For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: നാണംകെട്ട് ചെന്നൈ!! വീണ്ടും തോല്‍വി, പ്ലേഓഫില്ലാതെ പുറത്ത്; പഞ്ചാബ് മുന്നോട്ട്

ചെന്നൈ: ഐപിഎല്ലിന്റെ 18ാം സീസണില്‍ പ്ലേഓഫ് കാണാതെ പുറത്താവുന്ന ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ തുടരെ തോറ്റു കൊണ്ടിരിക്കുന്ന ചെന്നൈയെ ഇത്തവണ പഞ്ചാബ് കിങ്‌സാണ് നാലു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. ഈ സീസണില്‍ ചെന്നൈക്കെതിരേ പഞ്ചാബിന്റെ രണ്ടാം ജയം കൂടിയാണിത്. ചെപ്പോക്കില്‍ ചെന്നൈ ഇത്തവണ കീഴടങ്ങിയത് അഞ്ചാം തവണയാണ്.

191 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു മുന്നില്‍ എംഎസ് ധോണിയും സംഘവും വച്ചത്. എന്നാല്‍ നായകന്റെ കളി കെട്ടിച്ച ശ്രേയസ് അയ്യരുടെയും (72) പ്രഭ്‌സിമ്രന്‍ സിങിന്റെയും (54) തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ പഞ്ചാബിനെ 19.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തിക്കുകയും ചെയ്തു.

ഈ ജയം പഞ്ചാബിനെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു ഉയര്‍ത്തിയിരിക്കുകയാണ്. ഒപ്പം പ്ലേഓഫിലേക്കു അടുക്കുകയും ചെയ്തു. ചെന്നൈയാവട്ടെ 10 മല്‍സരങ്ങളില്‍ നിന്നും എട്ടാമത്തെ പരാജയമാണ് ഏറ്റുവാങ്ങിയത്. ശേഷിച്ച നാലു കളികളും ജയിച്ചാലും ചെന്നൈ ഇനി പ്ലേഓഫില്‍ കടക്കില്ല.

CHAHAL

പഞ്ചാബിന്റെ റണ്‍ചേസ്

പഞ്ചാബ് കിങ്‌സിനു റണ്‍ചേസില്‍ ഭേദപ്പെട്ട തുടക്കമാണ് ഓപ്പണിങ് ജോടികളായ പ്രഭ്‌സിമ്രന്‍ി സിങും പ്രിയാന്‍ഷ് ആര്യയും നല്‍കിയത്. വലിയ റിസ്‌കുകള്‍ക്കൊന്നും മുതിരാതെ ഇരുവരും അനായാസം ടീമിനെ മുന്നോട്ടു കൊണ്ടുപോയി. മോശം ബോളില്‍ പരമാവധി റണ്‍സെടുക്കാനും ജോടി മറന്നില്ല. ആദ്യ വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഈ സഖ്യത്തിനായിരുന്നു.

23 റണ്‍സെടുത്ത പ്രിയാന്‍ഷിനെ പുറത്താക്കി ഖലീല്‍ അഹമ്മദാണ് ചെന്നൈക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്, രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രനും നായകന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് 72 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ പഞ്ചാബ് കളിയില്‍ പിടിമുറുക്കി. ചെന്നൈ നായകന്‍ ധോണി ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ ജോടിയെ പിരിക്കാനായില്ല.

ടീം സ്‌കോര്‍ 112ല്‍ വച്ച് പ്രഭ്‌സിമ്രന്‍ പുറത്തായ ശേഷം ആക്രമണത്തിന്റെ ചുമതല ശ്രേയസ് ഏറ്റെടുക്കുകയായിരുന്നു. നെഹാല്‍ വദേര (5) പെട്ടെന്നു മടങ്ങിയെങ്കിലും മറുഭാഗത്ത് ശ്രേയസ് കുലുങ്ങിയില്ല. ശശാങ്ക് സിങിനൊപ്പം (23) 44 റണ്‍സിന്റെ കൂട്ടുകെട്ട് ശ്രേയസ് പടുത്തുയര്‍ത്തിയതോടെ പഞ്ചാബ് വിജയത്തിലേക്കു കുതിച്ചെത്തി.

കറെന്‍ കരുത്തില്‍ ചെന്നൈ

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 190 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലെത്തിത്തിച്ചത് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്റെ (88) തകര്‍പ്പന്‍ ഇന്നിങ്‌സാണ്. മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തിയ അദ്ദേഹം 47 ബോളിലാണ് ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം ചെന്നൈയുടെ അമരക്കാരനായത്. പുതുതായി ടീമിലെത്തിയ സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസാണ് (32) ചെന്നൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

ചെന്നൈ നിരയില്‍ മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല. രവീന്ര ജഡജ (17), നായകന്‍ എംഎസ് ധോണി (11), ഷെയ്ക് റഷീദ് (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ഒരിക്കല്‍ക്കൂടി ചെന്നൈക്കു മോശം തുടക്കമാണ് മുന്‍നിര ബാറ്റര്‍മാര്‍ നല്‍കിയത്.

പവര്‍പ്ലേയില്‍ മൂന്നു വിക്കറ്റിനു 48 റണ്‍സെന്ന നിലയിലായിരുന്നു ധോണിപ്പട. എന്നാല്‍ നാലാം വിക്കറില്‍ കറെന്‍- ബ്രെവിസ് സഖ്യം 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ചെന്നൈ ശക്തമായി തിരിച്ചുവന്നു. 26 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 32 റണ്‍,സെടുത്ത ബ്രെവിസിനെ ബൗള്‍ഡാക്കി അസ്മത്തുള്ള ഒമര്‍സായി ചെന്നൈയ്ക്കു ബ്രേക്കിട്ടു.

SAM CURRAN

കറെനും ശിവം ദുബെയ്ക്കുമിടയില്‍ 46 റണ്‍സിന്റെ മറ്റൊരു മികച്ച കൂട്ടുകെട്ടും പിന്നീട് കണ്ടു. 200 റണ്‍സ് അനായാസം ചെന്നൈ കടക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ടീം ടോട്ടല്‍ 172ല്‍ കറെന്‍ മടങ്ങിയ ശേഷം ചെന്നൈ തകര്‍ന്നടിഞ്ഞു. 18 റണസിനിടെ ആറു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചതോടെ 19.2 ഓവറില്‍ ചെന്നൈ 190ന് ഓള്‍ഔട്ടാവുകയായിരുന്നു.

യുസ്വേന്ദ്ര ചഹലെറിഞ്ഞ 19ാം ഓവറാണ് ചെന്നൈയെ തകര്‍ത്തത്. ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ചഹലിന്റെ രണ്ടാമത്തെ ഐപിഎല്‍ ഹാട്രിക്ക് കൂടിയാണിത്. നേരത്തേ രാജസ്ഥാന്‍ റോയല്‍സിവായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഹാട്രിക്ക് നേട്ടം.

കളിയില്‍ ചഹല്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ അര്‍ഷ്ദീപ് സിങും മാര്‍ക്കോ യാന്‍സണും രണ്ടു വിക്കറ്റുകള്‍ വീതവും നേടി. നേരത്തേ ചെപ്പോക്കിലെ പോരില്‍ ടോസിനു ശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഈ മല്‍സരത്തില്‍ ഇരുടീമുകളും ഇറങ്ങിയത്.

പോരാട്ടം ഇതുവരെ

പഞ്ചാബ് കിങ്‌സിനെ സംബന്ധിച്ച് വളരെ മികച്ച സീസണുകളിലൊന്നായി ഇത്തവണത്തെ ഐപിഎല്‍ മാറിയിരിക്കുകയാണ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ചു കൊണ്ടാണ് പഞ്ചാബ് തുടങ്ങിയത്. ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 11 റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. രണ്ടാം റൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്ിനെ എട്ടു വിക്കറ്റിനു പഞ്ചാബ് കശാപ്പും ചെയ്തു.

പക്ഷെ ഹാട്രിക്ക് ജയം നേടാന്‍ അവര്‍ക്കായില്ല. രാജസ്ഥാന്‍ റോല്‍സിനോടു 50 റണ്‍സിന്റെ കനത്ത പരാജയമാണ് ശ്രേയസിനും സംഘത്തിനും നേരിട്ടത്. അടുത്ത കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 18 റണ്‍സിനു വീഴ്ത്തി പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്തി. എന്നാല്‍ വിജയക്കുതിപ്പ് തുടരാനായില്ല. അടുത്ത മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു എട്ടു വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.

ആറാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍മരാായ കൊല്‍ക്കത്താ നൈറ്റ്‌റൈഡേഴ്‌സിനെതിരേ 16 റണ്‍ലിന്റെ വിജയമാണ് പഞ്ചാബ് ആഘോഷിച്ചത്. മഴയെ തുടര്‍ന്നു 14 ഓവര്‍ വീതമായി വെട്ടിക്കുറച്ച അടുത്ത മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അഞ്ചു വിക്കറ്റിനു പഞ്ചാബ് മറികടന്നു. എട്ടാം റൗണ്ടില്‍ പക്ഷെ ആര്‍സിബിയോടു പിഴച്ചു. ഏഴു വിക്കറ്റിന്റെ പരാജയമാണ് സമ്മതിക്കണ്ടി വന്നത്. കെകെആറുമായുള്ള അവസാന മല്‍സരമാവട്ടെ മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

അതേസമയം, വിജയത്തോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണ്‍ ആരംഭിച്ചത്. ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനാണ് അവര്‍ കൊമ്പുകുത്തിച്ചത്. അതിനു ശേഷം പരാജയങ്ങളുടെ ഘോഷയാത്ര തന്നെയാണ് കണ്ടത്. തുടര്‍ച്ചയായി അഞ്ചു മല്‍സറങ്ങളില്‍ അവര്‍ തോല്‍വി രുചിച്ചു. ഇതിനിടെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റു പിന്‍മാറുകയും പകരം എംഎസ് ധോണി നായകസ്ഥാനത്തേക്കു വരികയും ചെയ്തു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (50 റണ്‍സ്), രാജസ്ഥാന്‍ റോയല്‍സ് (6 റണ്‍സ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (25 റണ്‍സ്), പഞ്ചാബ് കിങ്‌സ് (18 റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (8 വിക്കറ്റ്) എന്നിവരോടാണ് സിഎസ്‌കെ തോല്‍വി വഴങ്ങിയത്.

ഏഴാമത്തെ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് അവര്‍ പരാജയങ്ങള്‍ക്കു ബ്രേക്കിട്ടു. പക്ഷെ അതിനു ശേഷം വീണ്ടും ചെന്നൈ തോല്‍വിയിലേക്കു വീണു. മുംബൈ ഇന്ത്യന്‍സിനോടു ഒമ്പതു വിക്കറ്റിനു നാണംകെട്ട ധോണിപ്പട അവസാന കളിയില്‍ സണ്‍റൈസേഴസ് ഹൈദരാബാദിനോടു അഞ്ചു വിക്കറ്റിന്റെ പരാജയവും വഴങ്ങി.

ഇന്നത്തെ കളിയിലെ 11

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഷെയ്ഖ് റഷീദ്, ആയുഷ് മാത്രെ, ദീപക് ഹൂഡ, സാം കറെന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന, അന്‍ഷുല്‍ കാംബോജ്.

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശ്രേയസ് ഷിയര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, ഗ്ലെന്‍ മാക്‌സ്വെല്‍, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സണ്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍, ഹര്‍പ്രീത് ബ്രാര്‍.

Story first published: Wednesday, April 30, 2025, 13:43 [IST]
Other articles published on Apr 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+