ഡല്‍ഹി: ഐപിഎല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പത്തു തകര്‍ത്തെറിഞ്ഞ്് മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലേക്ക്. ഈ സീസണിലെ കിരീടഫേവറിറ്റുകളില്‍ എന്തുകൊണ്ട് തങ്ങള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു എന്നു തെളിയിക്കുന്നതാണ് ഈ കളിയില്‍ ജിടിയുടെ ഏകപക്ഷീയമായ പ്രകടനം. ഇതോടെ 18 പോയിന്റുമായി പ്ലേഓഫിലേക്കു യോഗ്യത നേടാനും അവര്‍ക്കു കഴിഞ്ഞു. ജിടിക്കൊപ്പം ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരും പ്ലേഓഫില്‍ കടന്നു.
200 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജിടിക്കു മുന്നില്‍ ഡിസി വച്ചത്. പക്ഷെ ജിടിയുടെ സൂപ്പര്‍ ഓപ്പണിങ് ജോടികളായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ ജിടി വിജയമുറപ്പിച്ചിരുന്നു.
അപരാജിതമായ ആദ്യ വിക്കറ്റില്‍ 205 റണ്‍സ് വാരിക്കൂട്ടി ഈ ജോടി 19 ഓവറില്‍ ജിടിയെ വിജയത്തിലെത്തിച്ചു. സായ് (108*) സെഞ്ച്വറി കുറിച്ചപ്പോള്‍, ഗില്‍ പുറത്താവാതെ 93 റണ്‍സും നേടു. 61 ബോളില്‍ 12 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് സായിയുടെ ഇന്നിങ്‌സ്. ഗില്‍ 53 ബോളില്‍ ഏഴു സിക്‌സറും മൂന്നു ഫോറുകളും പായിച്ചു.

രക്ഷകനായി രാഹുല്‍
സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 199 റണ്‍സെന്ന വിന്നിങ് ടോട്ടലിലെത്തിയത്. ഇതിനു അവരം സഹായിച്ചത് ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ്. പുറത്താവാതെ 112 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 65 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
അഭിഷേക് പൊറെല്‍ (30), ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ (25), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21*) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. പക്ഷെ ഫാഫ് ഡുപ്ലെസി (5) ഫ്‌ളോപ്പായി മാറി. നിറംമങ്ങിയ തുടക്കമായിരുന്നു ഡിസിയുടേത്. ആദ്യത്തെ അഞ്ചോവറില്‍ വെറും 28 റണ്‍സ് മാത്രമേ ഡിസി നേടിയുള്ളൂ. നാലാം ഓവറില്‍ ഡുപ്ലെസി ക്രീസ് വിടുകയും ചെയ്തിരുന്നു.
എന്നാല്‍ കാഗിസോ റബാഡയെറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാഹുല്‍ ഗിയര്‍ മാറ്റി. രണ്ടു സിക്‌സറും ഒരു ഫോറുമടക്കം അദ്ദേഹം 17 റണ്‍സ് വാരിക്കൂട്ടി. രണ്ടാം വിക്കറ്റില്‍ രാഹുല്‍ -പൊറേല്‍ ജോടി നേടിയത് 90 റണ്‍സാണ് ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നതും ഇവരാണ്. ടീം ടോട്ടല്‍ 106ല്‍ നില്‍ക്കെ പൊറേല്‍ മടങ്ങിയെങ്കിലും അടുത്ത വിക്കറ്റില്‍ മറ്റൊരു മികച്ച കൂട്ടുകെട്ട് കണ്ടു. രാഹുലും അക്ഷറും ചേര്‍ന്ന് 45 റണ്‍സ് നേടിയതോടെ ഡിസി 150 റണ്‍സും പിന്നിട്ടു.

അക്ഷര്‍ പുറത്തായ ശേഷം രാഹുല്‍ കാത്തിരുന്ന സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 60 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. രാഹുലിന്റെ അഞ്ചാമത്തെ ഐപിഎല്‍ സെഞ്ച്വറി കൂടിയാണിത്. ടൂര്‍ണമെന്റില്‍ മൂന്നു വ്യത്യസ്ത ടീമുകള്‍ക്കായി നൂറടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
ഈ സീസണില്‍ ജിടിയും ഡിസിയും നേര്‍ക്കുനേര്‍ വന്ന രണ്ടാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തില്‍ ഡിസിയെ ഗില്ലും സംഘവും ഏഴു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡിസി എട്ടു വിക്കറ്റിനു 204 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ ജിടി നാലു ബോള്‍ ബാക്കിനില്‍ക്കെ വെറും മൂന്നു വിക്കറ്റ് നഷ്ടക്കില്‍ വിജയത്തിലെത്തുകയായിരുന്നു.
പ്ലെയിങ് 11
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഫാഫ് ഡുപ്ലെസി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോറെല്‍, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, സമീര്‍ റിസ്വി, അശുതോഷ് ശര്‍മ, വിപ്രാജ് നിഗം, മുകേഷ് കുമാര്‍, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്.
ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, സായ് കിഷോര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.