ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍ിസിന്റെ അപരാജിത കുതിപ്പിനു ബ്രേക്കിട്ട് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. റണ്‍മഴ കണ്ട ത്രില്ലറില്‍ 12 റണ്‍സിനു ഡിസിയെ മുംബൈ വീഴ്ത്തുകയായിരുന്നു. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷമാണ് ഡിസിക്കു ഇപ്പോള്‍ അടിതെറ്റിയത്. എന്നാല്‍ ഈ കളിയിലെ വിജയത്തോടെ മുംബൈ പ്ലേഓഫ് പ്രതീക്ഷ കാത്തിരിക്കുകയാണ്.
ഒരു ഘട്ടത്തില്‍ ജയിക്കുമെന്നു തോന്നിച്ച മല്‍സരമാണ് ഡിസി കൈവിട്ടത്. 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡിസി ഒരോവര്‍ ബാക്കിനില്‍ക്കെ 193 റണ്‍സിനു ഓള്‍ഔട്ടായി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ (89) വെടിക്കെട്ട് ഇന്നിങ്‌സാണ് ഡിസിക്കായി കാഴ്ചവച്ചത്. സീസണിലെ ആദ്യ മല്‍സരം കളിച്ച അദ്ദേഹം വെറും 40 ബോളില്‍ 12 ഫോറും അഞ്ചു സിക്‌സറും പറത്തി.

തുടക്കം പാളി ഡിസി
റണ്‍ചേസില്‍ ആഗ്രഹിച്ചു പോലെയൊരു തുടക്കമല്ല ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ലഭിച്ചത്. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യത്തെ ബോൡ തന്നെ ജേക്ക് ഫ്രേസര്‍ മഗ്യുര്‍്ക്കിനെ (0) അവര്‍ക്കു നഷ്ടമായി. ദീപക് ചാഹര്‍ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്നാണ് ഇംപാക്ട് പ്ലെയറായി കരുണ്‍ നായരെ അവര്‍ പരീക്ഷിച്ചത്. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു.
മുംബൈയുടെ ന്യൂബോള്‍ ആക്രമണത്തെ തീപ്പൊരി ബാറ്റിങിലൂടെ കരുണ്‍ നിഷ്പ്രമാക്കി. രണ്ടാം വിക്കറ്റില്‍ അഭിഷേക് പൊറെലിനൊപ്പം 119 റണ്‍സാണ് കരുണ്‍ കൂട്ടിച്ചേര്‍ത്തത് 10 ഓവറാവുമ്പോഴേക്കും ഡിസി 100 റണ്‍സും കടന്നിരുന്നു. ഈ സഖ്യം അനായാസം മുന്നേറവെയാണ്. 33 റണ്‍സെടുത്ത പൊറെല്‍ പുറത്തായത്.
25 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടിച്ച താരത്തെ കരണ്‍ ശര്‍മയുടെ ബൗൡങില്‍ നമാന്‍ ധിര്‍ പിടികൂടുകയായിരുന്നു. ടീം സ്‌കോര്‍ 135ല്‍ നില്‍ക്കെ കരുണിന്റെ പുറത്താവലാണ് കളിയിലെ ടേണിങ് പോയിന്റായത്. പിന്നീട് ഡിസിക്കു തുടരെ വിക്കറ്റുകളും നഷ്ടമായി. മൂന്നു വിക്കറ്റുകളെടുത്ത കരണ്‍ശ ശര്‍മയാണ് കളി മുംബൈയ്ക്കു അനുകൂലമാക്കിയത്. മിച്ചെല്‍ സാന്റ്‌നര്‍ രണ്ടു വിക്കറ്റുമെടുത്തു.
കരുത്തുകാട്ടി മുംബൈ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ് അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 205 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. തിലക് വര്‍മയുടെ (59) അഗ്രസീവ് ഫിഫ്റ്റിയാണ് മുംബൈ ബാറ്റിങിനു കരുത്തായത്. 33 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. റയാന്‍ റിക്കെല്‍റ്റണ്‍ (41), സൂര്യകുമാര്‍ യാദവ് (40), നമാന്‍ ധിര്‍ (38*) ംഎന്നിവരുടെ പ്രകടനവും മുംബൈയെ 200 കടത്തുന്നതില്‍ നിര്‍ണായകമായി.
രോഹിത്-റിക്കെല്‍റ്റണ്‍ ജോടി ആദ്യ വിക്കറ്റില്‍ 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ സീസണില്‍ ഇതുവരെ ബാറ്റിങില്‍ ക്ലിക്കായിട്ടില്ലാത്ത രോഹിത് (18) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി മാറി. മൂന്നാം വിക്കറ്റില്‍ സൂര്യ- തിലക് സഖ്യം ചേര്‍ന്നെടുത്ത 60 റണ്‍സാണ് മുംബൈ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. ഡിസിക്കു വേണ്ടി വിപ്രാജ് നിഗവും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റുകളെടുത്തു.

നേരത്തേ ടോസിനു ശേഷം ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ഹോംഗ്രൗണ്ടായ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഡിസിയുടെ ആദ്യ മല്‍സരമാണിത്. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ അതേ പ്ലെയിങ് ഇലവന്‍ നിലനിര്‍ത്തിയാണ് കളിക്കാനിറങ്ങിയത്.
ഈ സീസണിലെ കറുത്ത കുതിരകളെന്നു തീര്‍ച്ചയായും ഡിസിയെ വിളിക്കാം. പുതിയ നായകന്‍ അക്ഷറിനു കീഴില്‍ ഇത്രയും ഗംഭീരമായൊരു പ്രകടനം ആരും തന്നെ അവരില്‍ നിന്നും പ്രതീക്ഷിച്ചത്. അവസാന ഓവറിലേക്കും അവസാന വിക്കറ്റിലേക്കും നീണ്ട ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തിയാണ് ഡിസി സീസണിനു തുടക്കമിട്ടത്. ഒരു വിക്കറ്റിന്റെ നാടകീയ വിജയം അവര്‍ക്കു നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.
രണ്ടാമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനാണ് ഡിസി വാരിക്കളഞ്ഞത്. എസ്ആര്‍എച്ചിനെ 163 റണ്‍സില്‍ എറിഞ്ഞ അവര്‍ നാലോവര്‍ ബാക്കിനില്‍ക്കെ വെറും മൂന്നു വിക്കറ്റിനു വിജയത്തിലെത്തുകയും ചെയ്തു. ഓരോ മല്‍സരം കഴിയുന്തോറും ഡിസി കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരുന്നു. മൂന്നാമത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അവരുടെ തട്ടകത്തില്‍ 25 റണ്‍സിന്റെ വിജയമാണ് ഡിസി ആഘോഷിച്ചത്.
ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഡിസി ആറു വിക്കറ്റിനു 183 റണ്‍സ് അടിച്ചെടുത്തപ്പോള്‍ റണ്‍ചേസില്‍ ചെന്നൈക്കു അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ ആയുള്ളൂ. അവസാന കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരവിനെയും അവരുടെ ഗ്രൗണ്ടില്‍ ആറു വിക്കറ്റിനു ഡിസി തകര്‍ത്തു. ആര്‍സിബി നല്‍കിയ 164 റണ്‍സിന്റെ വിജയലക്ഷ്യം ഡിസി നാലു വിക്കറ്റിനു മറികടക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും സ്ഥിരതയില്ലാത്ത പ്രകടനമാണ് മുംബൈ നടത്തിക്കൊ ണ്ടിരിക്കുന്നത്. സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും മുംബൈയ്ക്കു അടിതെറ്റിയിരുന്നു. എല്‍ ക്ലാസിക്കോ പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാലു വിക്കറ്റിനാണ് അവര്‍ കീഴടങ്ങിയത്. മുംബൈയെ 155ലൊതുക്കിയ ചെന്നൈ ആറു വിക്കറ്റിനു വിജയത്തിലെത്തുകയായിരുന്നു.
രണ്ടാമങ്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അവരുടെ ഗ്രൗണ്ടില്‍ 36 റണ്‍സിനാണ് മുംബൈ കീഴടങ്ങിയത്. 197 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹാര്‍ദിക്കും ടീമിനും ആറു വിക്കറ്റിനു 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്നാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എട്ടു വിക്കറ്റിനു തുരത്തി മുംബൈ സീസണിലെ ആദ്യ വിജയം കൊയ്തു. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ കെകെആറിനെ 116ല്‍ എറിഞ്ഞിട്ട മുംബൈ വെറും രണ്ടു വിക്കറ്റിനു വിജയം സ്വന്തമാക്കി.
പക്ഷെ അതിനു ശേഷം മുംബൈ വീണ്ടും തോല്‍വിയുടെ ട്രാക്കിലേക്കു വീണു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഇഞ്ചോടിഞ്ച് പൊരുതിയ ശേഷം 12 റണ്‍സിനു മുംബൈ കീഴടങ്ങുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള അവസാന കളിയിലും മുംബൈ പൊരുതി വീണു. ഈ കളിയിലും തോല്‍വി 12 റണ്‍സിനാണ്.
ഇന്നത്തെ കളിയിലെ 11
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ജെയ്ക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, അഭിഷേക് പോറെല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രാജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചെല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, കരണ്‍ ശര്‍മ.