Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണി ക്യാപ്റ്റനായിട്ടും കാര്യമില്ല! കെകെആറിന് വമ്പന്‍ ജയം, നാണംകെട്ട് സിഎസ്‌കെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ സിഎസ്‌കെയെ തകര്‍ത്ത് കെകെആര്‍. എട്ട് വിക്കറ്റിനാണ് കെകെആര്‍ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 9 വിക്കറ്റിന് 103 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 59 പന്തും എട്ട് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. ചെപ്പോക്കില്‍ സിഎസ്‌കെ നേരിടുന്ന തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഈ സീസണില്‍ സിഎസ്‌കെയുടെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.

സിഎസ്‌കെയുടെ തുടക്കം മോശം

എംഎസ് ധോണി നായകസ്ഥാനത്തേക്കെത്തിയതോടെ സിഎസ്‌കെയുടെ മനോഭാവത്തില്‍ മാറ്റം വരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം തുടരുന്നത്. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും ടെസ്റ്റ് ശൈലിയിലാണ് കളിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി മുതലാക്കേണ്ട പവര്‍പ്ലേ ഓപ്പണര്‍മാര്‍ നശിപ്പിക്കുകയാണെന്ന് പറയാം. സ്വന്തം പിച്ചില്‍ പോലും ആധിപത്യം കാട്ടാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല.

ഒന്നാം വിക്കറ്റില്‍ 19 പന്തില്‍ 16 റണ്‍സാണ് ഓപ്പണര്‍മാര്‍ സൃഷ്ടിച്ചത്. 11 പന്തില്‍ രണ്ട് ഫോറടക്കം 12 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയാണ് ആദ്യം പുറത്തായത്. മോയിന്‍ അലിയെ സ്വീപ് ഷോട്ടിന് ശ്രമിച്ച കോണ്‍വേക്ക് പിഴച്ചു. ഇതോടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സിഎസ്‌കെ റിവ്യൂ ചെയ്‌തെങ്കിലും അനുകൂല വിധി നേടിയെടുക്കാനായില്ല. പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. രചിന്‍ രവീന്ദ്രക്ക് ഒന്നും ചെയ്യാനായില്ല. ഇടം കൈയന്‍ ഓപ്പണര്‍ 9 പന്തില്‍ നാല് റണ്‍സാണ് നേടിയത്.

ഹര്‍ഷിത് റാണ രചിനെ പുറത്താക്കുകയായിരുന്നു. വിജയ് ശങ്കറെ ഡക്കിന് പുറത്താക്കാനുള്ള അവസരം ലഭിച്ചതാണ്. ഹര്‍ഷിത് റാണയുടെ പന്തില്‍ ലഭിച്ച ക്യാച്ച് സുനില്‍ നരെയ്ന്‍ പാഴാക്കി. ഇത് മുതലാക്കി റണ്‍സുയര്‍ത്താനാണ് വിജയ് ശ്രമിച്ചത്. 20 റണ്‍സില്‍ ഹര്‍ഷിത് റാണയുടെ ഓവറില്‍ വീണ്ടും വിജയിയുടെ ക്യാച്ചവസരം. എന്നാല്‍ ഇത്തവണ വെങ്കടേഷ് അയ്യരെ ലൈറ്റ് ചതിച്ചപ്പോള്‍ ക്യാച്ച് പാഴായി. എന്നാല്‍ രണ്ട് ലൈഫിനെ മുതലാക്കുന്ന ഇന്നിങ്‌സ് നടത്താന്‍ വിജയിക്ക് സാധിച്ചില്ല. 21 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 29 റണ്‍സാണ് വിജയ് നേടിയത്.

മധ്യനിര കൂട്ടത്തകര്‍ച്ച നേരിട്ടു

ഇത്തവണയും മധ്യനിര സിഎസ്‌കെയെ കൈവിട്ടു. രാഹുല്‍ ത്രിപാഠിയെ പ്ലേയിങ് 11ലേക്ക് തിരികെ വിളിച്ച ധോണിയുടെ തീരുമാനം പാളി. 22 പന്ത് നേരിട്ട് ഒരു ഫോറടക്കം 16 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്. സുനില്‍ നരെയ്ന്‍ രാഹുല്‍ ത്രിപാഠിയെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ശിവം ദുബെ ക്രീസില്‍ നില്‍ക്കുന്നതിനാല്‍ ആറാം നമ്പറില്‍ വലം കൈയനായ ആര്‍ അശ്വിന്‍ ഇറങ്ങി. എന്നാല്‍ അശ്വിന് മികവ് കാട്ടാനായില്ല. ഏഴ് പന്തില്‍ ഒരു റണ്‍സെടുത്ത അശ്വിനെ ഹര്‍ഷിത് റാണയാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ മോശം ഫോം തുടരുകയാണ്. രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ ജഡേജ മടങ്ങി.

devon conway rachin ravindra csk vs kkr

സുനില്‍ നരെയ്‌ന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീക്കോക്കിന് ക്യാച്ച് നല്‍കിയാണ് ജഡേജ പുറത്തായത്. സിഎസ്‌കെയ്ക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടതോടെ ത്രിപാഠിയെ പിന്‍വലിച്ച് ദീപക് ഹൂഡയെ ഇംപാക്ട് പ്ലയറായി സിഎസ്‌കെ കളിപ്പിച്ചു. എന്നാല്‍ നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ഹൂഡ പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വൈഭവ് അറോറയുടെ അനായാസ ക്യാച്ചിലാണ് ഹൂഡ പുറത്തായത്. ഇതോടെ 72ന് 7 എന്ന നിലയിലേക്ക് സിഎസ്‌കെ തകര്‍ന്നു.

എംഎസ് ധോണിക്ക് രക്ഷകനാവാന്‍ സാധിച്ചില്ല. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ധോണിയെ സുനില്‍ നരെയ്ന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എട്ട് പന്തില്‍ ഒരു റണ്‍സെടുത്ത നൂര്‍ അഹമ്മദിനെ വൈഭവ് അറോറ പുറത്താക്കി. 29 പന്തില്‍ 3 ഫോറടക്കം 31 റണ്‍സെടുത്ത് ശിവം ദുബെ പുറത്താവാതെ നിന്നു. അന്‍ഷുല്‍ കാംബോജ് 3 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ 20 ഓവറില്‍ 9 വിക്കറ്റിന് 103 റണ്‍സില്‍ സിഎസ്‌കെ ഒതുങ്ങി. ചെപ്പോക്കിലെ സിഎസ്‌കെയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.

കെകെആര്‍ സ്പിന്നര്‍മാര്‍ തിളങ്ങി

സ്പിന്‍ പിച്ചൊരുക്കിയ സിഎസ്‌കെയെ കെകെആര്‍ സ്പിന്നര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. കെകെആറിനായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റുകള്‍ പങ്കിട്ടു. വൈഭവ് അറോറയും മോയിന്‍ അലിയും ഓരോ വിക്കറ്റുകളുമാണ് വീഴ്ത്തിയത്.

കെകെആറിന് വെടിക്കെട്ട് തുടക്കം

104 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കെകെആറിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. സിഎസ്‌കെയുടെ മുട്ടിടിച്ച പിച്ചില്‍ കെകെആര്‍ താരങ്ങള്‍ ബാറ്റിങ് വെടിക്കെട്ടാണ് തീര്‍ത്തത്. ഒന്നാം വിക്കറ്റില്‍ 46 റണ്‍സിന്റെ കൂട്ടുകെട്ടാണ് കെകെആര്‍ സൃഷ്ടിച്ചത്. 16 പന്തില്‍ മൂന്ന് സിക്‌സറടക്കം 23 റണ്‍സെടുത്ത ക്വിന്റന്‍ ഡീകോക്കിനെ യുവതാരം അന്‍ഷുല്‍ കാംബോജ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഡീകോക്ക് മടങ്ങിയതിന് പിന്നാലെ സുനില്‍ നരെയ്ന്‍ ബാറ്റിങ് വെടിക്കെട്ട് ഏറ്റെടുത്തു.

ms dhoni

18 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സുമാണ് നരെയ്ന്‍ പറത്തിയത്. 44 റണ്‍സെടുത്ത നരെയ്‌നെ നൂര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. നരെയ്ന്‍ മടങ്ങുമ്പോള്‍ 7.1 ഓവറില്‍ 85 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ കെകെആറിനായി. സിഎസ്‌കെ പവര്‍പ്ലേയില്‍ 31 റണ്‍സ് നേടിയപ്പോള്‍ കെകെആര്‍ 71 റണ്‍സാണ് അടിച്ചെടുത്തത്. സിഎസ്‌കെയുടെ ബൗളര്‍മാര്‍ക്ക് ഒരു സമ്മര്‍ദ്ദവും സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത.

നായകന്‍ അജിന്‍ക്യ രഹാനെ (20*) റിങ്കു സിങ് (15*) എന്നിവര്‍ പുറത്താവാതെ നിന്നപ്പോള്‍ 59 പന്ത് ബാക്കിനിര്‍ത്തി ജയിക്കാന്‍ കെകെആറിനായി. രഹാനെ ഓരോ സിക്‌സും ഫോറും പറത്തിയപ്പോള്‍ റിങ്കുവും ഓരോ സിക്‌സും ഫോറും നേടി.

പ്ലേയിങ് 11

സിഎസ്‌കെ- രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (c), ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്

കെകെആര്‍- ക്വിന്റന്‍ ഡീകോക്ക്, വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ (c), റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, രമണ്‍ദീപ് സിങ്, വൈഭവ് അറോറ, മോയിന്‍ അലി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Story first published: Friday, April 11, 2025, 13:40 [IST]
Other articles published on Apr 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+