For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അനായാസം ഡല്‍ഹി, ഹൈദരാബാദിനെ തകര്‍ത്തടുക്കി; അക്ഷര്‍പട മുന്നോട്ട്

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയം തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.4 ഓവറില്‍ 163 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും ഫഫ് ഡുപ്ലെസിസിന്റെ (50) ഫിഫ്റ്റിയുമാണ് ഡല്‍ഹിക്ക് കരുത്തായത്.

ഹൈദരാബാദിന്റെ തുടക്കം പിഴച്ചു

ഡല്‍ഹിയുടെ തട്ടകത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത ബാറ്റിങ് തകര്‍ച്ചയാണ് ഹൈദരാബാദ് നേരിട്ടത്. ട്രാവിസ് ഹെഡ് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. രണ്ട് തുടര്‍ ബൗണ്ടറികളോടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹെഡിനായി. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് ശര്‍മ റണ്ണൗട്ടായി. സ്‌ട്രൈക്ക് ചെയ്ത ഹെഡ് സാഹസിക സിംഗിളിന് ശ്രമിച്ചപ്പോള്‍ ഹെഡിന് ക്രീസിലെത്താനായില്ല. ഇതോടെ ഒരു പന്തില്‍ ഒരു റണ്‍സ് നേടി അഭിഷേകിന് പുറത്താവേണ്ടി വന്നു.

ഇഷാന്‍ കിഷനില്‍ നിന്ന് വമ്പന്‍ പ്രകടനമാണ് പ്രതീക്ഷിച്ചതെങ്കിലും താരം നിരാശപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരേ 106 റണ്‍സുമായി മിന്നിച്ച ഇഷാന്‍ ലഖ്‌നൗവിനെതിരേ ഡെക്കിനാണ് പുറത്തായത്. ഇപ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഡല്‍ഹിക്കെതിരേയും ഫ്‌ളോപ്പായി. രണ്ട് റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്‌സര്‍ പറത്താനുള്ള ഇഷാന്‍ കിഷന്റെ ശ്രമം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു.

മധ്യനിര തകര്‍ന്നടിഞ്ഞു

ഹൈദരാബാദിന്റെ ടോപ് ഓഡര്‍ ഫ്‌ളോപ്പായതിന് പിന്നാലെ മധ്യനിരയും തകര്‍ന്നടിഞ്ഞു. യുവ സൂപ്പര്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് മികവ് കാട്ടാനായില്ല. രണ്ട് പന്ത് നേരിട്ട നിതീഷ് ഡെക്കിനാണ് പുറത്തായത്. സ്റ്റാര്‍ക്കിനെ സിക്‌സര്‍ പറത്താനുള്ള ശ്രമം പാളിയപ്പോള്‍ അക്ഷര്‍ പട്ടേലിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. ഐപിഎല്ലിലെ നിതീഷിന്റെ ആദ്യ ഡക്കാണിത്. ഒരുവശത്ത് വിക്കറ്റ് വീണത് ട്രാവിസ് ഹെഡിനെ സമ്മര്‍ദ്ദത്തിലാക്കി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഹെഡ് പുറത്തായത്. 12 പന്തില്‍ നാല് ഫോറടക്കം 22 റണ്‍സാണ് ഹെഡ് നേടിയത്.

37 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ ഹൈദരാബാദ് തകര്‍ന്നപ്പോള്‍ അനികേത് വര്‍മയും ഹെന്‍ റിച്ച് ക്ലാസനും ചേര്‍ന്ന് ടീമിന് അടിത്തറ പാകി. രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് അര്‍ധ സെഞ്ച്വറി പിന്നിട്ടതിന് പിന്നാലെ ക്ലാസനെ മോഹിത് ശര്‍മ പുറത്താക്കി. 19 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 32 റണ്‍സാണ് ക്ലാസന്‍ നേടിയത്. അക്ഷര്‍ പട്ടേലിന്റെ പന്തില്‍ തുടക്കതിലേ അനികേതിനെ പുറത്താക്കാനുള്ള അവസരം ഡല്‍ഹിക്ക് ലഭിച്ചതാണ്. എന്നാല്‍ അനായാസ ക്യാച്ച് അഭിഷേക് പോറല്‍ പാഴാക്കി. അഭിനവ് മനോഹറിന് മധ്യനിരയില്‍ തിളങ്ങാനായില്ല.

ആറ് പന്തില്‍ നാല് റണ്‍സെടുത്ത അഭിനവിനെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്. നായകന്‍ പാറ്റ് കമ്മിന്‍സ് അനികേതിന് പിന്തുണ നല്‍കുമെന്ന് കരുതിയെങ്കിലും ഇതുണ്ടായില്ല. ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത കമ്മിന്‍സിനേയും കുല്‍ദീപ് യാദവ് മടക്കി. ഇതോടെ ട്രാവിസ് ഹെഡിനെ പിന്‍വലിച്ച് വിയാന്‍ മുല്‍ഡറിനെ ഹൈദരാബാദ് ഇംപാക്ട് പ്ലയറാക്കി ഇറക്കി. ഇതിനിടെ അനികേത് അര്‍ധ സെഞ്ച്വറിയും നേടി. 34 പന്തിലാണ് താരം കന്നി ഐപിഎല്‍ ഫിഫ്റ്റി അടിച്ചെടുത്തത്.

അനികേത് ഷോക്ക് അന്ത്യംകുറിച്ച് കുല്‍ദീപ്

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും അനികേത് തല്ലിത്തകര്‍ത്തു. ആറ് റണ്‍സില്‍ ലഭിച്ച ലൈഫ് മുതലാക്കി അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ അനികേതിനായി. 41 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സുമായി നില്‍ക്കവെ അനികേതിനെ കുല്‍ദീപ് യാദവ് പുറത്താക്കി.യുവതാരത്തിന്റെ സിക്‌സര്‍ ശ്രമത്തെ ബൗണ്ടറി ലൈനില്‍ ഫ്രാസര്‍ മഗ്യൂര്‍ക്ക് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. വിയാന്‍ മുള്‍ഡറേയും (11 പന്തില്‍ 9) ഹര്‍ഷല്‍ പട്ടേലിനേയും (9 പന്തില്‍ 5) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഇതോടെ 18.4 ഓവറില്‍ 163 റണ്‍സില്‍ ഹൈദരാബാദ് ഓള്‍ഔട്ടായി.

MITCHELL STARC

അഞ്ച് വിക്കറ്റ് പ്രകടനവുമായി സ്റ്റാര്‍ക്ക്

കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് പ്രകടനമാണ്. 3.4 ഓവറില്‍ 35 റണ്‍സിന് അഞ്ച് വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. പവര്‍പ്ലേയിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടാന്‍ സ്റ്റാര്‍ക്കിനായി. കുല്‍ദീപ് യാദവും മികവ് കാട്ടി. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. മോഹിത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

ഡല്‍ഹിക്ക് ഗംഭീര തുടക്കം ലഭിച്ചു

മറുപടിക്കിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഫഫ് ഡുപ്ലെസിസും ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും ചേര്‍ന്ന് പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 52 റണ്‍സാണ് ടീമിന് നേടിക്കൊടുത്തത്. ഹൈദാരാബാദിന്റെ മോശം ഫീല്‍ഡിങ്ങും ഡല്‍ഹിക്ക് ഗുണകരമായി. അനികേത് വര്‍മയും നായകന്‍ പാറ്റ് കമ്മിന്‍സും ക്യാച്ച് പാഴാക്കി. ഇത് മുതലാക്കി ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടാണ് ഡല്‍ഹി സൃഷ്ടിച്ചത്.

27 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 50 റണ്‍സെടുത്ത ഫഫ് ഡുപ്ലെസിസിനെ പുറത്താക്കി യുവ സ്പിന്നര്‍ സീഷന്‍ അന്‍സാരിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഡുപ്ലെസിസ് പുറത്തായതിന് പിന്നാലെ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് ആക്രമണത്തിന്റെ ചുമതലയേറ്റു. 32 പന്ത് നേരിട്ട് നാല് ഫോറും രണ്ട് സിക്‌സും പറത്തിയ മഗ്യൂര്‍ക്കിനെ സീഷന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മടക്കിയത്.

രാഹുല്‍ വരവ് ഗംഭീരമാക്കി

ഡല്‍ഹി ക്യാപിറ്റല്‍സിലേക്കുള്ള വരവറിയിച്ചാണ് കെ എല്‍ രാഹുല്‍ പുറത്തായത്. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും അഞ്ച് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 15 റണ്‍സാണ് രാഹുല്‍ നേടിയത്. സീഷന്‍ അന്‍സാരി രാഹുലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ ക്രീസില്‍ ഒന്നിച്ച അഭിഷേക് പോറലും ട്രിസ്റ്റന്‍ സ്റ്റബ്‌സും ചേര്‍ന്ന് ഡല്‍ഹിയെ അനായാസം വിജയത്തിലേക്കെത്തിച്ചു. പോറല്‍ 18 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 34 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ സ്റ്റബ്‌സ് 14 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 21 റണ്‍സാണ് നേടിയത്. ഇതോടെ നാല് ഓവര്‍ ബാക്കിനിര്‍ത്തി ജയിക്കാന്‍ ഡല്‍ഹിക്കായി. ഹൈദരാബാദിനായി സീഷന്‍ അന്‍സാരി മൂന്ന് വിക്കറ്റ് വീഴ്ത്തി.

പ്ലേയിങ് 11

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (c), സീശാന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി

ഡല്‍ഹി ക്യാപിറ്റല്‍സ്- ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, ഫഫ് ഡുപ്ലെസിസ്, അഭിഷേക് പോറല്‍, കെ എല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍ (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്‌രാജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുകേഷ് കുമാര്‍

Story first published: Sunday, March 30, 2025, 12:10 [IST]
Other articles published on Mar 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+