ചെന്നൈ: ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും പുറത്താവുന്ന ആദ്യ ഫ്രാഞ്ചൈസിയെന്ന നാണക്കേടിനു തൊട്ടരികിലാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അഞ്ചു വിക്കറ്റിനാണ് അവര്‍ തകര്‍ന്നടിഞ്ഞത്.
ഒമ്പതു മല്‍സസരങ്ങളില്‍ നിന്നും ചെന്നൈക്കു നേരിട്ട ഏഴാമത്തെ പരാജയമാണിത്. ഈ കളിക്കിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിയമലംഘനം നടത്തിയ സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ അംപയര്‍ കൈയോടെ പൊക്കുകയായിരുന്നു. എന്തായിരുന്നു ഈ സംഭവമെന്നു നോക്കാം.

ജഡേജ കുരുക്കില്‍
ഈ ഐപിഎല്ലില്‍ താരങ്ങള്‍ ഉപയോഗിക്കേണ്ട ബാറ്റുകള്‍ക്കു ബിസിസിഐ പ്രത്യക മാനദണ്ഡം വച്ചിട്ടുണ്ട്. അതിന്റെ പരിധില്‍ വരുന്ന ബാറ്റുകള്‍ മാത്രമേ കളിക്കാര്‍ക്കു ഉപയോഗിക്കാനും അനുമതിയുള്ളൂ. ബാറ്റിങിനായി താരങ്ങള്‍ ക്രീസിലെത്തിയ ഉടന്‍ തന്നെ ഓണ്‍ഫീല്‍ഡ് അംപയര്‍ അവരുടെ ബാറ്റ് പരിശോധിക്കുന്നത് ഈ ഐപിഎല്ലിലെ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്.
നിര്‍ദ്ദിഷ്ട അളവുകോലുകളും ഭാരവുമെല്ലാമുള്ള ബാറ്റ് മാത്രമേ താരങ്ങള്‍ക്കു ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ആ താരം ഉടന്‍ തന്നെ ആ ബാറ്റ് മാറ്റി മറ്റൊന്ന് ഉപയോഗിക്കുകയും വേണം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ അഞ്ചാമത്തെ ഓവറില്‍ തന്നെ നാലാമനായി രവീന്ദ്ര ജഡേജയ്ക്കു ബാറ്റിങിനു ഇറങ്ങേണ്ടി വന്നിരുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്റെ പുറത്താവലിനു പിന്നാലെയാണ് ജഡ്ഡു ക്രീസിലത്തുന്നത്.
ആദ്യ ബോള്‍ നേരിടുന്നതിനു മുമ്പ് തന്നെ ഓണ്‍ഫീല്‍ഡ് അംപയര്‍ അദ്ദേഹത്തിന്റെ ബാറ്റ് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് ജഡ്ഡു ഇതില്‍ പരാജയപ്പെടുകയായിരുന്നു.
ബാറ്റിങിനെത്തിയ രവീന്ദ്ര ജഡേജയുടെ ബാറ്റ് അംപയര്‍ പരിശോധിക്കുന്നു. വീഡിയോ കാണാം
അനുവദിക്കപ്പെട്ട അളവിലുള്ള ബാറ്റല്ല ഇതെന്നും ഉടന്‍ മാറ്റണമെന്നും ജഡേജയോടു അംപയര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതു കേട്ടതോടെ വളരെ അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം നിരാശയില്‍ ബാറ്റ് ഗ്രൗണ്ടില്‍ അടിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ബാറ്റ് മാറ്റിയതിനു ശേഷമാണ് ജഡ്ഡുവിനു കളി തുടരാനായത്. പക്ഷെ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. 17 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 21 റണ്‍സെടുത്ത് ജഡേജ പുറത്താവുകയായിരുന്നു.

അനുവദിക്കപ്പെട്ട ബാറ്റ് എങ്ങനെ?
ബിസിസിഐയുടെ മാനദണ്ഡപ്രകാരം ചില പ്രേേത്യക അളവുകോലുകളില്‍ വരുന്ന ബാറ്റുകള്‍ മാത്രമേ ഈ ഐപിഎല്ലില്‍ കളിക്കാര്‍ക്കു ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ബാറ്റിന്റെ മുന്‍ ഭാഗത്തിന്റെ (Bat Face) വീതി 4.25 ഇഞ്ചുകളില്‍ (10.79 സെന്റി മീറ്റര്‍) കൂടാന്‍ പാടുള്ളതല്ല.
മധ്യഭാഗത്തെ വണ്ണം 2.64 ഇഞ്ചായിരിക്കണം (6.7 സെന്റി മീറ്റര്‍). എഡ്ജിലെ വീതി 1.56 ഇഞ്ചുകളില്‍ (4 സെന്റി മീറ്റര്‍) കൂടാന്‍ പാടുള്ളതല്ല. ഹാന്റില്‍ മുതല്‍ കീഴ്ഭാഗം വരെ ബാറ്റിന്റെ ആകെയുള്ള നീളം 38 ഇഞ്ചുകള്‍ക്കു (96.4 സെന്റി മീറ്റര്‍) മുകളില്‍ പോവുകയും ചെയ്യരുത്.
വീണ്ടും നിരാശപ്പെടുത്തി സിഎസ്‌കെ
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിക്കു പ്രധാന കാരണം. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ 154 റണ്‍സ് മാത്രമേ അവര്‍ക്കു നേടാന്‍ കഴിഞ്ഞുള്ളൂ.
സിഎസ്‌കെയ്ക്കു വേണ്ടി കന്നി മല്‍സരം കളിച്ച സൗത്താഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസാണ് 42 റണ്‍സോടെ ടോപ്‌സ്‌കോററായത്. 25 ബോളുകള്‍ നേരിട്ട താരം നാലു സിക്‌സറും ഒരു ഫോറുമടിച്ചു.
ആയുഷ് മാത്രെ 30 റണ്‍സും ദീപക് ഹൂഡ 22 റണ്‍സും സ്‌കോര്‍ ചെയ്തു. റണ്‍ചേസില്‍ 18.4 ഓവറില്‍ അഞ്ചു വിക്കറ്റിനു എസ്ആര്‍എച്ച് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഇഷാന്‍ കിഷനും (44) കമിന്ദു മെന്‍ഡിസുമാണ് (32*) പ്രധാന സ്‌കോറര്‍മാര്‍.