ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ മികച്ച പോരാട്ടങ്ങള്‍ ടീമുകള്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും ചില പ്രധാന ടീമുകള്‍ പിന്നോട്ട് പോകുന്നത് ആരാധകരെ നിരാശപ്പെടുത്തുകയാണ്. ഇതില്‍ എടുത്തു പറയേണ്ടത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനമാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. വലിയ ആരാധക പിന്തുണയുള്ള സിഎസ്‌കെയ്ക്ക് ഒരു മത്സരത്തില്‍ പോലും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല.
നിലവില്‍ അവസാന സ്ഥാനക്കാരാണ് സിഎസ്‌കെ. എംഎസ് ധോണി നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടും മികവിനൊത്ത് ഉയരാന്‍ സിഎസ്‌കെയ്ക്ക് സാധിക്കാതെ പോയിരിക്കുകയാണ്. ഒമ്പത് മത്സരത്തില്‍ ഏഴിലും തോറ്റ സിഎസ്‌കെ നിലവില്‍ അവസാന സ്ഥാനത്താണ്. സിഎസ്‌കെ പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യതകള്‍ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. ഇനി അടുത്ത സീസണില്‍ ശക്തമായി തിരിച്ചെത്താമെന്നാണ് ധോണിയടക്കം ആരാധകരോട് പറഞ്ഞിരിക്കുന്നത്.
എന്തായാലും ഇത്തവണത്തെ സിഎസ്‌കെയുടെ പിന്നോട്ട് പോക്ക് ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കുന്നതാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ വലിയ അഴിച്ചുപണിയിലേക്ക് സിഎസ്‌കെ കടക്കുമെന്നുറപ്പാണ്. എംഎസ് ധോണിയടക്കം ഈ സീസണോടെ വിരമിച്ചേക്കും. ധോണിക്ക് ശേഷം സിഎസ്‌കെയെ മുന്നോട്ട് കൊണ്ടുപോകാന്‍ മികച്ചൊരു താരത്തെ ആവശ്യമാണ്. സിഎസ്‌കെ ചില നിര്‍ണ്ണായക നീക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. റിഷഭ് പന്തിനെയാണ് സിഎസ്‌കെ നോട്ടമിടുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
മെഗാ ലേലത്തിന് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു
കഴിഞ്ഞ മെഗാ ലേലത്തിന് മുമ്പ് തന്നെ റിഷഭ് പന്തുമായി സിഎസ്‌കെ ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ റിഷഭ് നായകസ്ഥാനം ചോദിച്ചതിനാല്‍ ഈ കരാര്‍ നടക്കാതെ പോവുകയായിരുന്നുവെന്നാണ് ചില നിര്‍ണ്ണായക സൂചനകള്‍ പുറത്തുവരുന്നത്. ഈ സീസണോടെ ധോണി പടിയിറങ്ങുമെന്നുറപ്പാണ്. ഇതിനോടകം തന്നെ വലിയ വിമര്‍ശനം ധോണി നേരിടുന്നുണ്ട്. ഇനിയൊരു സീസണ്‍ കൂടി സിഎസ്‌കെയില്‍ തുടരുക ധോണിക്ക് പ്രയാസമാണ്. അതുകൊണ്ടുതന്നെ ഉപദേഷ്ടാവിന്റെ റോളിലേക്ക് ധോണി മാറിയേക്കും.
നിലവില്‍ സിഎസ്‌കെ ടീമിന്റെ നായകന്‍ റുതുരാജ് ഗെയ്ക് വാദാണ്. എന്നാല്‍ റുതുരാജിന് കീഴില്‍ സിഎസ്‌കെയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. സിഎസ്‌കെയെ പഴയ മികവിലേക്ക് കൊണ്ടുവരാന്‍ റുതുരാജിന് സാധിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ മികച്ചൊരു താരത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സിഎസ്‌കെയ്ക്ക് സാധിക്കേണ്ടതായുണ്ട്. റിഷഭ് പന്തിനെയാണ് ഇപ്പോള്‍ ടീം ആ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നതെന്നാണ് സൂചന.
സഞ്ജു സാംസണെ സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. എംഎസ് ധോണിയുടെ ബാക്കപ്പാവാന്‍ റിഷഭ് പന്തിനെ കൊണ്ടുവന്നാല്‍ ടീമിനത് നേട്ടമായേക്കും. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനാണ് റിഷഭ് പന്ത്. മോശം ബാറ്റിങ് പ്രകടനമാണ് നടത്തുന്നതെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിഎസ്‌കെയിലേക്ക് കൂടുമാറ്റത്തിന് റിഷഭിന് എളുപ്പത്തില്‍ സാധിച്ചേക്കില്ല.

സിഎസ്‌കെയില്‍ വലിയ മാറ്റങ്ങളുറപ്പ്
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വലിയ അഴിച്ചുപണി ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ സിഎസ്‌കെ ടീമിലെ ഒട്ടുമിക്ക താരങ്ങളും ടെസ്റ്റ് നിലവാരത്തില്‍ കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വലിയ മാറ്റത്തിന് ടീം തയ്യാറാവുമെന്നുറപ്പാണ്. ദീപക് ഹൂഡ, വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാഠി, ആര്‍ അശ്വിന്‍, ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര എന്നിവരെയെല്ലാം സിഎസ്‌കെ ഒഴിവാക്കേണ്ടതായുണ്ട്. മികച്ച യുവതാരങ്ങളെ ചടീമിലേക്ക് കൊണ്ടുവരാത്ത പക്ഷം സിഎസ്‌കെ മെച്ചപ്പെടില്ല.
സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കാമെന്ന പഴകിയ തന്ത്രം ഇപ്പോഴും സിഎസ്‌കെ പിന്തുടരുകയാണ്. എന്നാല്‍ മികച്ച യുവതാരങ്ങളെ കൊണ്ടുവരാതെ സിഎസ്‌കെ മെച്ചപ്പെടില്ലെന്ന് ഉറപ്പാണ്. ആയുഷ് മാത്രെയെപ്പോലെ ചില യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് സിഎസ്‌കെയുടെ നേട്ടമാണ്. എന്നാല്‍ ഇനിയും മികച്ച യുവതാരങ്ങളെ ടീമിലേക്ക് എത്തിക്കാതെ സിഎസ്‌കെയ്ക്ക് കിരീട വഴിയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.