അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫ് യോഗ്യത നേടാനായില്ലെങ്കിലും ആധികാരിക വിജയവുമായി സീസണ്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പ കിങ്‌സ്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ 83 റണ്‍സിനാണ് സ്വന്തം തട്ടകത്തില്‍ ചെന്നൈ തീര്‍ത്തത്. ഈ സീസണില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇതെന്നു നിസംശയം പറയാം.
അതിനിടെ ഈ കളിക്കിടെ ചെന്നൈ നായകന്‍ എംഎസ് ധോണി ചൂടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സാധാരണയായി കളിക്കളത്തില്‍ വളരെ കൂളായി കാണപ്പെടാറുള്ള അദ്ദേഹത്തിനു ഇത്തവണ നിയന്ത്രണം വിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വൈറലായി മാറിയിരിക്കുകയാണ്. എന്താണ് സംഭവമെന്നും ധോണിയെ ക്ഷുഭിതനാക്കിയത് എന്തായിരുന്നുവെന്നും നോക്കാം.

ധോണി ചൂടാവാന്‍ കാരണം
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്നിങ്‌സിനിടെ 11ാമത്തെ ഓവറിനു തൊട്ടുമുമ്പായിരുന്നു സംഭവം. ശിവം ദുബെയായിരുന്നു പത്താമത്തെ ഓവര്‍ ബൗള്‍ ചെയ്തത്. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 18 റണ്‍ലും അദ്ദേഹം വിട്ടുകൊടുത്തു. മൂന്നു വിക്കറ്റിനു 85 റണ്‍സെന്ന നിലയിലാണ് ജിടി ഓവര്‍ അവസാനിപ്പിച്ചത്. 41 റണ്‍സോടെ സായ് സുദര്‍ശനും 19 റണ്‍സെടുത്ത ഷാരൂഖ് ഖാനുമായിരുന്നു ക്രീസില്‍.
അടുത്ത ഓവറില്‍ രവീന്ദ്ര ജഡേജയെ മൂന്നാമത്തെ സ്‌പെല്ലിനായി ധോണി തിരിച്ചുവിളിക്കുകയായിരുന്നു. ഈ ഓവര്‍ ആരംഭിക്കുന്നതിനു മുമ്പാണ് ഫീല്‍ഡിങില്‍ ദുബെയ്ക്കും മതീശ പതിരാനയ്ക്കും അദ്ദേഹം ചില നിര്‍ദേശങ്ങള്‍ നല്‍കിയത്.
നേരത്തേ നിലയുറപ്പിച്ച ഫീല്‍ഡിങ് പൊസിഷനുകളില്‍ നിന്നും അല്‍പ്പം മാറാന്‍ ഇരുവരോടും ധോണി ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ രണ്ടു പേരും ഇതിനു തയ്യാറായില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതാണ് ധോണിയെ അരിശം പിടിപ്പിച്ചത്. പിന്നാലെ അദ്ദേഹം ദേഷ്യത്തോടെ എന്തെങ്കിലുമാവട്ടെ എന്ന തരത്തില്‍ കൈ കൊണ്ട് കാണിക്കുകയുമായിരുന്നു.
പക്ഷെ ഇതിനു പിന്നാലെ സംഭവിച്ച കാര്യമാണ് ഏറ്റവും കൗതുകകരം. ജഡേജയെറിഞ്ഞ ഓവറിലെ ആദ്യ ബോളില്‍ ന്നെ ഷാരൂഖ് ഖാന്‍ പുറത്താവുകയായിരുന്നു, ഓഫ്സ്റ്റംപിന് ഏറെ പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച ഷാരൂഖിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ തേര്‍ഡ്മാനില്‍ പതിരാനയുടെ കൈകളിലേക്കു വരികയായിരുന്നു. രണ്ടു തവണ കൈകളില്‍ നിന്നും ബോള്‍ വഴുതിപ്പോയെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ താരം അതു പിടികൂടുകയും ചെയ്തു.

ഇതു കൊണ്ടും തീര്‍ന്നില്ല. ഓവറിലെ നാലാമത്തെ ബോളില്‍ ടീമിന്റെ ടോപ്‌സ്‌കോറും ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ സായിയും പുറത്തായി. ഓഫ്‌സ്്റ്റംപിന് പുറത്തു ജഡ്ഡുവെറിഞ്ഞ ബോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു താരം കളിക്കുകയായിരുന്നു. എന്നാല്‍ ഇതു നേരെ ദുബെയുടെ കൈകളിലേക്കാണ് വന്നത്. ഇതോടെ ജിടി അഞ്ചു വിക്കറ്റിനു 86 റണ്‍സിലേക്കും കൂപ്പുകുത്തി.
അനായാസം ജയിച്ച് ധോണിപ്പട
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഡെവാള്‍ഡ് ബ്രെവിസ് (57), ഡെവന്‍ കോണ്‍വേ (52) എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ചെന്നൈയ്ക്കു കരുത്തായത്.
മറുപടിയില്‍ തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നതോടെ ജിടി ഒരു ഘട്ടത്തിലും റണ്‍ചേസില്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. ഒടുവില്‍ 18.3 ഓവറില്‍ വെറും 147 റണ്‍സിനു അവര്‍ കൂടാരം കയറുകയും ചെയ്തു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത അന്‍ഷുല്‍ കാംബോജും നൂര്‍ അഹമ്മദും ചേര്‍ന്നാണ് ജിടിയുടെ കഥ കഴിച്ചത്.