ഐപിഎല്ലിന്റെ മെഗാ താരലേലത്തില്‍ മികച്ച ചില താരങ്ങളെ സ്വന്തമാക്കാന്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനായിരുന്നു. 23 കളിക്കാരാണ് ഇപ്പോള്‍ മുംബൈയുടെ അന്തിമ സ്‌ക്വാഡിലുള്ളത്. ഇതില്‍ 15 പേര്‍ ഇന്ത്യന്‍ താരങ്ങളാണെങ്കില്‍ ശേഷിച്ച എട്ടു പേര്‍ വിദേശ കളിക്കാരുമാണ്. ലേലത്തിനു മുമ്പ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെക്കൂടാതെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ എന്നീ അഞ്ചു പേരെ അവര്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.
44.8 കോടി രൂപയാണ് ലേലത്തില്‍ മുംബൈ ചെലവഴിച്ചത്. വളരെ ശക്തമായ ഒരു ടീം കോമ്പിനേഷന്‍ വാര്‍ത്തെടുക്കാന്‍ അവര്‍ക്കായിട്ടുണ്ടങ്കിലും ലേലത്തില്‍ ചില അബദ്ധങ്ങളും മുംബൈയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ലേലത്തില്‍ മുംബൈയ്ക്കു ഒഴിവാക്കാമായിരുന്ന മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ബെവന്‍ ജേക്കബ്‌സ്
ന്യൂസിലാന്‍ഡിന്റെ യുവതാരം ബെവന്‍ ജേക്കബ്‌സിനെ വാങ്ങിയതാണ് മുംബൈ ഇന്ത്യന്‍സ് കാണിച്ചിട്ടുള്ള ആദ്യത്തെ മണ്ടത്തരം. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് അണ്‍ക്യാപ്ഡ് ബാറ്ററായ താരത്തെ മുംബൈ വാങ്ങിയത്. കരിയറെടുത്താല്‍ ഇതുവരെ വെറും ഒമ്പതു ടി2കളില്‍ മാത്രമോ ബെവന്‍ കളിച്ചിട്ടുള്ളൂ. നേടിയതാവട്ടെ 134 റണ്‍സുമാണ്.
മുംബൈയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിക്കില്ലെന്ന കാര്യമുറപ്പാണ്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങി ഇന്ത്യന്‍ വംശജരായ ഒരുപിടി മികച്ച ബാറ്റര്‍മാര്‍ മുംബൈയ്ക്കുണ്ട്. അതുകൊണ്ടു തന്നെ സീസണിലുടനീളം ബെവന്‍ ബെഞ്ചില്‍ തന്നെ തുടരാനാണ് സാധ്യത.
ലിസാഡ് വില്ല്യംസ്
സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളറായ ലിസാഡ് വില്ല്യംസിനെ വാങ്ങിയതാണ് ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് കാണിച്ച രണ്ടാമത്തെ അബദ്ധം. അടിസ്ഥാന വിലയായ 75 ലക്ഷം രൂപയാണ് അദ്ദേഹത്തിനു വേണ്ടി മുംബൈ മുടക്കിയത്. പക്ഷെ ലിസാഡിന്റെ ടി20 കരിയര്‍ അത്ര മോശമല്ലെന്നു കാണാം.
89 മല്‍സരങ്ങളില്‍ നിന്നും 111 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. പക്ഷെ ഇവയില്‍ കൂടുതലും പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളിലാണ്. ഇന്ത്യന്‍ പിച്ചുകളില്‍ അത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ ലിസാഡിനു കഴിഞ്ഞേക്കില്ല.
ജസ്പ്രീത് ബുംറയെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര് ട്രെന്റ് ബോള്‍ട്ട്, ഇംഗ്ലണ്ടിന്റെ റീസ്സ് ടേപ്പ്‌ലേ എന്നിവരുള്‍പ്പെടുന്ന ശക്തമായ പേസ് നിര മുംബൈയ്ക്കുണ്ട്. അതുകൊണ്ടു തന്നെ ലിസാഡിനെ അവര്‍ക്കു ആവശ്യമുണ്ടായിരുന്നില്ലെന്നതാണ് സത്യം. പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയെന്നത് ദുഷ്‌കരവുമായിരിക്കും.

ദീപക് ചാഹര്‍
ഇന്ത്യന്‍ പേസറും ഓള്‍റൗണ്ടറുമായ ദീപക് ചാഹറാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹത്തിനായി മുംബൈ മുടക്കിയത് 9.25 കോടി രൂപയാണ്. എന്നാല്‍ ഇത്ര വലിയ തുകയ്ക്കു ചാഹറിനെ മുംബൈ വാങ്ങേണ്ടിയിരുന്നോ എന്നതാണ് ചോദ്യം. കാരണം ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പേസ് വിഭാഗം കൈകാര്യം ചെയ്യാന്‍ മുംബൈയിലുണ്ട്.
പരിക്കുകള്‍ വിടാതെ പിന്തുടര്‍ന്നിട്ടുള്ള കരിയറാണ് ചാഹറിന്റേതെന്നു കാണാം. ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹത്തിനായ മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മെഗാ ലേലത്തില്‍ ഒട്ടും തന്നെ താല്‍പ്പര്യവും കാണിക്കാതിരുന്നത്. നേരത്തേ വന്‍ തുകയ്ക്കു സിഎസ്കെ അദ്ദേഹത്തെ വാങ്ങിയപ്പോള്‍ ഭൂരിഭാഗം മല്‍സരങ്ങളും കളിച്ചിട്ടുമില്ല
കഴിഞ്ഞ കുറച്ചു സീസണുകളെടുത്താല്‍ ചഹര്‍ ഭൂരിഭാഗവും കളത്തിനു പുറത്തായിരുന്നു. അടുത്ത സീസണില്‍ മുംബൈയ്ക്കായി അദ്ദേഹം എത്ര മല്‍സരം കളിക്കുമെന്നതു പോലും സംശയമാണ്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ മുംബൈ കാണിച്ച ഏറ്റവും വലിയ അബദ്ധം ചാഹറിനെ വാങ്ങിയതാണെന്നു ഉറപ്പിച്ച് പറയാം.