റെ നിയമാവലിയില്‍ ഇതേക്കുറിച്ചുള്ള ശിക്ഷയെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. പരിശോധനില്‍ വിജയിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ ആ താരത്തോടു ബാറ്റ് മാറ്റിയ ശേഷം അനുവദനീയമായ അളവിലുള്ള ബാറ്റുമായി കളിക്കാനാണ് ആവശ്യപ്പെടുക. അല്ലാതെ നിയമലംഘനം നടത്തിയാല്‍ പിഴയോ, വിലക്കോ പോലുളള ശിക്ഷകളൊന്നും തന്നെ ഒരു താരത്തിനു നേരിടേണ്ടി വരില്ല.
അതേസമയം, ഇംഗ്ലീഷ് കൗണ്ടി ടീമായ എസെക്‌സിനു കഴിഞ്ഞ സീസണില്‍ നിയമലംഘനം നടത്തിയതിനു വലിയ വില കൊടുക്കേണ്ടി വന്നിരുന്നു. എസെക്‌സും നോട്ടിങ്ഹാംഷെയറും തമ്മിലുള്ള കളിയിലായിരുന്നു സംഭവം.
എസെക്‌സ് താരം ഫിറോസ് ഖുഷിയാണ് അനുവദിക്കപ്പെട്ടതിലും വലിയ ബാറ്റുമായി കളിക്കാനിറങ്ങിയത്. അംപയറുടെ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതേ തുടര്‍ന്നു എകെ്‌സിന്റെ 12 പോയിന്റ് പിഴയായി വെട്ടിക്കുറച്ചിരുന്നു.