ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ പല കൂടുമാറ്റങ്ങളുടേയും റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ആരാധകര്‍ പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത മാറ്റങ്ങള്‍ ഇത്തവണ ഉണ്ടായേക്കുമെന്നാണ് വിവരം. ഡല്‍ഹി ക്യാപിറ്റല്‍സ് വരുന്ന സീസണിലും റിഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ വരുന്ന വിവരം അനുസരിച്ച് ഡല്‍ഹി റിഷഭിനെ കൈവിടാനാണ് സാധ്യത.
നായകസ്ഥാനത്തേക്ക് പുതിയ താരത്തെ എത്തിക്കാനുള്ള നീക്കവും ഡല്‍ഹി നടത്തുന്നുണ്ടെന്നാണ് വിവരം. എന്തായാലും റിഷഭിനെ ഇനിയും വിശ്വസിക്കാന്‍ ഡല്‍ഹി മാനേജ്‌മെന്റ് തയ്യാറല്ലെന്നാണ് വിവരം. റിഷഭ് പന്തും ഡല്‍ഹി മാനേജ്‌മെന്റും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നത നിലനില്‍ക്കെ അദ്ദേഹം ടീം വിടുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. റിഷഭ് പോയാല്‍ ആരാവും ഡല്‍ഹിയുടെ നായകസ്ഥാനത്തേക്കെത്തുകയെന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
ഡല്‍ഹി നോട്ടമിടുന്നത് രോഹിത്തിനെ
പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് മാറ്റിയിട്ടും ടീമിന് കപ്പിലേക്കെത്താനായില്ല. വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ശ്രേയസ് അയ്യരും ഡേവിഡ് വാര്‍ണറുമെല്ലാം നയിച്ചിട്ടും ഡല്‍ഹിക്ക് കപ്പ് നേടാന്‍ സാധിച്ചില്ല. റിഷഭിന് കീഴില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ടീമിന് പ്രതീക്ഷിച്ച കുതിപ്പ് നടത്താന്‍ സാധിക്കാതെ പോയതോടെ ഇപ്പോള്‍ താരത്തെ ഒഴിവാക്കാന്‍ ഡല്‍ഹി ആലോചിക്കുന്നത്.
റിഷഭിന് പകരം നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെയാണ് ഡല്‍ഹി നോട്ടമിടുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകസ്ഥാനത്തേക്ക് മഹേല ജയവര്‍ധന തിരിച്ചെത്തിയെങ്കിലും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ രോഹിത്തിന് താല്‍പര്യമുണ്ടാവില്ല. ഈ സാഹചര്യത്തില്‍ രോഹിത് മുംബൈ വിടുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഡല്‍ഹിയുടെ നായകസ്ഥാനത്തേക്ക് രോഹിത് എത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

റിഷഭിനെ നോട്ടമിട്ട് ലഖ്‌നൗ
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകസ്ഥാനത്ത് നിന്ന് കെ എല്‍ രാഹുല്‍ പുറത്താവുമെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന സീസണില്‍ത്തന്നെ ടീം മാനേജ്‌മെന്റുമായി രാഹുലിന് ഭിന്നതയുണ്ടായിരുന്നു. രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങില്‍ എല്ലാവര്‍ക്കും നിരാശയുണ്ട്. ടീമിന്റെ തോല്‍വിക്ക് കാരണം രാഹുലിന്റെ ബാറ്റിങ്ങാണെന്നാണ് ടീമിന്റെ നിലപാട്. അതുകൊണ്ടുതന്നെ രാഹുലിനെ ഒഴിവാക്കി പകരം റിഷഭ് പന്തിനെ നായകനാക്കാനാണ് ലഖ്‌നൗ ആലോചിക്കുന്നത്.
റിഷഭ് വന്നാല്‍ ലഖ്‌നൗവിന് മികവ് കാട്ടാനാവുമെന്നാണ് സഹീര്‍ ഖാന്‍ ഉള്‍പ്പെടുന്ന ലഖ്‌നൗവിന്റെ പുതിയ പരിശീലക സംഘത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ റിഷഭ് ലഖ്‌നൗവിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഇത്തരമൊരു ഓഫര്‍ വന്നാല്‍ റിഷഭ് അത് സ്വീകരിക്കാനാണ് സാധ്യത കൂടുതല്‍. ഡല്‍ഹി ടീമില്‍ തുടരാന്‍ ഇനി റിഷഭും തയ്യാറാവില്ല. കഴിഞ്ഞ ദിവസം റിഷഭ് താന്‍ ലേലത്തിലേക്കെത്തിയാല്‍ എത്ര കോടി ലഭിക്കുമെന്ന പോസ്റ്റിട്ടത് വൈറലായിരുന്നു.
രാഹുല്‍ ആര്‍സിബിയിലേക്ക്
കെ എല്‍ രാഹുല്‍ ലഖ്‌നൗ വിട്ടാല്‍ എങ്ങോട്ട് പോകുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുലിനെ സ്വന്തമാക്കാന്‍ ആര്‍സിബിക്ക് താല്‍പര്യമുണ്ടെന്നാണ് വിവരം. നായകനായി ആര്‍സിബിക്കായി കളിക്കാന്‍ രാഹുല്‍ തയ്യാറാണെന്നും ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോള്‍ രാഹുലിന് വലിയ സ്ഥാനമില്ല. അതുകൊണ്ടുതന്നെ കോടികള്‍ മുടക്കി രാഹുലിനെ സ്വന്തമാക്കുക ആര്‍സിബിക്ക് നഷ്ട കച്ചവടമാവാന്‍ സാധ്യതയുണ്ട്.
സൂര്യകുമാര്‍ യാദവ് മുംബൈ വിടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനത്തേക്ക് സൂര്യ എത്തുമെന്നാണ് വിവരം. നേരത്തെ കെകെആര്‍ താരമായിരുന്ന സൂര്യകുമാര്‍ ഇപ്പോള്‍ മുംബൈയുടെ നിര്‍ണ്ണായക താരമാണ്. എന്നാല്‍ തന്നെ തഴഞ്ഞ് ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയതില്‍ ഹാര്‍ദിക്കിന് അതൃപ്തിയുണ്ടായിരുന്നു. ഇത് അദ്ദേഹം ടീം വിടാന്‍ കാരണമാവുമെന്നാണ് വിവരം.