പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വളരെയധികം പരിതാപകരമായ ഐപിഎല്‍ സീസണാണ് കടന്നുപോവുന്നത്. പ്ലേഓഫില്‍ കടക്കാനായില്ലെന്നു മാത്രമല്ല, പോയിന്റ് പട്ടികയില്‍ ഇനി അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെടുമേണ്ടി വരുേേമായെന്ന ആശങ്കയും റോയല്‍സിനുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് സഞ്്ജു സാംസണും സംഘവും.
12 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണമാണ് റോയല്‍സിനു ഇത്തവണ വിജയിക്കാനാത്. ശേഷിച്ച ഒമ്പതു കളിയിലും തോല്‍വിയായിരുന്നു ഫലം. പല താരങ്ങളുടെയും മോശം പ്രകടനവും ടീം കോമ്പിനേഷനിലെ പിഴവുകളുമെല്ലാമാണ് അവര്‍ക്കു തിരിച്ചടിയായത്. എങ്കിലും ഈ സീസണില്‍ നിരാശപ്പെടുത്തിയ ചില കളിക്കാരെ അടുത്ത വര്‍ഷവും റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ് നിലനിര്‍ത്തിയേക്കും. ആരൊക്കെയാവും ഈ കളിക്കാരെന്നു നമുക്കു നോക്കാം.

ധ്രുവ് ജുറേല്‍
യുവ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലാണ് രാജസ്ഥാന്‍ റോയല്‍സ് അടടുത്ത സീസണിലും നിലനിര്‍ത്താനിടയുള്ള ഒരു ഫ്‌ളോപ്പ് താരം. ഈ സീസണില്‍ റോയല്‍സിന്റെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒരാളെന്നു അദ്ദേഹത്തെ തീര്‍ച്ചയായും വിളിക്കാം. കാരണം ഒരു കളിയിലൊഴികെ മറ്റൊന്നിലും ബാറ്റിങില്‍ ജുറേല്‍ ക്ലിക്കായിട്ടില്ല. റോയല്‍സ് അനായാസം ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങളില്‍ അദ്ദേഹം ടീമിനെ തോല്‍പ്പിക്കുകയും ചെയ്തു.
ഈ സീസണില്‍ റോയല്‍സിന്റെ 12 മല്‍സരങ്ങളിലും ബാറ്ററായും വിക്കറ്റ്കീപ്പറായുമെല്ലാം ജുറേല്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ 11 ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. ഇവയില്‍ 31.12 എന്ന ശരാശരിയില്‍ 146.47 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 249 റണ്‍സുമാണ്. സണ്‍റൈസൈഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍സ് തോറ്റ ആദ്യ കളിയില്‍ നേടിയ 70 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നിലും ജുറേല്‍ കാര്യമായി തിളങ്ങിയതുമില്ല.
ജുറേലിനെ അടുത്ത സീസണിലും റോയല്‍സ് നിലനിര്‍ത്താന്‍ പോവുന്നതിന്റെ പ്രധാന കാരണം പ്രതിഭയും പ്രായവും തന്നെയാണ്. ഭാവിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്ന താരമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെ ജുറേലിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍
വെസ്റ്റ് ഇന്‍ഡീസിന്റെ യുവ മധ്യനിര ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താനിടയുള്ള രണ്ടാമത്തെ താരം. ധ്രുവ് ജുറേലിനൊപ്പം കഴിഞ്ഞ സീസണിനു ശേഷം വലിയ പ്രതീക്ഷകളോടെ റോയല്‍സ് നിലനിര്‍ത്തിയ താരമാണ് ഹെറ്റ്‌മെയര്‍. ഫിനിഷറുടെ റോളില്‍ ടീമിനു താരം മുതല്‍ക്കൂട്ടായി മാറുമെന്നാണ് കരുതപ്പെട്ടിരുന്നത്.
പക്ഷെ ഫിനിഷറുടെ കുപ്പായത്തില്‍ യാതൊരു ഇംപാക്ടും അദ്ദേഹത്തിനു ഉണ്ടാക്കാനായില്ല. ഇപ്പോള്‍ റോയല്‍സിനു വലിയൊരു ബാധ്യതയായും ഹെറ്റി മാറിയിരിക്കുകയാണ്. എങ്കിലും അടുത്ത സീസണിലും അദ്ദേഹത്തെ കൈവിടാനുള്ള സാധ്യതയില്ല. കാരണം ടി20 ഫോര്‍മാറ്റില്‍ ഏറെ അപകടകാരിയായ ബാറ്ററാണ് ഹെറ്റി.
അദ്ദേഹത്തെപ്പോലെ ഫിനിഷില്‍ തിളങ്ങാന്‍ സാധിക്കുന്നവര്‍ വളരെ കുറവാണ്. അതിനാല്‍ ഹെറ്റ്‌മെയറെ ഒഴിവാക്കിയാല്‍ പകരം മറ്റൊരാളെ അടുത്ത ലേലത്തില്‍ ടീമിലെത്തിക്കുകയെന്നത് റോയല്‍സിനു എളുപ്പവുമായിരിക്കില്ല. അതിനാല്‍ അടുത്ത സീസണില്‍ ഒരവസരം കൂടി അദ്ദേഹത്തിനു റോയല്‍സ് നല്‍കാനുള്ള സാധ്യതയും കൂടുതലാണ്.

മഹീഷ് തീക്ഷണ
ഈ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സില്‍ തുടരാനിടയുള്ള മൂന്നാമത്തെ താരം ശ്രീലങ്കന്‍ സ്പിന്നറായ മഹീഷ് തീക്ഷണയാണ്. കഴിഞ്ഞ മെഗാ ലേലത്തിലാണ് അദ്ദേഹത്തെ റോയല്‍സ് വാങ്ങിയത്. ടീം വിട്ട ഇന്ത്യന്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ പകരക്കാരായാണ് തീക്ഷണയെ കൊണ്ടുവന്നത്.
പക്ഷെ ചഹലിന്റെ വിടവ് നികത്താന്‍ ലങ്കന്‍ താരത്തിനായിട്ടില്ല. ഈ സീസണില്‍ 11 മല്‍സരങ്ങളിലാണ് തീക്ഷണ പന്തെറിഞ്ഞത്. 9.76 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് വെറും 11 വിക്കറ്റുകളാണ്. ഇതിനേക്കാള്‍ ഒരുപാട് മികച്ച പ്രകടനം തീക്ഷണയില്‍ നിന്നും റോയല്‍സ് പ്രതീക്ഷിച്ചിരുന്നു.
എങ്കിലും അടുത്ത സീസണിലും അദ്ദേഹം റോയല്‍സില്‍ തന്നെയുണ്ടായേക്കും. കാരണം തീക്ഷണയെ കൈവിട്ടാല്‍ മിനി ലേലത്തില്‍ ടീമിനു അധികം ഓപ്ഷനുകള്‍ ലഭിക്കാനിടയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒന്നോ, രണ്ടോ സീസണ്‍ കൂടിയെങ്കിലും നിലനിര്‍ത്താന്‍ തന്നെയായിരിക്കും റോയല്‍സിന്റെ പ്ലാന്‍.