ചെന്നൈ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെപ്പോക്കിലെ സ്ലോ പിച്ചില്‍ മുംബൈയെ സ്പിന്‍ കെണിയൊരുക്കിയാണ് സിഎസ്‌കെ സമര്‍ഥമായി പൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 155 റണ്‍സില്‍ മുംബൈയെ തളയ്ക്കുകയായിരുന്നു.
മറുപടിയില്‍ 19.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയത്തിലെത്തുകയും ചെയ്തു. രചിന്‍ രവീന്ദ്രയും (65*) നായകന്‍ റുതുരാജ് ഗെയ്ക്വാദുമാണ് (53) ഫിഫ്റ്റികളുമായി മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇതോടെ 2021നു ശേഷം സീസണിലെ ആദ്യ കളിയില്‍ തന്നെ തോറ്റു കൊണ്ട് തുടങ്ങുകയെന്ന ശീലം മുംബൈ ആവര്‍ത്തിക്കുകയും ചെയ്തു.

ചെന്നൈയുടെ റണ്‍ചേസ്
മുംബൈയ്‌ക്കെതിരേ ചെന്നൈയ്ക്കു റണ്‍ചേസ് അത്ര എളുപ്പമായിരുന്നില്ല. ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകള്‍ പിഴുത മലയാളി താരം വിഘ്‌നേഷ് പുത്തൂരാണ് ചെന്നൈയെ വിറപ്പിച്ചത്. നാലോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു പേരെ താരം മടക്കിയത്. നായകന്‍ റുതുരാജ് ഗെയ്ക്വാദ് (53), ശിവം ദുബെ (9), ദീപക് ഹൂഡ (3) എന്നിവരെ തന്റെ ആദ്യ ഓവറില്‍ വിഘ്‌നേഷ് പുറത്താക്കി.
എന്നാല്‍ രചിന്‍ രവീന്ദ്രയുടെ (65*) ക്ഷമയോടെയുള്ള ഇന്നിങ്‌സ് സിഎസ്‌കെയെ രക്ഷിക്കുകയായിരുന്നു. 45 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ഫോറും നാലു സിക്‌സറുമടിച്ചു. റുതുരാജ് 26 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം 53 റണ്‍സ് നേടിയാണ് മടങ്ങിയത്.
ബാറ്റിങില്‍ പതറി മുംബൈ
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനു കീഴിലണ് മുംബൈ ഇന്ത്യന്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. എന്നാല്‍ ബാറ്റിങില്‍ തുടക്കം മുതല്‍ മുംബൈ ടീം ശരിക്കും വിയര്‍ത്തുവെന്നതാണ് സത്യം. 31 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരം. 25 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു വീതം ഫോറും സിക്‌സറുകളുമടിച്ചു.
നായകന്‍ സൂര്യ (29), വാലറ്റത്ത് മുന്‍ സിഎസ്‌കെ താരമായ ദീപക് ചാഹര്‍ (28*) എന്നിവരാണ് മുംബൈയുടെ ടോട്ടല്‍ 150 കടത്തിയത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കരിയറില്‍ 18ാം തവണയും ഡെക്കായപ്പോള്‍ റയാന്‍ റിക്കെല്‍റ്റണ്‍ (13), ഫില്‍ ജാക്‌സ് (11), റോബിന്‍ മിന്‍സ് (3), നമാന്‍ ധിര്‍ (17), മിച്ചെല്‍ സാന്റ്‌നര്‍ (11) എന്നിവരെല്ലാം ബാറ്റിങില്‍ നിറം മങ്ങി.

നാലാമത്തെ ബോളില്‍ തന്നെ രോഹിത് ക്രീസ് വിട്ടു. വൈകാതെ റിക്കെല്‍റ്റണ്‍, ജാക്‌സ് എന്നിവരും പുറത്തായതോടെ മുംബൈ മൂന്നിന് 36 റണ്‍സിലേക്കു വീണു. നാലാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടുമായി സൂര്യ- തിലക് ജോടി മുംബൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ സൂര്യ മടങ്ങിയതോടെ മുംബൈയ്ക്കു വീണ്ടും കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു.
നാലു വിക്കറ്റുകള്‍ പിഴുത അഫ്ഗാനിസ്താന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണി മുംബൈയുടെ അന്തകനായി മാറിയത്. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ മടക്കിയത്. ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.
പ്ലെയിങ് 11
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറെന്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ധിര്‍, റോബിന്‍ മിന്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, സത്യനാരായണ രാജു.