Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബട്‌ലര്‍ ഷോ, ഡല്‍ഹിയുടെ കൊമ്പൊടിച്ച് ജിടി! ചരിത്ര ജയം

അഹമ്മാദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ജോസ് ബട്‌ലര്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ആധിപത്യ ജയമാണ് തട്ടകത്തില്‍ ഗുജറാത്ത് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റിന് 203 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയം നേടുകയായിരുന്നു. ജോസ് ബട്‌ലര്‍ 54 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 97 റണ്‍സോടെ പുറത്താവാതെ നിന്നു. രാഹുല്‍ തെവാത്തിയ 3 പന്തില്‍ നിര്‍ണ്ണായകമായ 11 റണ്‍സും നേടി ക്രീസില്‍ തുടര്‍ന്നു. ഇതാദ്യമായാണ് ഗുജറാത്ത് 200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്.

ഡല്‍ഹിയുടെ തുടക്കം മോശം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഡല്‍ഹിക്കായി കരുണ്‍ നായരും അഭിഷേക് പുറേലുമാണ് ഓപ്പണര്‍മാരായെത്തിയത്. മോശം ഫോമിലായിരുന്ന ജേക്ക് ഫ്രാസര്‍ മഗ്രൂര്‍ക്കിനെ പുറത്തിരുത്തി കരുണിനെ ഓപ്പണര്‍ റോളിലേക്ക് കൊണ്ടുവരികയായിരുന്നു. ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിനെ അഭിഷേക് പുറേല്‍ കടന്നാക്രമിച്ചു. 16 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. എന്നാല്‍ കൂട്ടുകെട്ട് 23ല്‍ നില്‍ക്കവെ പുറേല്‍ പുറത്തായി. 9 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 18 റണ്‍സെടുത്ത പുറേലിനെ അര്‍ഷാദ് ഖാനാണ് മടക്കിയത്. ഫുള്‍ട്ടോസില്‍ മുഹമ്മദ് സിറാജിന്റെ ക്യാച്ചിലാണ് പുറേല്‍ മടങ്ങിയത്.

പിന്നാലെ എത്തിയ കെ എല്‍ രാഹുലും ആക്രമിച്ചാണ് കളിച്ചത്. മികച്ച ഗ്യാപ്പ് ഷോട്ടുകളുമായി രാഹുല്‍ റണ്‍സുയര്‍ത്തി. 14 പന്തില്‍ നാല് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 28 റണ്‍സെടുത്ത രാഹുലിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ച രാഹുലിനെ സ്വിങ്ങിങ് യോര്‍ക്കറില്‍ പ്രസിദ്ധ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. 25 ഇന്നിങ്‌സിന് ശേഷമാണ് രാഹുല്‍ ഐപിഎല്ലില്‍ എല്‍ബിയില്‍ പുറത്താകുന്നത്.

വിക്കറ്റ് നഷ്ടമാകുന്നതിന് മുമ്പ് ഐപിഎല്ലില്‍ ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ വേഗത്തില്‍ 200 സിക്‌സര്‍ നേടുന്ന താരമായി മാറാന്‍ രാഹുലിന് സാധിച്ചു. 129 ഇന്നിങ്‌സില്‍ നിന്നാണ് രാഹുലിന്റെ ഈ നേട്ടം. കരുണ്‍ നായര്‍ പതിയെ തുടങ്ങി പിന്നാലെ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 18 പന്തില്‍ 31 റണ്‍സാണ് കരുണ്‍ നേടിയത്. പ്രസിദ്ധ് കൃഷ്ണയുടെ ഷോര്‍ട്ട്‌ബോള്‍ കെണിയില്‍ അര്‍ഷാദ് ഖാന്റെ ക്യാച്ചിലാണ് കരുണ്‍ മടങ്ങിയത്. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റിന് 63 റണ്‍സെടുത്ത ഡല്‍ഹി ഒമ്പത് ഓവറില്‍ 100 റണ്‍സും പിന്നിട്ടു.

shubman gill dc vs gt ipl 2025

മധ്യനിരയില്‍ കരുത്തുകാട്ടി അക്ഷര്‍

ടോപ് ഓഡര്‍ മടങ്ങിയ ശേഷം ടീമിന്റെ ഉത്തരവാദിത്തം നായകന്‍ അക്ഷര്‍ പട്ടേല്‍ ഏറ്റെടുത്തു. ട്രിസ്റ്റന്‍ സ്റ്റബ്‌സും മികച്ച പിന്തുണ നല്‍കിയതോടെ റണ്‍സുയര്‍ന്നു. 10 റണ്‍റേറ്റ് താഴേതെ മുന്നോട്ട് പോകാനാണ് ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിച്ചത്. സ്റ്റബ്‌സ് അക്ഷര്‍ കൂട്ടുകെട്ട് ശക്തമായി മുന്നോട്ട് പോകവെ മുഹമ്മദ് സിറാജ് കൂട്ടുകെട്ട് പൊളിച്ചു. പവര്‍പ്ലേയില്‍ തല്ലുകൊണ്ട സിറാജിനെ 15ാം ഓവറിലേക്ക് തിരിച്ചുവിളിച്ച ഗുജറാത്ത് നായകന്‍ ശുബ്മാന്‍ ഗില്ലിന് പിഴച്ചില്ല. 21 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 31 റണ്‍സെടുത്ത സ്റ്റബ്‌സിനെ സിറാജ് പ്രസിദ്ധ് കൃഷ്ണയുടെ കൈയിലെത്തിക്കുകയായിരുന്നു.

അക്ഷര്‍ പട്ടേല്‍ അതിവേഗം റണ്‍സുയര്‍ത്തിയെങ്കിലും പരിക്കേറ്റതോടെ അതിവേഗം റണ്‍സുയര്‍ത്താനായില്ല. ഒടുവില്‍ 32 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 39 റണ്‍സെടുത്ത അക്ഷറിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ വിപ്രജ് നിഗത്തെ പ്രസിദ്ധ് ഗോള്‍ഡന്‍ ഡക്കാക്കി. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന്റെ കിടിലന്‍ ക്യാച്ചിലാണ് വിപ്രജ് പുറത്തായത്. ഇംപാക്ട് പ്ലയറായി ഇറങ്ങിയ ഡെനോവന്‍ ഫെരെയ്‌റയെ (1) ഇഷാന്ത് ശര്‍മയും പുറത്താക്കി.

ഒരുവശത്ത് അശുതോഷ് ശര്‍മ റണ്‍സുയര്‍ത്തി. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത അശുതോഷിനെ അവസാന ഓവറില്‍ സായ് കിഷോറാണ് പുറത്താക്കിയത്. കുല്‍ദീപ് യാദവും (4) മിച്ചല്‍ സ്റ്റാര്‍ക്കും (2) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 203 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ഡല്‍ഹിക്കായി.

ബൗളിങ്ങില്‍ മിന്നിച്ച് പ്രസിദ്ധ്

ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയെങ്കിലും നാല് വിക്കറ്റുകള്‍ താരം വീഴ്ത്തി. മുഹമ്മദ് സിറാജ്, അര്‍ഷാദ് ഖാന്‍, ഇഷാന്ത് ശര്‍മ, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

shubman gill sai sudharsan

ബൗളര്‍മാരുടെ പരിക്ക് ഗുജറാത്തിന് വലിയ തിരിച്ചടിയായി. പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ, സായ് കിഷോര്‍ എന്നിവര്‍ക്കെല്ലാം പരിക്കേറ്റു. മിന്നും ഫോമിലുള്ള സ്പിന്നര്‍ സായ് കിഷോര്‍ അവസാന ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. താരത്തിന്റെ നാല് ഓവറുകള്‍ നിര്‍ണ്ണായകമായിരുന്നു. സായ് കിഷോറിന്റെ പരിക്ക് ഗല്‍ഹിക്ക് വളരെയധികം ഗുണകരമായെന്ന് തന്നെ പറയാം.

ഗുജറാത്തിന്റെ തുടക്കം പിഴച്ചു

200ന് മുകളില്‍ ഇതുവരെ പിന്തുടര്‍ന്ന് ജയിക്കാത്ത ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇതിന്റെ സമ്മര്‍ദ്ദത്തിലിറങ്ങിയ ഗുജറാത്തിന്റെ തുടക്കം പിഴച്ചു. സായ് സുദര്‍ശനും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് 14 റണ്‍സിലേക്കെത്തിയപ്പോഴേക്കും കൂട്ടുകെട്ട് പൊളിഞ്ഞു. അഞ്ച് പന്തില്‍ ഒരു ഫോറടക്കം 7 റണ്‍സാണ് ഗില്‍ നേടിയത്. മുകേഷ് കുമാറിന്റെ പന്തില്‍ കരുണ്‍ നായരുടെ നേരിട്ടുള്ള ത്രോയില്‍ ശുബ്മാന്‍ ഗില്‍ റണ്ണൗട്ടാവുകയായിരുന്നു. അശ്രദ്ധമായി ഓടിയ ഗില്‍ വിക്കറ്റ് തുലക്കുകയായിരുന്നുവെന്ന് പറയാം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനും ജോസ് ബട്‌ലറും ചേര്‍ന്ന് റണ്‍സുയര്‍ത്തി.

മിന്നിച്ച് ബട്‌ലര്‍

കൂട്ടുകെട്ട് 60ലെത്തിയപ്പോഴേക്കും സായ് സുദര്‍ശന്‍ പുറത്തായി. 21 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 36 റണ്‍സെടുത്ത സായ് സുദര്‍ശനെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ജോസ് ബട്‌ലറും ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡും ചേര്‍ന്ന് റണ്‍സുയര്‍ത്തി. ബട്‌ലര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് മിന്നിച്ചത്. പരിക്കേറ്റിട്ടും തളരാതെ പൊരുതിയ ബട്‌ലര്‍ ഗുജറാത്തിനെ വിജയത്തിലേക്ക് അതിവേഗം അടുപ്പിച്ചു.

34 പന്തില്‍ ഒരു ഫോറും 3 സിക്‌സും ഉള്‍പ്പെടെ 43 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ 19ാം ഓവറിലെ അഞ്ചാം പന്തില്‍ മുകേഷ് കുമാര്‍ പുറത്താക്കി. ഈ ഓവറില്‍ വെറും 5 റണ്‍സാണ് മുകേഷ് കുമാര്‍ വിട്ടുകൊടുത്തത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ഫോറും പറത്തി രാഹുല്‍ തെവാത്തിയ ഗുജറാത്തിന്റെ ജയമൊരുക്കി.

പ്ലേയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുബ്മാന്‍ ഗില്‍ (c), ജോസ് ബട്‌ലര്‍, റാഷിദ് ഖാന്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, അര്‍ഷാദ് ഖാന്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ

ഡല്‍ഹി ക്യാപിറ്റല്‍സ്- അഭിഷേക് പോറല്‍, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍ (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുകേഷ് കുമാര്‍.

Story first published: Saturday, April 19, 2025, 10:23 [IST]
Other articles published on Apr 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+