Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ക്രുനാല്‍ വെടിക്കെട്ട്!! കട്ടയ്ക്കു നിന്ന് കോലി; ഡിസിയോടു കണക്കുതീര്‍ത്ത് ആര്‍സിബി

ഡല്‍ഹി: ലോക ക്രിക്കറ്റിലെ ചേസ് മാസ്റ്റര്‍ താന്‍ തന്നെയാണെന്നു അടിവരയിട്ട് വിരാട് കോലിയും വെടിക്കെട്ടുമായി ക്രുനാല്‍ പാണ്ഡ്യയും കസറിയപ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു മിന്നും ജയം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ ആറു വിക്കറ്റിനാണ് ആര്‍സിബി വീഴ്ത്തിയത്.

ഇതോടെ നേരത്തേ ഹോംഗ്രൗണ്ടായ ബെംഗളൂരുവില്‍ ഡിസിയോടേറ്റ തോല്‍വിക്കു ആര്‍സിബി കണക്കു തീര്‍ക്കുകയും ചെയ്തു. ഈ വിജയത്തോടെ 14 പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ്.

163 റണ്‍സിന്റെ ചെറിയ വിജയസലക്ഷ്യമാണ് ആര്‍സിബിക്കു ഡിസി നല്‍കിയത്. ക്രുനാല്‍ പാണ്ഡ്യയുടെയും (73*) വിരാട് കോലിയുടെയും (51) ഫിഫ്റ്റികള്‍ അവരെ 18.3 ഓവറില്‍ നാലു വിക്കറ്റിനു വിജയത്തിലെത്തിക്കുകയും ചെയ്തു. 47 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് ക്രുനാലിന്റെ ഇന്നിങ്‌സ്. കോലി 47 ബോളില്‍ നാലു ഫോറുകളടിച്ചു.

KRUNAL KOHLI

ആര്‍സിബിയുടെ റണ്‍ചേസ്

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. മൂന്നാം ഓവറില്‍ തന്നെ ജേക്കബ് ബെതെല്‍ (12), ദേവ്ദത്ത് പടിക്കല്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി (20/2). ആറു റണ്‍സ് കൂടി നേടുമ്പോഴേക്കും നായകന്‍ രജത് പാട്ടിധാര്‍ (6) റണ്ണൗട്ടായതോടെ ആര്‍സിബി തോല്‍വി മണത്തു.

തുടര്‍ന്നാണ് കളി മാറ്റി വിരാട് കോലി- ക്രുനാല്‍പാണ്ഡ്യ കൂട്ടുകെട്ട് കണ്ടത്. 84 ബോളില്‍ നിന്നും ഈ ജോടി 119 റണ്‍സെടുത്തതോടെ മല്‍സരം ഡിസിയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. 18ാം ഓവറില്‍ കോലി പുറത്താവുമ്പോളഴേക്കും ആര്‍സിബി ടോട്ടല്‍ 145ലെത്തിയിരുന്നു. കോലി മടങ്ങിയ ശേഷം ക്രുനാലിം ടിം ഡേവിഡും (5 ബോളില്‍ 19*) ചേര്‍ന്ന് ആര്‍സിബിയുടെ ജയം പൂര്‍ത്തിയാക്കി.

രക്ഷകരായി രാഹുലും സ്റ്റബ്‌സും

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ടു വിക്കറ്റിനു 162 റണ്‍സിലെത്തിച്ചത് കെഎല്‍ രാഹുലും ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സുമാണ്. ബാറ്റിങിനു ഇറങ്ങിയവരില്‍ ഭൂരിഭാഗം പേരും റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ 41 റണ്‍സുമായാണ് രാഹുല്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. 39 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സിസില്‍ മൂന്നു ഫോറുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.

എന്നാല്‍ വളരെ അഗ്രസീവായ ബാറ്റിങാണ് സ്റ്റബ്‌സ് കാഴ്ചവച്ചത്. വെറും 18 ബോളിലാണ് അദ്ദേഹം 34 റണ്‍സിലെത്തിയത്. അഞ്ചു ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അഭിഷേക് പൊറെല്‍ (28), ഫാഫ് ഡുപ്ലെസി (22) എന്നിവരും ഡിസി ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തി.

ഭേദപ്പെട്ട തുടക്കാണ് കളിയില്‍ ഡിസിക്കു ലഭിച്ചത്. ആദ്യ വിക്കറ്റില്‍ പൊറേല്‍- ഡുപ്ലെസി സഖ്യം 33 റണ്‍സ് നേടി. എന്നാല്‍ പൊറെലും കരുണ്‍ നായരും (4) വെറും 10 റണ്‍സിന്റെ വ്യത്യാസത്തില്‍ പുറത്തായപ്പോള്‍ ഡിസി അല്‍പ്പം പതറി.

മൂന്നാം വിക്കറ്റില്‍ ഡുപ്ലെസി- രഹുല്‍ ജോടി 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം ടോട്ടല്‍ 72ല്‍ നില്‍ക്കെ ഡുപ്ലെസി മടങ്ങിയ ശേഷം കൃത്യമായ ഇടവേളകളില്‍ ഡിസിക്കു വിക്കറ്റുകള്‍ നഷ്ടമായികകൊണ്ടിരുന്നു. ആര്‍സിബിക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ജോഷ് ഹേസല്‍വുഡ് രണ്ടു വിക്കറ്റുകളും നേടി.

KL RAHUL

ടോസിനു ശേഷം ആര്‍സിബി നായകന്‍ രജത് പാട്ടിധാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് അവര്‍ ഇറങ്ങിയത്. അസുഖം കാരണം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് പുറത്തിരുന്നപ്പോള്‍ പകരം ജേക്കബ് ബെതെല്‍ ടീമിലേക്കു വന്നു.

മറുഭാഗത്തു ഫാഫ് ഡുപ്ലെസിയെ തിരിച്ചുവിളിച്ചാണ് ഡിസി ഇറങ്ങിയത്. നേരത്തേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ ആര്‍സിബിയെ ആറു വിക്കറ്റിനു ഡിസി കെട്ടുകെട്ടിച്ചിരുന്നു.

പോരാട്ടം ഇതുവരെ

പുതിയ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനു കീഴില്‍ അവിശ്വസനീയ തുടക്കമാണ് ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ലഭിച്ചത്. ആദ്യ നാലു മല്‍സരങ്ങളിലും ജയിച്ച് മുന്നേറിയ അവര്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറി. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ തോല്‍വിയുടെ വക്കില്‍ നിന്നാണ് ഡിസി ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്തത്.

ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ എതിരാളികളെ തകര്‍ത്തെറിഞ്ഞായിരുന്നു അക്ഷറിന്റെയും സംഘത്തിന്റെയും പടയോട്ടം. രണ്ടാമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നിഷ്പ്രഭമാക്കയിയാണ് ഡിസി ജയിച്ചു കയറിയത്. ഏഴു വിക്കറ്റിനായിരുന്നു അവരുടെ വിജയം. അടുത്ത കളിയില്‍ അഞ്ചു തവണ ചാംപ്യന്മരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ ഡിസി തകര്‍ത്തു. 25 റണ്‍സിന്റെ വിജയമാണ് അവര്‍ ആഘോഷിച്ചത്.

ഡിസിക്കു കടിഞ്ഞാണിടാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും സാധിച്ചില്ല. ചിന്നസ്വാമിയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആര്‍സിബിയെ ആറു വിക്കറ്റിനു ഡിസി തുരതത്തി. എന്നാല്‍ അഞ്ചാം റൗണ്ടില്‍ ഡിസിയുടെ കുതിപ്പിനു അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ബ്രേക്കിട്ടു. ത്രില്ലിങ് റണ്‍ചേസ് കണ്ട കളിയില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.

ആറാമത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയര്‍സിനെതിരേ സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ഡിസി ജയിച്ചുകയറിയത്. റണ്‍ചേസ് നടത്തിയ റോയല്‍സും അതേ സ്‌കോര്‍ നേടിയതോടെയൈാണ് കളി ടൈയായത്. തുടര്‍ന്നു സൂപ്പര്‍ ഓവര്‍ വേണ്ടി വരികയായിരുന്നു. ഏഴാം റൗണ്ടില്‍ ഡിസിക്കു കനത്ത പരാജയം നേരിട്ടു. ഗുജറാത്ത് ടൈറ്റന്‍സാണ് ഏഴു വിക്കറ്റിനു അവരെ കെട്ടുകെട്ടിച്ചത്. അവസാന കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഡിസി വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.

അതേയമസം, രജത് പാട്ടിധാറിനു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഈ സീസണില്‍ നന്നായി തന്നെയാണ് തുടങ്ങിയത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ ആര്‍സിബിക്കു കഴിഞ്ഞു. ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴു വിക്കറ്റിനാണ് ആര്‍സിബി വീഴ്ത്തിയത്.

രണ്ടാം റൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവര്‍ നാണംകെടുത്തി. ചെപ്പോക്കില്‍ നടന്ന കളിയില്‍ 50 റണ്‍ലിനായിരുന്നു ആര്‍സിബിയുടെ വിജയം പക്ഷെ മൂന്നാമത്തെ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ ഏഴു വിക്കറ്റിനു ആര്‍സിബിക്കു കാലിടറി. നാലാം റൗണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനു വീഴ്ത്തി അവര്‍ വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.

പക്ഷെ അടുത്ത കളിയില്‍ ആര്‍സിബി വീണ്ടും തോല്‍വി രുചിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സ്വന്തം ഗ്രൗണ്ടില്‍ ആറു വിക്കറ്റിനാണ് പാട്ടിധാറും സംഘവും കീഴടങ്ങിയത്. ആറാമത്തെ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തി ആര്‍സിബി രാജകീയ തിരിച്ചുവരവ് നടത്തി. തികച്ചു ഏകപക്ഷീയമായ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിന്റെ വിജയമാണ് ആര്‍സിബി ആഘോഷിച്ചത്.

എന്നാല്‍ ഏഴാം റൗണ്ടില്‍ ആര്‍സിബി തോല്‍വിയിലേക്കു വീണു. മഴ കാരണം 14 ഓവര്‍ വീതമായി വെട്ടിക്കുറച്ച മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങളിലും ആര്‍സിബി വിജയം കൊയ്യുകയായിരുന്നു. പഞ്ചാബ് കിങ്‌സിനെ ഏഴു വിക്കറ്റിനു കെട്ടുകെട്ടിച്ച അവര്‍ സ്വന്തം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ 11 റണ്‍സിനും വീഴ്ത്തുകയായിരുന്നു.

ഇന്നത്തെ കളിയിലെ 11

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- അഭിഷേക് പോറെല്‍, ഫാഫ് ഡു പ്ലെസി, കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രാജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ജേക്കബ് ബെതെല്‍, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ.

Story first published: Sunday, April 27, 2025, 14:05 [IST]
Other articles published on Apr 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+