മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യസും സിഎസ്‌കെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. സീസണിലെ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ജയം സിഎസ്‌കെയ്ക്കായിരുന്നു. ഇതിന് പകരം വീട്ടാനാണ് മുംബൈ തട്ടകത്തില്‍ ഇന്ന് സിഎസ്‌കെയെ നേരിടുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെ നിരയില്‍ അരങ്ങേറ്റക്കാരനായി ആയുഷ് മാത്രെയുണ്ടായിരുന്നു. മുംബൈക്കാരനായ 17കാരനെ റുതുരാജ് ഗെയ്ക് വാദിന് പകരക്കാരനായാണ് സിഎസ്‌കെ ടീമിലേക്ക് പരിഗണിച്ചത്.
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ആയുഷ് മുംബൈയില്‍ തകര്‍ത്താടിയെന്ന് പറയാം. മുംബൈയുടെ ആഭ്യന്തര താരമായതിനാല്‍ മുംബൈയിലെ പിച്ചിനെക്കുറിച്ച് താരത്തിന് നന്നായി അറിയാം. അരങ്ങേറ്റക്കാരന്റെ ഭയമില്ലാതെ കളിച്ച ആയുഷ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്. മുംബൈയുടെ സൂപ്പര്‍ ബൗളര്‍മാരെ വിറപ്പിച്ച ആയുഷ് 15 പന്തില്‍ 32 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും രണ്ട് സിക്‌സും പറത്തിയ താരത്തെ ദീപക് ചഹാറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ മികച്ച ക്യാച്ചിലാണ് പുറത്താക്കിയത്.
അരങ്ങേറ്റക്കാരന്റെ പ്രകടനം സിഎസ്‌കെയെ പവര്‍പ്ലേയില്‍ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കാന്‍ സഹായിക്കുകയും ചെയ്തു. ഇപ്പോഴിതാ യുവതാരത്തെ വാഴ്ത്തുകയാണ് ആരാധകര്‍. സിഎസ്‌കെയ്ക്ക് ധൈര്യത്തോടെ വളര്‍ത്താന്‍ സാധിക്കുന്ന താരമാണെന്നും മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ കഴിയുന്ന താരമാണ് ആയുഷെന്നുമാണ് ആരാധകര്‍ പ്രശംസിക്കുന്നത്.
അശ്വിനി കുമാറിനെ പഞ്ഞിക്കിട്ടു
രചിന്‍ രവീന്ദ്രയെ പുറത്താക്കിയ അശ്വിനി കുമാര്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ആയുഷിനെതിരേ പന്തെറിയാനെത്തിയത്. എന്നാല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് അശ്വിനിയെ കരയിച്ചാണ് ആയുഷ് മടക്കി അയച്ചത്. അശ്വിനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തില്‍ ആയുഷ് ബൗണ്ടറി പായിച്ചു. അഞ്ചാം പന്തില്‍ സിക്‌സര്‍ പറത്തിയ ആയുഷിനെതിരേ ഷോര്‍ട്ട് ബോളാണ് പിന്നീട് അശ്വിന് എറിഞ്ഞത്. മനോഹരമായ പുള്‍ഷോട്ടിലൂടെ താരം സിക്‌സര്‍ പറത്തി. മൂന്ന് പന്തില്‍ നിന്ന് 16 റണ്‍സാണ് ആയുഷ് അടിച്ചെടുത്തത്.
ദീപക് ചഹാര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറി നേടിയ ആയുഷ് ചഹാര്‍ എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ പന്തും ബൗണ്ടറി പായിച്ചു. നാലാം പന്തും ബൗണ്ടറി കടത്തിയ താരം അഞ്ചാം പന്തില്‍ സിക്‌സറിന് ശ്രമിച്ചാണ് പുറത്തായത്. പവര്‍പ്ലേയില്‍ 48 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് സിഎസ്‌കെയെ എത്തിച്ചത് ആയുഷിന്റെ പ്രകടനമാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ആയുഷിന് കഴിവുണ്ടെന്ന് വ്യക്തമാക്കുന്ന കാമിയോയാണ് താരം കാഴ്ചവെച്ചത്.

പരിക്കേറ്റ് പുറത്തുള്ള സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദ് ആയുഷ് മാത്രെയുടെ പ്രകടനത്തിനെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിട്ടുണ്ട്. പ്രായം 17 മാത്രമാണെങ്കിലും ബൗളര്‍മാരെ അനായാസം നേരിടാന്‍ യുവതാരത്തിന് സാധിക്കുന്നുണ്ട്. യുവതാരങ്ങളെ സിഎസ്‌കെ കൂടുതല്‍ പിന്തുണക്കണമെന്നും ഇത്തരമൊരു മാറ്റം നേരത്തെ വരുത്തേണ്ടിയിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്.
ആയുഷിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ഗംഭീരം
ആയുഷ് മാത്രയുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ഗംഭീരമാണ്. മെഗാ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരമായിരുന്നു ആയുഷ്. അധികമാരും ശ്രദ്ധിക്കാത്ത താരത്തെ റുതുരാജിന് പരിക്കേറ്റതോടെയാണ് സിഎസ്‌കെ ശ്രദ്ധിച്ചത്. റുതുരാജിന് പകരം പൃഥ്വി ഷാ വരുമെന്ന് കരുതിയിരിക്കവെയാണ് ആയുഷിനെ സര്‍പ്രൈസായി സിഎസ്‌കെ കൊണ്ടുവന്നത്. ഈ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. മുംബൈക്കായി ഒമ്പത് ഫസ്റ്റ്ക്ലാസും ഏഴ് ലിസ്റ്റ് എ മത്സരങ്ങളും കളിച്ച താരം 962 റണ്‍സാണ് അടിച്ചെടുത്തത്.
ആയുഷിനെ പവര്‍പ്ലേയില്‍ പുറത്താക്കാന്‍ മുംബൈക്ക് അവസരം ലഭിച്ചെങ്കിലും ഈ അവസരം മുംബൈ പാഴാക്കി. മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ ആയുഷ് എല്‍ബിയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇത് മുംബൈ അപ്പീല്‍ ചെയ്തില്ല. ആദ്യം ബാറ്റില്‍ക്കൊണ്ട് പിന്നീട് പാഡില്‍ തട്ടിയെന്നാണ് മുംബൈ താരങ്ങള്‍ കരുതിയത്. എന്നാല്‍ റിപ്ലേയില്‍ ആദ്യം പാഡിലാണ് തട്ടിയതെന്ന് വ്യക്തമായി. റിവ്യൂ എടുത്തിരുന്നെങ്കില്‍ ഇത് വിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍ മുംബൈ റിവ്യൂ ചെയ്യാത്തത് ആയുഷിനും സിഎസ്‌കെയ്ക്കും ഗുണം ചെയ്തു.