ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിച്ച പോരാട്ടങ്ങള്‍ 17ന് ശനിയാഴ്ച മുതല്‍ തുടക്കമാവുകയാണ്. മേയ് 27നായിരുന്നു നേരത്തേ കലാശപ്പോരാട്ടം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മല്‍സരങ്ങള്‍ പുനക്രമീകരിച്ചതോടെ ഫൈനല്‍ ജൂണ്‍ മൂന്നിലേക്കും മാറ്റിയിരിക്കുകയാണ്.
ടൂര്‍ണമെന്റിന്റെ ഷെഡ്യൂളില്‍ വന്നിട്ടുള്ള ഈ അപ്രതീക്ഷിത മാറ്റം കാരണം പല ഫ്രാഞ്ചൈസികള്‍ക്കും വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. കാരണം ദേശീയ ടീമുകള്‍ക്കൊപ്പമുള്ള മല്‍സരങ്ങള്‍ കാരണം പല വിദേശ താരങ്ങള്‍ക്കും ഫൈനലിനു മുമ്പ് നാട്ടിലേക്കു തിരികെ പോവേണ്ടതായി വരും.
അതുകൊണ്ടു തന്നെ ഇവരുടെ അഭാവം നികത്തുകയെന്നത് ഫൈനലിലെത്തുന്ന ടീമുകള്‍ക്ക് ഏറെ ദുഷ്‌കരം തന്നെയയായിരിക്കും. ടൂര്‍ണമെന്റിലെ പത്തു ടീമുകളിലെയും വിദേശ താരങ്ങളുടെയും ലഭ്യതയെക്കുറിച്ച് വിശദമായി തന്നെ അറിയാം.

മുംബൈ ഇന്ത്യന്‍സ്
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ എട്ടു വിദേശ കളിക്കാരാണുള്ളത്. ഇതില്‍ അവസാനം വരെ ടീമിനൊപ്പമുണ്ടാവുക ഇംഗ്ലണ്ട് താരങ്ങളായ ബെവന്‍ ജേക്കബ്‌സ്, റീസ്സ് ടോപ്പ്‌ലേ, ന്യൂസിലാന്‍ഡ് താരങ്ങളായ മിച്ചെല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ്.
കൂടാതെ അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാനും ടീമില്‍ തുടരും. എന്നാല്‍ സൗത്താഫ്രിക്കയുടെ റയാന്‍ റിക്കെല്‍റ്റണ്‍, കോര്‍ബിന്‍ ബോഷ്, ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് എന്നിവര്‍ ഈ മാസം 25വരെ മാത്രമേ ടീമിനൊപ്പമുണ്ടാവുകയുള്ളൂ.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു
ആദ്യ ഐപിഎല്‍ ട്രോഫിയിലേക്കു മുന്നേറുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനാവും ഏറ്റവുമധികം തിരിച്ചടിയുണ്ടാവുക. ഓസ്‌ട്രേലിയയുടെ ടിം ഡേവിഡ്, ഇംഗ്ലീഷ് താരങ്ങളായ ഫില്‍ സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ശ്രീലങ്കയുടെ നുവാന്‍ തുഷാര എന്നിവര്‍ മാത്രമേ അവസാനം വരെ കാണുകയുള്ളൂ.
ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതെലും സൗത്താഫ്രിക്കയുടെ ലുംഗി എന്‍ഗിഡിയും 25 വരെ ടീമിനൊപ്പം കാണും. റൊമാരിയോ ഷെപ്പേര്‍ഡിന്റെ കാര്യം സംശയമാണ്. ജോഷ് ഹേസല്‍വുഡ് പരിക്കു കാരണം ഇനി കളിക്കുകയും ചെയ്യില്ല.
പഞ്ചാബ് കിങ്‌സ്
പഞ്ചാബ് കിങ്‌സിലെ ഭൂരിഭാഗം കളിക്കാരും സീസണിന്റെ അവസാനം വരെ ടീമിനൊപ്പമുണ്ടാവും. ഓസ്‌ട്രേലിയന്‍ താരങ്ങളായ ജോഷ് ഇംഗ്ലീസ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, സാവിയര്‍ ബാര്‍ലെറ്റ്, ആരോണ്‍ ഹാര്‍ഡി, അഫ്ഗാന്റെ അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് ലഭ്യമായ കളിക്കാര്‍.
സൗത്താഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ ഈ മാസം 25നും ഓസ്ട്രലേിയയുടെ മൈക്കല്‍ ഓവന്‍ 20നും വിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം തുടരുന്ന കളിക്കാര്‍ സൗത്താഫ്രിക്കയുടെ ഫാഫ് ഡുപ്ലെസി, ഡൊണോവന്‍ ഫെരേര, അഫ്ഗാനിസ്താന്റെ സെദിഖുള്ള അതെല്‍, ശ്രീലങ്കയുടെ ദുഷ്മന്ത ചമീര എന്നിവരാണ്.
ട്രിസ്റ്റണ്‍ സ്റ്റബ്‌സും മിച്ചെല്‍ സ്റ്റാര്‍ക്കും സീസണില്‍ തുടര്‍ന്നു കളിക്കുമോയെന്നതു സംശയമാണ്. ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്കും ഇനി ടീമിലുണ്ടാവില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനായി അവസാനം വരെയുണ്ടാവുക സൗത്താഫ്രിക്കയുടെ ഹെന്‍ട്രിച്ച് ക്ലാസെന്‍, ശ്രീലങ്കന്‍ താരങ്ങളായ കമിന്ദു മെന്‍ഡിസ്, എഷാന്‍ മലിങ്ക എന്നിവരാണ്.
എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, സൗത്താഫ്രിക്കയുടെ വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ 25 വരെ മാത്രമേ ടീമില്‍ കാണുകയുള്ളൂ
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഒരാളൊഴികെ ബാക്കയുള്ളവരെയെല്ലാം സീസണ്‍ മുഴുവന്‍ ലഭിക്കും. വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മന്‍ പവെലിന്റെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്.
ക്വിന്റണ്‍ ഡികോക്ക്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, മോയിന്‍ അലി, സ്‌പെന്‍സര്‍ ജോണ്‍സന്‍, ആന്‍ട്രിച്ച് നോര്‍ക്കിയ തുടങ്ങിവരെല്ലാം സീസണ്‍ മുഴുവന്‍ ടീമില്‍ കാണും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
മൂന്നു വിദേശ കളിക്കാരെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു സീസണിന്റെ അവസാനം വരെ ലഭിക്കുക. സൗത്താഫ്രിക്കയുടെ മാത്യു ബ്രീസെ, ഡേവിഡ് മില്ലര്‍, വെസ്റ്റ് ഉഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍ എന്നിവരാണ് ഈ കളിക്കാര്‍.
സൗത്താഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രവും ഓസ്‌ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷും 25 വരെ മാത്രമേ ടീമില്‍ കാണുകയുള്ളൂ. ഷമാര്‍ ജോസഫ് ഇനി കളിക്കുമോയെന്നതു സംശയവുമാണ്.
രാജസ്ഥാന്‍ റോയല്‍സ്
ഒരാളൊഴികെ ബാക്കിയുള്ള ഏഴു വിദേശ താരങ്ങളുടെയും സേവനം രാജസ്ഥാന്‍ റോയല്‍സിനു സീസണിന്റെ അവസാനം വരെ ലഭിക്കും. ജോഫ്ര ആര്‍ച്ചര്‍ ഈ മാസം 25ന് ടീം വിടും.
എന്നാല്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, വനിന്ദു ഹസരംഗ, നാന്ദ്രെ ബര്‍ഗര്‍, ഫസല്‍ഹഖ് ഫറൂഖി, ക്വെന മഫാക്ക, മഹീഷ് തീക്ഷണ എന്നിവരാണ് റോയല്‍സില്‍ ലഭ്യമായ കളിക്കാര്‍.

ഗുജറാത്ത് ടൈറ്റന്‍സ്
നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനു സൂപ്പര്‍ താരം ജോസ് ബട്‌ലറിനൊപ്പം കാഗിസോ റബാഡ, ഷെര്‍ഫെയ് റൂതര്‍ ഫോര്‍ഡ് എന്നിവരെല്ലാം 25 വരെ മാത്രമേ ടീമില്‍ കാണൂ. എന്നാല്‍ ജെറാള്‍ഡ് കോട്‌സി, റാഷിദ് ഖാന്‍, കരീം ജന്നത്ത്, ദസുന്‍ ഷനക തുടങ്ങിയവര്‍ ജിടിക്കൊപ്പം തന്നെയുണ്ടാവും.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനു ഡെവാള്‍ഡ് ബ്രെവിസ്, സാം കറെന്‍, നതാന്‍ എല്ലിസ്, നൂര്‍ അഹമ്മദ്, മതീശ പതിരാന എന്നിവരുടെ സേവനം സീസണിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ കൂടി ലഭിക്കും. എന്നാല്‍ ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ജാമി ഒവേര്‍ട്ടന്‍ എന്നിവര്‍ ഇനി സിഎസ്‌കെ ടീമില്‍ കാണില്ല.