ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 43ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 19.5 ഓവറില്‍ 154 റണ്‍സിന് പുറത്തായപ്പോള്‍ എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് ജയിച്ചു. ചെന്നൈയില്‍ ഹൈദരാബാദ് ജയിക്കുന്നത് ഇതാദ്യമായാണ്. തോല്‍വിയോടെ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു.
സിഎസ്‌കെയുടെ തുടക്കം തകര്‍ച്ചയോടെ
ടോസ് നഷ്ടപ്പെട്ട് തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ സിഎസ്‌കെയുടെ തുടക്കം പാളി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ത്തന്നെ മുഹമ്മദ് ഷമി യുവ ഓപ്പണര്‍ ഷെയ്ഖ് റഷീദിനെ പുറത്താക്കി. ഓഫ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ച ഷെയ്ഖ് റഷീദ് സ്ലിപ്പില്‍ അഭിഷേക് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചക്കിടയിലും യുവ ഓപ്പണര്‍ ആയുഷ് മാത്രെ റണ്‍സുയര്‍ത്തി. മുഹമ്മദ് ഷമിയേയും പാറ്റ് കമ്മിന്‍സിനേയും ബൗണ്ടറികള്‍ പായിച്ച് റണ്‍സുയര്‍ത്താന്‍ മാത്രക്കായി.

മൂന്നാം നമ്പറിലെത്തിയ സാം കറെന്‍ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 39ല്‍ നില്‍ക്കവെ കറെന്‍ പുറത്തായി. 10 പന്തില്‍ ഒരു ഫോറടക്കം 9 റണ്‍സെടുത്ത കറെനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. കൃത്യമായ ഫീല്‍ഡിങ് വിന്യസിച്ച ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സും അഭിനന്ദനം അര്‍ഹിക്കുന്നു. ഒരുവശത്ത് റണ്‍സുയര്‍ത്താന്‍ മാത്രക്കെയെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല. 19 പന്തില്‍ ആറ് ഫോറടക്കം 30 റണ്‍സെടുത്ത മാത്രയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. സിഎസ്‌കെയുടെ ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനം നടത്താന്‍ മാത്രക്കായി.
എന്നാല്‍ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായത് സിഎസ്‌കെയെ തളര്‍ത്തി. നാലാമനായെത്തിയ രവീന്ദ്ര ജഡേജക്ക് ലൈഫ് ലഭിച്ചു. സീഷന്‍ അന്‍സാരിയുടെ പന്തില്‍ ലഭിച്ച ക്യാച്ചിനെ ഹര്‍ഷല്‍ പട്ടേല്‍ പാഴാക്കി. എന്നാല്‍ ലൈഫ് മുതലാക്കി വലിയ സ്‌കോറിലേക്കുയരാന്‍ ജഡേജക്ക് സാധിച്ചില്ല. 17 പന്തില്‍ ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 21 റണ്‍സെടുത്ത ജഡേജയെ കമിന്‍ഡു മെന്‍ഡിസ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ജഡേജ പുറത്താവുമ്പോള്‍ 4 വിക്കറ്റിന് 74 റണ്‍സെന്ന നിലയിലായിരുന്നു സിഎസ്‌കെ.

അരങ്ങേറ്റത്തില്‍ മിന്നിച്ച് ബ്രെവിസ്
സിഎസ്‌കെയ്ക്കായി അരങ്ങേറ്റ മത്സരത്തില്‍ മിന്നിക്കാന്‍ ഡെവാള്‍ഡ് ബ്രെവിസിനായി. അഞ്ചാമനായി ക്രീസിലെത്തിയ ബ്രെവിസ് അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. കൂടുതല്‍ സിക്‌സറുകള്‍ ലക്ഷ്യമിട്ട് കളിച്ച താരം തന്റെ റോള്‍ ഗംഭീരമാക്കി. 25 പന്തില്‍ ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 42 റണ്‍സെടുത്താണ് ബ്രെവിസ് പുറത്തായത്. ഹര്‍ഷല്‍ പട്ടേലിനാണ് വിക്കറ്റ്. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നിച്ച ശിവം ദുബെക്ക് മികവ് ആവര്‍ത്തിക്കാനായില്ല.
9 പന്തില്‍ രണ്ട് ഫോറടക്കം 12 റണ്‍സെടുത്ത ദുബെയെ ജയദേവ് ഉനദ്ഘട്ടാണ് പുറത്താക്കിയത്. എംഎസ് ധോണിക്ക് കാമിയോ കാഴ്ചവെക്കാനായില്ല. 10 പന്ത് നേരിട്ട ധോണി ആറ് റണ്‍സെടുത്താണ് മടങ്ങിയത്. ഒരു ഫോറാണ് ധോണിക്ക് നേടാനായത്. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് അനായാസ ക്യാച്ച് നല്‍കിയാണ് ധോണി മടങ്ങിയത്. ഇംപാക്ട് പ്ലയറായെത്തിയ അന്‍ഷുന്‍ കാംബോജിന് ഒന്നും ചെയ്യാനായില്ല. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത കാംബോജിനെ കമ്മിന്‍സാണ് മടക്കിയത്.
രണ്ട് റണ്‍സെടുത്ത നൂര്‍ അഹമ്മദിനെ ഹര്‍ഷല്‍ പട്ടേല്‍ മടക്കി. അവസാന ഓവറുകളില്‍ ദീപക് ഹൂഡ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 21 പന്തില്‍ ഓരോ ഫോറും സിക്‌സുമടക്കം 22 റണ്‍സെടുത്ത ഹൂഡയെ ജയദേവ് ഉനദ്ഘട്ട് പുറത്താക്കിയതോടെ 19.5 ഓവറില്‍ 154 റണ്‍സില്‍ സിഎസ്‌കെ ഓള്‍ഔട്ടായി. ഖലീല്‍ അഹമ്മദ് ഒരു റണ്‍സോടെ പുറത്താവാതെ നിന്നു.

മിന്നിച്ച് ഹര്‍ഷല്‍ പട്ടേല്‍
ചെന്നൈയിലെ സ്ലോ പിച്ചിനെ മുതലാക്കി ഹര്‍ഷല്‍ പട്ടേല്‍ തകര്‍പ്പന്‍ പ്രകടനമാണ് ബൗളിങ്ങില്‍ കാഴ്ചവെച്ചത്. നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയത്. ജയദേവ് ഉനദ്ഘട്ടും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് പങ്കിട്ടപ്പോള്‍ ഷമിയും കമിന്‍ഡു മെന്‍ഡിസും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. സിഎസ്‌കെയുടെ ബാറ്റിങ് നിര തട്ടകത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന് നിസംശയം പറയാം.
അഭിഷേക് ഡക്കിന് പുറത്ത്
സിഎസ്‌കെയ്ക്ക് ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായെങ്കില്‍ രണ്ടാം പന്തില്‍ ഹൈദരാബാദിനും വിക്കറ്റ് നഷ്ടമായി. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയാണ് മടങ്ങിയത്. അക്കൗണ്ട് തുറക്കും മുമ്പ് ഖലീല്‍ അഭിഷേകിനെ ആയുഷിന്റെ െൈകയിലെത്തിക്കുകയായിരുന്നു. സീസണില്‍ സെഞ്ച്വറി നേടി റെക്കോഡിടാന്‍ അഭിഷേകിനായെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ താരത്തിനാവുന്നില്ല. അഭിഷേകിന്റെയും ട്രാവിസ് ഹെഡിന്റേയും ഓപ്പണിങ് കൂട്ടുകെട്ട് പാളുന്നത് ഹൈദരാബാദിനെ പിന്നോട്ടടിച്ചുവെന്ന് നിസംശയം പറയാം.
ട്രാവിസ് ഹെഡ് ഫോമിലേക്കെത്തിയെന്ന് കരുതിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 16 പന്തില്‍ നാല് ഫോറടക്കം 19 റണ്‍സെടുത്ത ഹെഡിനെ യുവതാരം അന്‍ഷുല്‍ കാംബോജ് മടക്കി. അപകടകാരിയായ ഹെന്‍ റിച്ച് ക്ലാസനും കാര്യമായൊന്നും ചെയ്യാനായില്ല. അവസാന മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ക്ലാസന് എട്ട് പന്ത് നേരിട്ട് ഒരു ഫോറടക്കം ഏഴ് റണ്‍സാണ് നേടാനായത്. രവീന്ദ്ര ജഡേജയെ സിക്‌സറിന് ശ്രമിച്ച് ദീപക് ഹൂഡക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ക്ലാസന്‍ മടങ്ങുമ്പോള്‍ 54ന് 3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്.
ഒരുവശത്ത് ഇഷാന്‍ കിഷന്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. സിഎസ്‌കെ സ്പിന്‍ ആക്രമണം കടുപ്പിച്ചതോടെ ഹൈദരാബാദിന്റെ ബാറ്റിങ് നിര പ്രയാസപ്പെട്ടു. ഇഷാന്‍ വിജയത്തിലേക്കെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 44 റണ്‍സില്‍ മടങ്ങി. 34 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയ ഇഷാനെ നൂര്‍ അഹമ്മദിന്റെ പന്തില്‍ സാം കറെന്‍ മികച്ച ക്യാച്ചില്‍ മടക്കി. ഇതോടെ ഹൈദരാബാദ് കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് വീണു.
മധ്യനിരയുടെ പ്രകടനം നിരാശ
അനികേത് വര്‍മ പ്രതീക്ഷ നല്‍കി. എന്നാല്‍ മാച്ച് വിന്നിങ് പ്രകടനം നടത്താനായില്ല. 19 പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 19 റണ്‍സെടുത്ത അനികേതിനെ നൂര്‍ അഹമ്മദാണ് മടക്കിയത്. ഫിനിഷര്‍ റോളിലേക്കെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി അവസരം മുതലാക്കി. കമിന്‍ഡു മെന്‍ഡിസും അവസരത്തിനൊത്ത് ഉയര്‍ന്നു. നോബോളും വൈഡുകളുമായി സിഎസ്‌കെ ബൗളര്‍മാര്‍ ഹൈദരാബാദിനെ പിന്തുണച്ചു. ഇതോടെ എട്ട് പന്ത് ബാക്കിനിര്‍ത്തി ജയിക്കാന്‍ ഹൈദരാബാദിനായി. കമിന്‍ഡും മെന്‍ഡിസ് 22 പന്തില്‍ മൂന്ന് ഫോറടക്കം 32 റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നപ്പോള്‍ 13 പന്തില്‍ പുറത്താവാതെ 19 റണ്‍സോടെ നിതീഷ് കുമാര്‍ റെഡി മികച്ച പിന്തുണ നല്‍കി.
പ്ലേയിങ് 11
സിഎസ്‌കെ- ആയുഷ് മാത്രെ, ഷെയ്ഖ് റഷീദ്, സാം കറെന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എംഎസ് ധോണി (c), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ പതിരാന
ഹൈദരാബാദ്- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍, അനികേത് വര്‍മ, കമിന്‍ഡു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (c), ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്ഘട്ട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി