Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പടനയിച്ച് രാഹുല്‍, ലഖ്‌നൗവിനെ തകര്‍ത്തടുക്കി ഡല്‍ഹി; വമ്പന്‍ ജയം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ 13 പന്തും എട്ട് വിക്കറ്റും ബാക്കിയാക്കി ജയിക്കാന്‍ ഡല്‍ഹിക്കായി. സീസണിലെ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തിലും ജയം ഡല്‍ഹിക്കൊപ്പം നിന്നുവെന്നതാണ് എടുത്തു പറയേണ്ടത്. മുന്‍ ലഖ്‌നൗ നായകനായ കെ എല്‍ രാഹുല്‍ 57 റണ്‍സോടെ പുറത്താവാതെ നിന്ന് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. യുവതാരം അഭിഷേക് പുറേല്‍ 51 റണ്‍സ് നേടിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ 34 റണ്‍സോടെ പുറത്താവാതെ നിന്നു.

ലഖ്‌നൗവിന് ഗംഭീര തുടക്കം

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ലഖ്‌നൗവിനായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് നല്‍കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്കായി ഓപ്പണിങ് പന്തെറിയാനെത്തിയത്. പിച്ചില്‍ തുടക്കത്തിലേ സ്പിന്നിന് ലഭിക്കുന്ന മുന്‍തൂക്കം മുതലാക്കാനായിരുന്നു അക്ഷറിന്റെ പദ്ധതി. മൂന്ന് ഓവര്‍ പവര്‍പ്ലേയില്‍ത്തന്നെ അക്ഷര്‍ എറിഞ്ഞു. ലഖ്‌നൗവിന്റെ വിക്കറ്റ് നേടിയെടുക്കാനായില്ലെങ്കിലും പവര്‍പ്ലേയില്‍ 51 എന്ന ശരാശരി സ്‌കോറില്‍ ലഖ്‌നൗവിനെ ഒതുക്കാനായി.

സീസണിലെ നാലാം അര്‍ധ സെഞ്ച്വറിയോടെ മാര്‍ക്രം ഒരുവശത്ത് റണ്‍സുയര്‍ത്തി. കൂട്ടുകെട്ട് 87ലെത്തിയപ്പോഴാണ് പൊളിഞ്ഞത്. 33 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെ 52 റണ്‍സെടുത്ത മാര്‍ക്രത്തെ ദുഷ്മന്ത ചമീരയാണ് പുറത്താക്കിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ ക്യാച്ചിലാണ് മാര്‍ക്രം മടങ്ങിയത്. ഡല്‍ഹിയുടെ ഫീല്‍ഡര്‍മാര്‍ പവര്‍പ്ലേയിലടക്കം വരുത്തിയ പിഴവുകള്‍ ലഖ്‌നൗവിനെ സഹായിച്ചു. 10 ഓവറില്‍ 87 റണ്‍സെന്ന മികച്ച സ്‌കോര്‍ ലഖ്‌നൗവിനുണ്ടായിരുന്നു.

പിന്നാലെ എത്തുന്നവര്‍ ഇത് മുതലാക്കുമെന്ന് കരുതിയെങ്കിലും ഡല്‍ഹി ബൗളര്‍മാര്‍ കരുത്തുകാട്ടിയതോടെ ലഖ്‌നൗ ബാറ്റിങ് നിരക്ക് തകര്‍ച്ച നേരിട്ടു. വമ്പനടിക്കാരന്‍ നിക്കോളാസ് പുരാനില്‍ ടീം വലിയ പ്രതീക്ഷവെച്ചിരുന്നു. നേരിട്ട ആദ്യ പന്തില്‍ കുല്‍ദീപിനെ ബൗണ്ടറി പായിക്കാന്‍ പുരാനായി. എന്നാല്‍ അഞ്ച് പന്തില്‍ 9 റണ്‍സെടുത്ത് മടങ്ങി. രണ്ട് ബൗണ്ടറികളാണ് താരം നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ തിരികെ കൊണ്ടുവന്ന നായകന്‍ അക്ഷര്‍ പട്ടേലിന്റെ തീരുമാനം ഫലം കാണുകയായിരുന്നു. ഓഫ് സൈഡിലെ സ്ലോ ബൗണ്‍സറില്‍ ഷോര്‍ട്ടിന് ശ്രമിച്ച പുരാന്‍ ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്.

പിടിമുറുക്കി പേസര്‍മാര്‍

മധ്യ ഓവറുകളില്‍ ഡല്‍ഹി പേസ് ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ലഖ്‌നൗവിന്റെ സ്‌കോര്‍ വേഗം കുറഞ്ഞു. നാലാം നമ്പറില്‍ റിഷഭ് പന്തിനെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ മോശം ഫോമിലുള്ള ലഖ്‌നൗ നായകന്‍ അബ്ദുല്‍ സമദിനെ നാലാം നമ്പറിലിറക്കി. ഈ തീരുമാനം പാളി. എട്ട് പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. മുകേഷ് കുമാറിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് അബ്ദുല്‍ സമദ് പുറത്തായത്. ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്തുന്ന മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല.

36 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 45 റണ്‍സെടുത്ത മാര്‍ഷിനെ മനോഹര യോര്‍ക്കറിലൂടെ മുകേഷ് കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ 110ന് 4 എന്ന നിലയിലേക്ക് ലഖ്‌നൗ വീണു. പേസിനേയും സ്പിന്നിനേയും മാറി മാറി പരീക്ഷിച്ച ഡല്‍ഹി ലഖ്‌നൗ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കി. ഇംപാക്ട് പ്ലയറായെത്തിയ ആയുഷ് ബദോനിയെ മൂന്ന് റണ്‍സില്‍ പുറത്താക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ മുകേഷ് കുമാറിന്റെ ഓവറില്‍ ലഭിച്ച ക്യാച്ച് അവസരം ട്രിസ്റ്റന്‍ സ്റ്റബ്‌സ് പാഴാക്കി.

mukhesh kumar dc vs lsg

ലഭിച്ച ലൈഫിനെ ബദോനി നന്നായി മുതലാക്കി. ഡെത്തോവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ബദോനിക്കായി. അവസാന ഓവറില്‍ മുകേഷ് കുമാറിനെ ഹാട്രിക്ക് ബൗണ്ടറിയടക്കം പായിക്കാന്‍ ബദോനിക്കായി. 21 പന്തില്‍ ആറ് ഫോറടക്കം 36 റണ്‍സെടുത്ത ബദോനിയെ മുകേഷ് കുമാര്‍ ക്ലീന്‍ബൗള്‍ഡാക്കി. മൂന്ന് റണ്‍സില്‍ പുറത്താവേണ്ട താരം പിന്നീട് 33 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. രണ്ട് പന്ത് ശേഷിക്കെ ക്രീസിലെത്തിയ റിഷഭ് പന്തിനെ അവസാന പന്തില്‍ മുകേഷ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ 6 വിക്കറ്റിന് 159 എന്ന ശരാശരി സ്‌കോറില്‍ ലഖ്‌നൗ ഒതുങ്ങി.

മിന്നിച്ച് മുകേഷ് കുമാര്‍

ഡല്‍ഹിക്കായി മുകേഷ് കുമാര്‍ നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 33 റണ്‍സ് വിട്ടുകൊടുത്താണ് മുകേഷിന്റെ മിന്നും പ്രകടനം. മിച്ചല്‍ സ്റ്റാര്‍ക്കും ദുഷ്മന്ത ചമീരയും ഓരോ വിക്കറ്റുകളും പങ്കിട്ടു. ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടുകെട്ട് ലഭിച്ചിട്ടും 159 റണ്‍സെടുക്കാനെ ലഖ്‌നൗവിന് സാധിച്ചുള്ളൂവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. സ്വന്തം തട്ടകത്തില്‍ ലഖ്‌നൗ കളി മറിന്നിരിക്കുകയാണെന്ന് പറയാം. സീസണിലെ ടീമിന്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.

ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം

160 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. കരുണ്‍ നായരും അഭിഷേക് പുറേലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 36 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 9 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 15 റണ്‍സെടുത്ത കരുണ്‍ നായരെ പുറത്താക്കി എയ്ഡന്‍ മാര്‍ക്രമാണ് കൂട്ടുകെട്ട് പൊളിച്ചത്. നാലാം ഓവറിലെ നാലാം പന്തില്‍ കരുണിനെ മാര്‍ക്രം ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പവര്‍പ്ലേയിലെ ഡല്‍ഹിയുടെ റണ്ണൊഴുക്കിന്റെ വേഗം കുറക്കാന്‍ ഈ വിക്കറ്റ് സഹായിച്ചുവെന്ന് തന്നെ പറയാം.

mitchell marsh aiden markram

അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടോടെ രണ്ടാം വിക്കറ്റില്‍ അഭിഷേക് പുറേലും കെ എല്‍ രാഹുലും മുന്നോട്ട് പോയി. സ്‌കോര്‍ 105ല്‍ എത്തി നില്‍ക്കവെ പുറേല്‍ പുറത്തായി. 36 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 51 റണ്‍സെടുത്താണ് അഭിഷേക് മടങ്ങിയത്. എയ്ഡന്‍ മാര്‍ക്രമിന്റെ പന്തില്‍ ഡേവിഡ് മില്ലറുടെ ക്യാച്ചിലാണ് പുറേലിന്റെ മടക്കം. എന്നാല്‍ പിന്നാലെ ഒത്തുചേര്‍ന്ന രാഹുലും നായകന്‍ അക്ഷര്‍ പട്ടേലും ചേര്‍ന്ന് ഡല്‍ഹിയെ അതിവേഗം വിജയത്തോടടുപ്പിച്ചു.

അക്ഷറിന്റെ പ്രകടനം നിര്‍ണ്ണായകമായി

അക്ഷര്‍ പട്ടേല്‍ നടത്തിയ ബാറ്റിങ് പ്രകടനം ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. സ്പിന്നര്‍മാരെ നന്നായി കളിക്കാന്‍ അക്ഷറിനായി. രവി ബിഷ്‌നോയ്‌ക്കെതിരേ രാഹുല്‍ അല്‍പ്പം പതറിയപ്പോള്‍ രണ്ട് സിക്‌സറടക്കമാണ് അക്ഷര്‍ കത്തിക്കയറിയത്. വലിയ ഷോട്ട് സമ്മര്‍ദ്ദ ഘട്ടത്തിലും നന്നായി കളിക്കാന്‍ അക്ഷര്‍ പട്ടേലിനെ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 17ാം ഓവറില്‍ അക്ഷര്‍ പട്ടേലിന്റെ ക്യാച്ച് പ്രിന്‍സ് പാഴാക്കി. ദിഗ് വേഷ് റാത്തിയുടെ ഓവറിലാണ് സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയത്.

പിന്നീട് വിക്കറ്റ് വീഴ്ത്താന്‍ ലഖ്‌നൗവിന് സാധിക്കാതെ പോയതോടെ 17.5 ഓവറില്‍ എട്ട് വിക്കറ്റിന്റെ ജയം നേടിയെടുക്കാന്‍ ഡല്‍ഹിക്കായി. ഡല്‍ഹിക്കായി കെ എല്‍ രാഹുല്‍ 42 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 57 റണ്‍സോടെ പുറത്താവാതെ നിന്നു. അക്ഷര്‍ പട്ടേല്‍ 20 പന്തില്‍ ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു.

പ്ലേയിങ് 11

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്‍, റിഷഭ് പന്ത് (c), ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌നോയ്, ദിഗ് വേഷ് റാത്തി, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ്

ഡല്‍ഹി ക്യാപിറ്റല്‍സ്- അഭിഷേക് പുറേല്‍, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍ (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍

Story first published: Tuesday, April 22, 2025, 13:27 [IST]
Other articles published on Apr 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+