ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ താരലേലം പൂര്‍ത്തിയായി ടീമുകളെല്ലാം പടയൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ മെഗാ ലേലത്തില്‍ എല്ലാവരേയും ഞെട്ടിച്ചത് റിഷഭ് പന്താണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്ത് തികച്ചും അപ്രതീക്ഷിതമായാണ് ഐപിഎല്‍ മെഗാ ലേലത്തിലേക്കെത്തിയത്. ഇത്തവണ റെക്കോഡ് തുകയായ 27 കോടി രൂപ റിഷഭ് നേടിയെടുക്കുകയും ചെയ്തു.
റിഷഭ് പന്തിന്റെ ഡല്‍ഹിയില്‍ നിന്നുള്ള കൂടുമാറ്റം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. എന്തുകൊണ്ടാണ് റിഷഭ് ഡല്‍ഹി വിട്ടതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 30 കോടി ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനാല്‍ ആണ് കൂടുമാറിയതെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഡല്‍ഹി ടീമിന്റെ പുതിയ പരിശീലകനായ ഹേമങ് ബദാനി റിഷഭ് ഡല്‍ഹി വിടാനുള്ള ശരിയായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
റിഷഭ് ശ്രമിച്ചത് തന്റെ മാര്‍ക്കറ്റ് പരിശോധിക്കാന്‍
ഡല്‍ഹിയില്‍ എല്ലാ പിന്തുണയും റിഷഭ് പന്തിന് ലഭിച്ചിരുന്നു. എല്ലാവരും റിഷഭിനെ ടീമിനൊപ്പം നിലനിര്‍ത്താനാണ് ആഗ്രഹിച്ചത്. എന്നാല്‍ അവനാണ് നിലനിര്‍ത്തേണ്ടെന്നും ലേലത്തിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടത്. അതിന് കാരണം അവന്‍ അവന്റെ മാര്‍ക്കറ്റ് എത്രത്തോളമുണ്ടെന്ന് പരിശോധിക്കുകയായിരുന്നു. ടീം മാനേജ്‌മെന്റും പരിശീലകരും അവനോട് നിരവധി തവണ സംസാരിച്ചതാണ്. നിരവധി സന്ദേശങ്ങളും അവന് കൈമാറിയിരുന്നു.
ഡല്‍ഹിക്ക് അവനെ നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അവന്റെ വ്യക്്തിപരമായ താല്‍പര്യമാണ് ലേലത്തിലേക്കെത്താന്‍ കാരണം. നിലനിര്‍ത്തിയാല്‍ പരമാവധി 18 കോടയാവും ലഭിക്കുക. എന്നാല്‍ ഇതില്‍ കൂടുതല്‍ തുക തനിക്ക് അര്‍ഹതയുണ്ടെന്ന് റിഷഭിന് തോന്നിയിട്ടുണ്ടാവും. 27 കോടിക്കാണ് അവന്‍ വിറ്റുപോയത്. പ്രതിഭാശാലിയായ താരമാണവന്‍' ബദാനി പറഞ്ഞു. ഡല്‍ഹിയില്‍ തുടരാന്‍ ആദ്യം സമ്മതിച്ച ശേഷമാണ് പിന്നീട് റിഷഭ് കാലുമാറിയത്.

ലഖ്‌നൗവിലും റിഷഭ് നായകനോ?
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഇത്രയും വലിയ തുകയ്ക്ക് റിഷഭ് പന്തിനെ വാങ്ങാന്‍ കാരണം നായകസ്ഥാനത്തേക്കെത്തിക്കാനാണ്. നിക്കോളാസ് പുരാനെ ലഖ്‌നൗ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ടീമിന്റെ നായകനായി റിഷഭ് വരുന്നതോടെ ലഖ്‌നൗവിന് കൂടുതല്‍ ആരാധകരെ ലഭിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് റിഷഭ്. അതുകൊണ്ടുതന്നെ വലിയ ആരാധക പിന്തുണയും റിഷഭ് പന്തിനുണ്ട്.
ഇത് മുതലാക്കാം എന്ന് കരുതിയാവും റിഷഭിനെ ലഖ്‌നൗ വാങ്ങിയത്. എന്നാല്‍ റിഷഭിന്റെ സമീപകാലത്തെ ടി20യിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ അതി ഗംഭീരമാണെന്ന് പറയാനാവില്ല. എന്തായാലും 27 കോടി പ്രതിഫലത്തില്‍ കളിക്കാനായി എന്നത് വലിയ നേട്ടമാണ്. ഈ പ്രതിഫലത്തോട് കൂറുകാട്ടുന്ന പ്രകടനം നടത്താന്‍ റിഷഭിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. 2016ല്‍ ഐപിഎല്ലിലേക്കെത്തിയ റിഷഭ് കാര്‍ അപകടത്തിന് ശേഷവും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇത്തവണത്തെ സീസണ്‍ റിഷഭിനെ സംബന്ധിച്ച് കരിയറില്‍ നിര്‍ണ്ണായകമാണെന്ന് നിസംശയം പറയാം.