ഐപിഎല്ലിന്റെ അടുത്ത സീസണിന് മുന്‍പ് മുംബൈ ഇന്ത്യന്‍സ് വിടാന്‍ തയ്യാറെടുക്കുന്ന മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയ്ക്കു മോഹവിലയുമായി രണ്ടു ഫ്രാഞ്ചൈസികള്‍ കാത്തുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിന്റെ അടുത്ത സീസണിലും മുംബൈയുടെ നീലക്കുപ്പായത്തില്‍ ഹിറ്റ്മാനെ കാണില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ റാഞ്ചാന്‍ ടീമുകള്‍ തക്കം പാര്‍ത്തിരിക്കുന്നത്.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു താരത്തിനും ലഭിച്ചിട്ടില്ലാത്ത, ഇനി ലഭിക്കാനുമിടയില്ലാത്ത തുകയാണ് രോഹിത്തിനായി ഓഫര്‍ ചെയ്തിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളാണ് രോഹിത്തിനായി രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന മെഗാ ലേലത്തില്‍ 50 കോടി രൂപ വരെ രോഹിത്തിനായി മാത്രം ചെലവഴിക്കാന്‍ ഈ ഫ്രാഞ്ചൈസികള്‍ നീക്കി വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

കഴിഞ്ഞ സീസണ്‍ മുതല്‍ മുംബൈ ടീം മാനേജ്‌മെന്റുമായി അദ്ദേഹം അത്ര നല്ല രസത്തിലല്ല. അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ ടീമിനു സമ്മാനിച്ചിട്ടും നായകസ്ഥാനത്തു നിന്നും തന്നെ നീക്കുകയും പകരം ഹാര്‍ദിക് പാണ്ഡ്യയെ നിയമിക്കുകയും ചെയ്തതില്‍ രോഹിത്തിനു അതൃപ്തിയും അരിശവുമുണ്ട്. ഇതാണ് ടീം വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
നേരത്തേ പഞ്ചാബ് കിങ്‌സുമായി ചേര്‍ത്തും രോഹിത്തിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. പക്ഷെ ടീം അത്തരമൊരു നീക്കം നടത്തുന്നില്ലെന്നു ഉടമകളിലൊരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റ വ്യക്തമാക്കിയതോടെ ഇതു അവസാനിക്കുകയായിരുന്നു. രോഹിത്തിനെ ഡിസി സമീപിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഡിസിക്കൊപ്പം എല്‍എസ്ജിയും ഹിറ്റ്മാന്റെ പിന്നാലെ കൂടിയിരിക്കുകയാണ്.
പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ റെവ് സ്‌പോര്‍ട്‌സിന്റെ (Rev Sportsz) ജേര്‍ണലിസ്റ്റായ രോഹിത് ജുഗ്ലാനാണ് ഇപ്പോള്‍ ഹിറ്റ്മാന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ലേലത്തിന്റെ ടേബിളിലേക്കു രോഹിത് വരുമോയന്ന ഉറപ്പിനു വേണ്ടിയാണ് ഡിസിയും എല്‍എസ്ജിയും ഇപ്പോള്‍ കാത്തിരിക്കുന്നത്. തങ്ങളുടെ പഴ്‌സിലെ പണത്തിന്റെ പകുതി രോഹിത്തിനു വേണ്ടി മാത്രം മുടക്കാന്‍ ഈ രണ്ടു ടീമകളും തയ്യാറാണെന്നും രോഹിത് ജുഗ്ലാനെന്ന മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുന്നു.

രോഹിത്തിനെ സ്വന്തമാക്കാന്‍ ശ്രമം ആരംഭിച്ചതോടെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍മാരായ റിഷഭ് പന്തിനെയും കെഎല്‍ രാഹുലിനെയും ഡിസിയും എല്‍എസ്ജിയും ഒഴിവാക്കുമെന്നും ഉറപ്പായിരിക്കുകയാണ്. റിഷഭിന്റെ ക്യാപ്റ്റന്‍സിയില്‍ ഡിസി മാനേജ്‌മെന്റ് സംതൃപ്തരല്ലെന്നാണ് സൂചനകള്‍. അതിനിടെ ഡിസി ഡയറക്ടര്‍ സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞത് അടുത്ത സീസണിലും റിഷഭ് ടീമില്‍ തുടരുമെന്നാണ്. പക്ഷെ നിലവിലെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ ഇതിനുള്ള സാധ്യത തീരെ കുറവാണ്.
എന്നാല്‍ രാഹുലും എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്കയും തമ്മില്‍ കഴിഞ്ഞ സീസണില്‍ തന്നെ ഉടക്കിയിരുന്നു. ഒരു മല്‍സരത്തില്‍ എല്‍എസ്ജി തോറ്റതിനു ശേഷം ക്ഷുഭിതനായി ഗ്രൗണ്ടിലെത്തിയ ഗോയെങ്ക പരസ്യമായി രാഹുലിനെ ശകാരിക്കുകയായിരുന്നു.
ഇതു അന്നു വലിയ ചര്‍ച്ചയാവുകയും ഗോയെങ്കയ്‌ക്കെതിരേ രൂക്ഷവിമര്‍ശനമയരുകയും ചെയ്തിരുന്നു. ലോകത്തിനു മുന്നില്‍ പരസ്യമായി തന്നെ അപമാനിച്ച എല്‍എസ്ജിക്കൊപ്പം തുടരാന്‍ രാഹുലിനു താല്‍പ്പര്യമില്ല. അടുത്ത സീസണില്‍ പുതിയൊരു ടീം തിരയുകയാണ് അദ്ദേഹം.