For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഈ ഐപിഎല്‍ കിടുക്കും!! സീസണിനെ സ്‌പെഷ്യലാക്കുന്ന 10 കാര്യങ്ങള്‍ എന്തൊക്കെ?

വീണ്ടുമൊരു ഐപിഎല്‍ പൂരത്തിന് ഇന്നു കൊടിയേറുകയാണ്. ടൂര്‍ണമെന്റിന്റെ 18ാം എഡിഷനാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് കന്നിയങ്കം. രണ്ടു മാസത്തിലേറെ നീളുള്ള ഈ ക്രിക്കറ്റ് കാര്‍ണിവലില്‍ 10 ഫ്രാഞ്ചൈസികളാണ് കിരീടത്തിനു വേണ്ടി പോരടിക്കുക.

ഒരു പ്രത്യേകതകള്‍ നിറഞ്ഞ ഐപിഎല്‍ സീസണുകളില്‍ ഒന്നു കൂടിയാണിത്. ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചില ചോദ്യങ്ങള്‍ക്കു ഇത്തവണ ഉത്തരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണില്‍ ശ്രദ്ധിക്കേണ്ട പത്തു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

IPL CAPTAINS

ലോകകപ്പ് കൗണ്ട്ഡൗണ്‍

ഐസിസിയുടെ അടുത്ത ടി20 ലോകകപ്പിനു ഇനി വെറും 11 മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനുള്ള കൗണ്ട് ഡൗണ്‍ കൂടിയാണ് ഈ ഐപിഎല്ലോടെ ആരംഭിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇതിഹാസ താരം വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരൊന്നുമില്ലാതെയാണ് സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഇന്ത്യയിറങ്ങുക.

2024ലെ അടുത്ത ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ മൂന്നു പേരും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. മൂവരുടെയും അഭാവത്തില്‍ അടുത്ത ടൂര്‍ണമെന്റിനുള്ള ടീമിനെ തയ്യാറാക്കി നിര്‍ത്തുകയെന്ന വലിയ ദൗത്യമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ടീമില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ ഈ ഐപിഎല്‍ കഴിയുന്നതോടെ ഇന്ത്യക്കു ഉത്തരം ലഭിച്ചേക്കുകയും ചെയ്യും.

ധോണിയുടെ വിടവാങ്ങല്‍ ?

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കല്‍ സീസണായി ഈ ഐപില്‍ മാറിയേക്കുമെന്നാണ് വിവരം. നിലവില്‍ ഇതേക്കുറിച്ച് 43 കാരനായ അദ്ദേഹം ഒന്നും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും വീണ്ടുമൊരു സീസണ്‍ കൂടി കളിക്കാനുള്ള സാധ്യത തീരെ കുറവാണ്.

സമീപകാലത്തു പരിക്കുകള്‍ ധോണിയെ നിരന്തരം വേട്ടയാടുകയാണ്. 2023ലെ സീസണിനു പിന്നാലെ അദ്ദേഹം കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തിരുന്നു. ഈ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം വീണ്ടുമൊരു ഐപിഎല്‍ കിരീടവുമായി രാജകീയമായി തന്നെ കളി അവസാനിപ്പിക്കാനായിരിക്കും ധോണിയുടെ പ്ലാന്‍.

തിരിച്ചുവരവുകളുടെ സീസണ്‍

ഒരുപാട് ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് തിരിച്ചുവരവുകളുടെ സീസണ്‍ കൂടിയായിരിക്കും ഇത്തവണത്തെ ഐപിഎല്‍. കഴിഞ്ഞ സീസണില്‍ സ്വന്തം ടീമിന്റെ ആരാധകരില്‍ നിന്നും കൂവലുകളും അധിക്ഷേപങ്ങളുമെല്ലാം നേരിട്ട മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ അവരുടെ ഇഷ്ടം തിരികെ നേ
ടിക്കഴിഞ്ഞു.

ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായ ഇഷാന്‍ കിഷനും മുഹമ്മദ് സിറാജുമെല്ലാം വ്യത്യസ്ത ടീമുകളോടൊപ്പം ഈ ഐപിഎപ്പിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. അവരുടെ ഭാവിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ടൂര്‍ണമന്റായിരിക്കും. ദീര്‍ഘകാലം മുംബൈയുടെ ഭാഗമായിരുന്ന ഇഷാന്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് ജഴ്‌സിയിലായിരിക്കും. ആര്‍സിബിയുടെ വിശ്വസ്തമായിരുന്ന സിറാജ് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണുള്ളത്.

ROHT SHARMA

രോഹിത്തിന്റെ 'ടെസ്റ്റ്'

ഇന്ത്യക്കു വേണ്ടി നായകന്‍ രോഹിത് ശര്‍മയ്ക്കു വീണ്ടും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനാവുമോയെന്നു തീരുമാനിക്കുക ഈ ഐപിഎല്ലായിരിക്കും. ടെസ്റ്റില്‍ സമീപകാലത്തു മോശം ഫോമിലൂടെയാണ് ഹിറ്റ്മാന്‍ കടന്നുപോവുന്നത്. ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ മോശം ഫോമിന്റെ ഉത്തരാവാദ്വമേറ്റെടുത്തത് രോഹിത് പിന്‍മാറുതയും ചെയ്തിരുന്നു.

ജൂണില്‍ ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ഇനി കളിക്കാനിരിക്കുന്നത്. ഇതില്‍ രോഹിത് ഉണ്ടാവുമോ, ഇല്ലയോ എന്നതിനുള്ള ചോദ്യം ഈ ഐപിഎലിലൂടെ ലഭിച്ചേക്കും.

ഈ സാല കപ്പ് നംടെ ?

ഈ സാല കപ്പ് നംടെയെന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്രശസ്തമായ ഈ പ്രയോഗം ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാവുമോയെന്നതിനുള്ള ഉത്തരവും ഈ ഐപിഎല്ലില്‍ ആരാധകര്‍ക്കു ലഭിച്ചേക്കും.

ആര്‍സിബിയുടെ വനിതാ ടീം കഴിഞ്ഞ വര്‍ഷത്തെ ഡബ്ല്യുപിഎല്ലില്‍ (WPL) കിരീടമുയര്‍ത്തിയിരുന്നു. പക്ഷെ പുരുഷ ടീമിനു കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും കിരീട ഭാഗ്യമുണ്ടായിട്ടില്ല. മൂന്നു തവണ ഫൈനല്‍ വരെയെത്തിയെങ്കിലും അവര്‍ക്കു അവിടെ അടിതെറ്റി.

300 പിറക്കുമോ?

ഐപിഎല്ലിന്റെ ഈ സീസണിലെങ്കിലും ഒരിന്നിങ്‌സില്‍ 300 റണ്‍സെന്ന മാന്ത്രിക സംഖ്യ പിറക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇംപാക്ട് പ്ലെയര്‍ നിയമം നിലവില്‍ വന്നതു മുതല്‍ ഇതിനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ടി20യില്‍ ഇതിനകം ചില ടീമുകള്‍ 300 റണ്‍സ് നേടി റെക്കോര്‍ഡിട്ടെങ്കിലും ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരിക്കലും ഇതു സംഭവിച്ചിട്ടില്ല.

ഇത്തവണ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള പരിശീലന മല്‍സരങ്ങളില്‍ ആര്‍സിബിയടക്കം 300 പ്ലസ് റണ്‍സ് 20 ഓവറില്‍ അടിച്ചെടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസിണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാരിക്കൂട്ടിയ 287 റണ്‍സാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍. എന്നാല്‍ഇ ഇത്തവണ ഇതു പഴങ്കഥയായി മാറിയേക്കും.

നിയമത്തിലെ മാറ്റങ്ങള്‍

ഐപിഎല്ലിന്റെ നിയമങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് ഈ സീസണിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ചില പുതിയ നിയമങ്ങള്‍ ഇത്തവണ ബിസിസിഐ നടപ്പാക്കിയിരിക്കുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്ന് ബൗളര്‍മാര്‍ക്കു ഉമിനീര് ഉപയോഗിച്ച് ബോളിന്റെ തിളക്കം കൂട്ടാന്‍ അനുമതി നല്‍കിയെന്നതാണ്.

2022ല്‍ ഐസിസി ഉമിനീര് ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ഐപിഎല്ലില്‍ എടുത്തു കളഞ്ഞിരിക്കുന്നത്. ബൗളര്‍മാര്‍ക്കു തീര്‍ച്ചയായും ഇതു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാത്രിയിലെ മല്‍സരങ്ങളില്‍ രണ്ടാമത്തെ ഇന്നിങ്‌സിന്റെ 11ാം ഓവറിനു ശേഷം പുതിയ ബോള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നതാണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം. ഇനി കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ ക്യാപ്റ്റന്‍മാര്‍ക്കു ലഭിക്കില്ലെന്നതാണ് നിയമത്തില്‍ വന്ന മറ്റൊരു മാറ്റം.

വൈഡുകളുടെയു നോ ബോളുകളുടെയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനി അംപയര്‍മാര്‍ക്കു ഹോക്ക് ഐ, ബോള്‍ ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കാം.
ഫ്രാഞ്ചൈസികളുമായുള്ള കരാര്‍ പ്രകാരം ലഭിക്കുന്ന തുക കൂടാതെ ഈ സീസണില്‍ ഓരോ മല്‍സരത്തിലും മാച്ച്ഫീയായി 7.5 ലക്ഷം രൂപ കളിക്കാര്‍ക്കു ലഭിക്കും.

ബാറ്റണ്‍ കൈമാറ്റം

സീനിയര്‍ താരങ്ങളില്‍ നിന്നും യുവതാരങ്ങളിലേക്കുള്ള ബാറ്റണ്‍ കൈമാറ്റമാണ് ഈ ഐപിഎല്‍ സീസണിലെ മറ്റൊരു പ്രത്യേകത. രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരില്‍ നിന്നും ബാറ്റണ്‍ ഏറ്റെടുക്കാന്‍ പുതിയ കളിക്കാര്‍ തയ്യാറായിക്കഴിഞ്ഞു.

പുതിയ നായകര്‍, ഗെയിം പ്ലാനുകള്‍

ഒരുപാട് പുതിയ നായകരെ വിവിധ ടീമുകള്‍ക്കൊപ്പം ഈ ഐപിഎല്‍ സീസണില്‍ കാണാന്‍ സാധിക്കും. ഇവരില്‍ ആരാവും ഏറ്റവുമധികം കൈയടി നേടുകയെന്നാണ് അറിയാനുള്ളത്. രജത് പാട്ടിധാര്‍, അജിങ്ക്യ രഹാനെ, അക്ഷ്ര്‍ പട്ടേല്‍ എന്നിവരെസല്ലാം ഇത്തവണ വിവിധ ടീമുകളുടെ നായകസ്ഥാനത്തുണ്ട്.

ശ്രേയസ് അയ്യരും റിഷഭ് പന്തുമെല്ലാം പുതിയ ടീമുകള്‍ക്കൊപ്പമാണ് ഈ സീസണില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. പുതിയ നായകരുടെ ഗെയിം പ്ലാനുകള്‍ ഓരോ ഫ്രാഞ്ചൈസികളെയും എങ്ങനെയാവും ബാധിക്കുകയെന്നാണ് അറിയാനുള്ളത്.

തിരക്കേറിയ യാത്രകള്‍

ഈ ഐപിഎല്ലില്‍ രണ്ടര മാസത്തിനിടെ പത്തു ഫ്രാഞ്ചൈസികള്‍ക്കും ഒരു വേദിയില്‍ നിന്നും അടുത്ത വേദിയിലേക്കു നിരന്തരം യാത്രകള്‍ ആവശ്യമാണ്. 13 വേദികളിലായിട്ടാണ് ഇത്തവണത്തെ മല്‍സരങ്ങള്‍.

1,24,000 കിമിക്കു മുകളില്‍ ടീമുകള്‍ക്കു ഈ സീസണില്‍ യാത്ര ചെയ്യേണ്ടതുണ്ട്. ആര്‍സിബിക്കാണ് (19,000 കിമി) ഇത്തവണ ഏറ്റവുമധികം യാത്ര ചെയ്യേണ്ടതായി വരിക. ഏറ്റവും കുറവ് യാത്ര സണ്‍റൈസേഴേ്‌സ് ഹൈദരാബാദ് ടീമിനാണ് (8,536 കിമി).

Story first published: Saturday, March 22, 2025, 15:06 [IST]
Other articles published on Mar 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+