ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടതു തന്നെ ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിള്ള സംഘര്‍ഷം കൂടുതല്‍ മോശമായി മാറിക്കൊണ്ടിരിക്കെയാണ് ഐപിഎല്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ബിസിസിഐ എടുത്തിരിക്കുന്നത്. 16 മല്‍സരങ്ങള്‍ ഇനിയും ശേഷിക്കെയാണ് ടൂര്‍ണമെന്റ് അനിശ്ചിതമായി നിര്‍ത്തിയിരിക്കുന്നത്. ബാക്കിയുള്ള മല്‍സരങ്ങള്‍ ഇനി നടക്കുമോയെന്ന കാര്യവും അവ്യക്തമായി തുടരുകയാണ്.
പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ധരംശാലയില്‍ നടന്ന മല്‍സരം കഴിഞ്ഞ ദിവസം സുരക്ഷാ ഭീഷണി കാരണം പാതിവഴിയില്‍ വച്ച് ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ചേര്‍ന്ന ബിസിസിഐയുടെ അടിയന്തര യോഗത്തിലാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാനുളള സുപ്രധാന തീരുമാനമെടുത്തത്. യഥാര്‍ഥത്തില്‍ ഐപിഎല്‍ ഈയൊരു ഘട്ടത്തില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതില്‍ ചില ടീമുകള്‍ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാവും. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഏതൊക്കെ ടീമുകള്‍ ഹാപ്പി
ഐപിഎല്ലിന്റെ 18ാം സീസണ്‍ ഇപ്പോള്‍ നിര്‍ത്തിവച്ചതില്‍ വച്ചതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് പ്രധാനമായും നാലു ടീമുകളായിരിക്കും. റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളായിരിക്കും.
ഈ സീസണില്‍ അടിമുടി ആടിയുലയുന്ന ടീമുകളാണ് ഇവരെല്ലാം. അതുകൊണ്ടു തന്നെ ഒന്നു ഫ്രഷായി പുതിയ ഉണര്‍വോടെ തിരിച്ചുവന്ന് സീസണിലെ ശേഷിച്ച മല്‍സരങ്ങലെല്ലാം പൂര്‍ത്തിയാക്കാന്‍ ഈ ടീമുകള്‍ ആഗ്രഹിക്കുകയും ചെയ്യും. എല്‍എസ്ജിയൊഴികെ മറ്റുള്ള മൂന്നു ടീമുകളും ഇതിനകം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.
കെഎല്‍ രാഹുലിനു പകരം പുതിയ നായകനായി റിഷഭ് വന്നിട്ടും എല്‍എസ്ജിയുടെ സമയം തെളിഞ്ഞിട്ടില്ല. മാത്രമല്ല മുന്‍ സീസണുകളേക്കാള്‍ മോശം പ്രകടനമാണ് അവര്‍ ഇത്തവണ കാഴ്ചവയ്ക്കുന്നത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് എല്‍എസ്ജി. അവര്‍ക്കും പുറത്താവലിനുമിടയിലുള്ള ദൂരം ഇനി ഒരു തോല്‍വി മാത്രമാണ്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ എല്‍എസ്ജിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിക്കും.
11 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് റിഷഭിനും ടീമിനും ജയിക്കാനായത്. ശേഷിച്ച ആറിലും ടീം തോല്‍ക്കുകയായിരുന്നു. സീസണിന്റെ ആദ്യപകുതിയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ ലഖ്‌നൗ ടീമിനായിരുന്നു. പക്ഷെ രണ്ടാംപകുതിയില്‍ അവര്‍ക്കു തുടരെ തിരിച്ചടികള്‍ നേരിട്ടു. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒരേയൊരു വിജയമാണ് എല്‍എസ്ജിക്കു നേടാനായത്. അവരുടെ പ്ലേഓഫ് സാധ്യതകളും അവതാളത്തിലാക്കിയത് ഇതാണ്.
ബാറ്ററെന്ന നിലയില്‍ റിഷഭും ദയനീയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 130 റണ്‍സ് പോലും സീസണില്‍ അദ്ദേഹം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ മോശം സമയത്തു നിന്നു കരകയറാന്‍ റിഷഭിനു ഒരു ബ്രേക്ക് ആവശ്യമാണ്. ടൂര്‍ണമെന്റ് ഇനി പുനരാരംഭിക്കുമ്പോഴേക്കും പഴയ ഫോം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചേക്കുകയും ചെയ്യും.

കഴിഞ്ഞ സീസണില്‍ റണ്ണറപ്പായ എസ്ആര്‍എച്ച് ടീം തകര്‍ന്നടിഞ്ഞ സീസണാണിത്. 11 മല്‍സരങ്ങളില്‍ വെറും ആറു പോയിന്റ് മാത്രമേ അവര്‍ക്കുള്ളൂ. ജയിച്ചതു വെറും മൂന്നു മല്‍സരങ്ങളാണ്. ഇപ്പോള്‍ ലഭിച്ച ഈ ബ്രേക്ക് തീര്‍ച്ചയായും ടീമിനു അല്‍പ്പം ആശ്വാസമാവും.
റോയല്‍സിനും ഇതു വളരെ മോശം സീസണികളിലൊന്നായി മാറിയിരിക്കുകയാണ്. 12 കളിയില്‍ നിന്നും ആറു പോയിന്റുള്ള അവര്‍ ഇപ്പോള്‍ ഒമ്പതാംസ്ഥാനത്താണ്. ശേഷിച്ച രണ്ടു കളിയിലും ജയിച്ച് സീസണ്‍ അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ ബ്രേക്ക് റോയല്‍സിനെ സഹായിച്ചേക്കും.
എന്നാല്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് അഞ്ചു തവണ ജേതാക്കളായ സിഎസ്‌കെ. വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. സീസണില്‍ ഇനി ബാക്കിയുള്ള മല്‍സരങ്ങളിലും തോറ്റ് കൂടുതല്‍ നാണക്കേട് ഒഴിവാക്കാന്‍ ഈ ബ്രേക്ക് ധോണിപ്പടയെ സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.