മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ കരുത്തരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കറും സനത് ജയസൂര്യയും കളിച്ച് തുടങ്ങിയ മുംബൈ ഇന്ന് രോഹിത് ശര്‍മയേയും കടന്ന് ഹാര്‍ദിക് പാണ്ഡ്യയിലേക്ക് എത്തിയിരിക്കുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഇടവേളക്ക് ശേഷം കപ്പ് പ്രതീക്ഷിക്കുന്നവരാണ്.
2020ലാണ് മുംബൈയുടെ അവസാന കിരീടം. ഇതിന് ശേഷം ടീമിന് കപ്പിലേക്കെത്താനായിട്ടില്ല. അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ. ഇത്തവണ ഈ ചീത്തപ്പേരെല്ലാം മാറ്റി തിരിച്ചുവരവ് നടത്താനുറച്ചാണ് മുംബൈയുടെ വരവ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ അതി ശക്തമായ ടീമിനെത്തന്നെ ഇത്തവണ സൃഷ്ടിച്ചെടുക്കാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ മുംബൈ കഴിഞ്ഞ കുറച്ചധികം വര്‍ഷമായി പിന്തുടരുന്ന ഒരു ശീലമുണ്ട്.
ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങുന്നവരെന്നതാണ് മുംബൈയുടെ ഈ ശീലം. 2013 മുതല്‍ കളിച്ച ആദ്യത്തെ എല്ലാ മത്സരവും മുംബൈ തോറ്റിട്ടുണ്ട്. ഇത്തവണ സിഎസ്‌കെയാണ് ആദ്യത്തെ എതിരാളികള്‍. മുംബൈ അവസാനമായി ആദ്യ മത്സരം ജയിച്ചത് 2012ല്‍ സിഎസ്‌കെയ്‌ക്കെതിരേയായിരുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.
ഇത്തവണ ജയിച്ച് തുടങ്ങുമോ?
മുംബൈയുടെ ഇത്തവണത്തെ ടീം കരുത്ത് അതി ശക്തമാണ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര മുംബൈക്കൊപ്പം കാണാനാവും. രോഹിത് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, എന്നിവര്‍ ബാറ്റിങ് നിരയുടെ നട്ടെല്ലാവുന്നു. പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറ എത്താന്‍ വൈകുമെന്നത് മാറ്റിനിര്‍ത്തിയാല്‍ മുംബൈ ഇത്തവണ എല്ലാംകൊണ്ട് സംതുലിതമാണ്. പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ടും ദീപക് ചഹാറും ജസ്പ്രീത് ബുംറയും കൂടി ഇറങ്ങുമ്പോള്‍ എതിരാളികള്‍ വിറക്കുമെന്നുറപ്പ്.
ഇത്തവണ എല്ലാ മത്സരവും ജയിക്കാന്‍ കെല്‍പ്പുള്ളവരാണ് മുംബൈ. എന്നാല്‍ ആദ്യ മത്സരം തോറ്റ് തുടങ്ങുന്ന ശീലം ഇത്തവണയും മുംബൈ പിന്തുടരുമെന്ന് തന്നെ കരുതാം. സിഎസ്‌കെയുടെ തട്ടകത്തിലാണ് ഇത്തവണ മുംബൈയുടെ ആദ്യ മത്സരം. സ്പിന്‍ പിച്ചില്‍ മുംബൈ ജയിച്ച് തുടങ്ങുമോയെന്നത് കണ്ടറിയാം. തോറ്റ് തുടങ്ങുന്നത് ശീലമാക്കിയവരാണ് മുംബൈ. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിലെ തോല്‍വി മുംബൈ ഇഷ്ടപ്പെടുന്നുവെന്ന് പറയാം.

സിഎസ്‌കെയെക്കാള്‍ കരുത്ത് മുംബൈക്ക്
ഇത്തവണത്തെ ടീം കരുത്ത് പരിശോധിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനെക്കാള്‍ കരുത്ത് സിഎസ്‌കെയ്ക്കുണ്ടെന്ന് പറയാനാവില്ല. എംഎസ് ധോണിയെന്ന സിംഹത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന സിഎസ്‌കെ ഇത്തവണയും സീനിയേഴ്‌സ് നിരയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് വരുന്നത്. റുതുരാജ് ഗെയ്ക് വാദും സംഘവും ഇത്തവണയും ബുദ്ധിപൂര്‍വ്വമായ പ്രകടനം കൊണ്ട് എതിരാളികളെ വീഴ്ത്താനാവും ശ്രമിക്കുക. തട്ടകത്തിലെ ആദ്യ മത്സരം എന്ത് വിലകൊടുത്തും ജയിക്കാനാവും സിഎസ്‌കെയുടെ പദ്ധതി.
മുംബൈ ഇന്ത്യന്‍സ് അവസാന സീസണിലെ ഭിന്നിപ്പുകള്‍ മറന്ന് ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി മാറിയിട്ടുണ്ട്. ഇത് ടീമെന്ന നിലയില്‍ മുംബൈക്ക് ഗുണം ചെയ്‌തേക്കും. ഇത്തവണ കിരീടം നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് മുംബൈയെന്ന് പറയാം. അത്രത്തോളം ശക്തമായ ടീം കരുത്ത് മുംബൈക്കുണ്ട്. അലമാരയിലേക്ക് ആറാം കിരീടമെത്തിക്കാന്‍ മുംബൈക്കാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.